ഊബർ ഓട്ടോ വിളിച്ച യുവതിയെ ഭീഷണിപ്പെടുത്തിയതായി പരാതി
1493463
Wednesday, January 8, 2025 5:51 AM IST
കഴക്കൂട്ടം : ടെക്നോപാർക്കിലെ ജീവനക്കാരിയായ യുവതിയെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് മുന്നിലാണ് സംഭവം.
കാലിൽ പരിക്കേറ്റതിനെ തുടർന്ന് കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്ക് വന്നതിനുശേഷം മടങ്ങി പോകുന്ന സമയത്തായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിച്ചശേഷം ഭർത്താവ് ജോലിക്കായി മടങ്ങിപ്പോയിരുന്നു. ചികിത്സ കഴിഞ്ഞ് തിരികെ ഊബർ ഓട്ടോറിക്ഷ വിളിച്ച് മടങ്ങി പോകാൻ ഓട്ടോയിൽ കയറിയപ്പോഴായിരുന്നു മൂന്നംഗ സംഘം എത്തി യുവതി കയറിയ ഊബർ ഓട്ടോ തടഞ്ഞത്.
കാലിന് സുഖമില്ലെന്നും നടക്കാൻ കഴിയില്ല എന്നും യുവതി പറഞ്ഞപ്പോൾ നടന്നു കാണിക്കണമെന്ന് സംഘം പറഞ്ഞതായി യുവതി പരാതിയിൽ പറയുന്നു. ഊബർ ഓട്ടോയിൽ പോകാൻ കഴിയില്ല എന്ന മൂന്നംഗ സംഘത്തിന്റെ ഭീഷണിക്ക് മുന്നിൽ യുവതി വഴങ്ങി. ഗത്യന്തരമില്ലാതെ യുവതി ഊബർ ഓട്ടോ മടക്കി അയച്ച് ജോലിക്ക് പോയ തന്റെ ഭർത്താവിനെ തിരികെ വിളിച്ചു.
ഇതിനിടയിൽ ഓട്ടോറിക്ഷ സംഘത്തിന്റെ ഗുണ്ടായിസം യുവതി മൊബൈലിൽ പകർത്തി. മൊബൈൽ ദൃശ്യങ്ങൾ ഉൾപ്പെടെ കഴക്കൂട്ടം പോലീസിൽ പരാതി നൽകി. മൊബൈൽ ദൃശ്യങ്ങളിനിന്ന് മൂന്നംഗ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായും. വൈകിട്ടോടെ മൂന്നു പേരെയും കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴചുമത്തുകയായിരുന്നു.