ബില്ലുകളുടെ മുൻഗണനാതത്വം ലംഘിക്കുന്നത് അഴിമതിക്കു വഴിതെളിക്കും: വി.എസ്.ശിവകുമാർ
1493189
Tuesday, January 7, 2025 6:01 AM IST
തിരുവനന്തപുരം: നിർമാണ കരാർ മേഖലയിൽ കരാറുകാരുടെ ബില്ലുകൾ മുൻഗണനാ തത്വം ലംഘിച്ച് വിതരണം ചെയ്യാൻ അനുവദിച്ചാൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ, കരാർ കന്പനി കൂട്ടുകെട്ട് പുനഃസ്ഥാപിക്കപ്പെടുമെന്നും സാധാരണ കരാറുകാർ പിന്തള്ളപ്പെട്ടു പോകുമെന്നും മുൻമന്ത്രിയും കേരള ഇലക്ട്രിക്കൽ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. വി.എസ്.ശിവ കുമാർ ആരോപിച്ചു.
ജല അഥോറിറ്റി ജൽജീവൻ പദ്ധതിയിലെ 288 കോടി രൂപ ബില്ലുകൾ മുൻഗണന തെറ്റിച്ചു നൽകിയതിനു പിന്നിൽ അഴിമതിയുണ്ട്.
മുൻഗണനാ തെറ്റിച്ച് പണം ആവശ്യമുണ്ടോയെന്ന് അന്വേഷിച്ച് കരാറുകാരെ ചില ദല്ലാളർ സമീപിക്കുന്നതായും കമ്മീഷൻ ആവശ്യപ്പെടുന്നതായും അറിയുന്നു ഇതിനെക്കുറിച്ച് മുഖ്യമന്ത്രി നേരിട്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സർക്കാർ കരാറുകാരുടെ ഏകോപന സമിതി ജലഭവനിൽ നിന്നും സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റ് നടയിലെ ധർണയിൽ ഏകോപനസമിതി ചെയർമാൻ നജീബ് മണ്ണേൽ അധ്യക്ഷനായിരുന്നു. കെജിസിഎ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പളളി, ഡിജോ ഡൊമനിക്, സുനിൽ പോൾ, ഷാജി ഇലവത്തിൽ, റെജി ടി. ചാക്കോ, കെ.കെ. രവി, ലാൽശങ്കർ, എം.ആർ. സത്യൻ എന്നിവർ പ്രസംഗിച്ചു.