വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ആ​ദ്യ​മാ​യി മൂ​ന്ന് ച​ര​ക്ക് ക​പ്പ​ലു​ക​ൾ ഒ​രു​മി​ച്ച് ന​ങ്കൂ​ര​മി​ട്ടു. എം​എ​സ്‌​സി സു​ജി​ൻ, എം​എ​സ്‌​സി സോ​മി​ൻ, എം​എ​സ്‌​സി ടൈ​ഗ​ർ എ​ഫ് എ​ന്നീ ഇ​ട​ത്ത​രം ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളാ​ണ് ഇ​ന്ന​ലെ ഒ​രേ സ​മ​യം ബെ​ർ​ത്തി​ൽ അ​ടു​പ്പി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് മൂ​ന്നു ക​പ്പ​ലു​ക​ൾ ഒ​രു​മി​ച്ച് ബ​ർ​ത്തി​ൽ അ​ടു​പ്പി​ക്കു​ന്ന​ത്.

ഇ​തി​നാ​യി 700 മീ​റ്റ​ർ ദൂ​ര​മാ​ണ് ബെ​ർ​ത്തി​ൽ ആ​വ​ശ്യ​മാ​യി വ​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ര​ണ്ട് ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ൾ ഒ​രേ സ​മ​യം വി​ഴി​ഞ്ഞ​ത്ത് അ​ടു​പ്പി​ച്ചി​രു​ന്നു. മെ​ഡി​റ്റ​റേ​നി​യ​ന്‍ ഷി​പ്പിം​ഗ് ക​മ്പ​നി​യു​ടെ ത​വി​ഷി ബെ​ര്‍​ത്തി​ല്‍ തു​ട​രു​ന്ന​തി​നി​ടെ ഐ​റ എ​ന്ന എം​എ​സ്‌​സി​യു​ടെ ക​പ്പ​ലാ​ണ് വി​ഴി​ഞ്ഞ​ത്ത് അ​ന്ന് ന​ങ്കൂ​ര​മി​ട്ട​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നാ​യ മെ​ഡി​റ്റ​റേ​നി​യ​ന്‍ ഷി​പ്പിം​ഗ് ക​മ്പ​നി വി​ഴി​ഞ്ഞ​ത്തേ​ക്ക് അ​യ​ക്കാ​ന്‍ കൂ​ടു​ത​ല്‍ ക​പ്പ​ലു​ക​ള്‍ സ​ജ്ജ​മാ​ക്കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ നേ​ര​ത്തെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ക​മ്മീ​ഷ​നിം​ഗി​ന് മു​മ്പു​ള്ള ട്ര​യ​ല്‍ റ​ണ്ണി​ല്‍ ത​ന്നെ വ​മ്പ​ന്‍ കു​തി​പ്പ് ന​ട​ത്തു​ക​യാ​ണ് വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖം.