റെയിൽവേയ്ക്കെതിരെ മേയർ : സ്വകാര്യ ഭൂമിയിലടക്കം മാലിന്യം തള്ളുന്നു, നിയമനടപടിയുമായി മുന്നോട്ടു പോകും: മേയർ
1491915
Thursday, January 2, 2025 7:02 AM IST
തിരുവനന്തപുരം: മാലിന്യപ്രശ്നത്തിൽ റെയിൽവേക്കെതിരെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. മാലിന്യ സംസ്കരണത്തിൽ റെയിൽവേ കൃത്യമായ സമീപനം സ്വീകരിക്കുന്നില്ല. റെയിൽവേ കരാറുകാർ സ്വകാര്യ ഭൂമിയിലടക്കം മാലിന്യം അനധികൃതമായി കൊണ്ടു വന്ന് തള്ളുകയാണ്. ഇതിനെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മേയർ. ആമയിഴഞ്ചൻ തോട്ടിലെ മാലിന്യം നീക്കുന്നതിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് ആദ്യഘട്ടം മുതൽ നല്ല ഇടപെടലല്ല ഉണ്ടായത്. ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണശേഷവും ഇക്കാര്യത്തിൽ മാറ്റമുണ്ടായിട്ടില്ല. മാലിന്യ നീക്കവുമായി ബന്ധപ്പെട്ടു മോശം സമീപനമാണു റെയിൽവേ സ്വീകരിക്കുന്നതെന്നും മേയർ പറഞ്ഞു.
റെയിൽ നീർ കുപ്പി ഉൾപ്പെടെ മാലിന്യത്തിൽനിന്നു ലഭിക്കുന്നു. നോട്ടീസ് നൽകിയപ്പോൾ ആദ്യം നിഷേധിച്ചു. പിന്നീട് തെളിവു നൽകിയപ്പോൾ മാലിന്യം മാറ്റി. എന്നാൽ റെയിൽവേ വീണ്ടും മാലിന്യനിക്ഷേപം നടത്തി. 10 ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണു നിക്ഷേപിച്ചിരിക്കുന്നത്.
കോർപറേഷൻ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തു മാലിന്യം തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ലോറികൾ പിടിച്ചെടുത്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിശദീകരണം തേടി നോട്ടീസ് നൽകിയെങ്കിലും റെയിൽവേ ഇതുവരെ വിശദീകരണം തന്നിട്ടില്ലെന്നും മേയർ പറഞ്ഞു.
കേന്ദ്രസർക്കാർ ഭാഗമായ സ്ഥാപനത്തിൽനിന്നു തുടർച്ചയായുണ്ടാകുന്ന ഈ സമീപനം ഗുരുതര വിഷയമാണ്. ഇക്കാര്യത്തിൽ നഗരസഭ നിയമനടപടികളുമായി മുന്നോട്ടു പോകും. റെയിൽവേയുടെ തെറ്റായ നടപടികൾ കോടതിയുടെ മുന്നിൽ കൊണ്ടുവരും. നിയമ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്ന ഈ പ്രവണത ശരിയല്ല. തെറ്റ് തിരുത്താനുള്ള ശ്രമം ഉണ്ടാവണമെന്നും മേയർ കൂട്ടിച്ചേർത്തു.