പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം
1491914
Thursday, January 2, 2025 7:02 AM IST
നേമം: പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഡ്രൈക്ലീനിംഗ് ഫാക്ടറിക്ക് തീപ്പിടിച്ച് ഒരു കോടി രൂപയുടെ നഷ്ടം. അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഷ് വെൽ എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ തീപിടിച്ചത്.
തുണികൾ അലക്കാൻ ഉപയോഗിക്കുന്ന മെഷീനുകളും സ്ഥാപനത്തിലെ വൈദ്യുത ഉപകരണങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചു. ഡ്രൈക്ലീനിംഗിനു കൊണ്ടുവന്ന നാൽപ്പത് ലക്ഷം രൂപയുടെ വസ്ത്രങ്ങൾ കത്തി കത്തി പോയി. ഷോട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു. പുലർച്ചെ രണ്ടുമണി വരെ സ്ഥാപനത്തിൽ ജോലിക്ക് ജീവനക്കാരുണ്ടായിരുന്നു.
എല്ലാവരും പോയതിനു ശേഷമാണ് തീ പടർന്നത്. അടുത്ത കമ്പനിയിലുള്ളവരാണ് തീപിടിക്കുന്നതു കണ്ട് ഉടമയെ വിവരമറിയിച്ചത്. ചെങ്കൽ ചൂളയിൽ നിന്നും സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന യൂണിറ്റുകളാണ് തീ കെടുത്തിയത്. കെഎസ്ഇബി, വില്ലേജ് ഓഫീസർ, മന്ത്രി വി. ശിവൻ കുട്ടി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.