സ്കൂൾ കലോത്സവം ബഹുജനസംഗമ വേദിയാകും: മന്ത്രി വി. ശിവൻകുട്ടി
1491913
Thursday, January 2, 2025 7:02 AM IST
തിരുവനന്തപുരം: ജനുവരി നാലു മുതൽ എട്ടുവരെ നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ബഹുജന സംഗമ മേളയാകുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ കമ്മിറ്റി കൺവീനർമാരുമായും വിവിധ സംഘടനകളുമായും ശിക്ഷക് സദനിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി.കെ. മുരളി എം എൽഎ അധ്യക്ഷത വഹിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ട ചെലവുകളും സ്പോൺസർഷിപ്പ് ഉൾപ്പടെയുള്ളവയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ ചെക്കായി മാത്രം സ്വീകരിക്കണം. കമ്മിറ്റികൾ തമ്മിലുള്ള ഏകോപനം കൃത്യമാകണം. കമ്മിറ്റി കൺവീനർമാർക്ക് അവരുടെ മേഖലയിൽ പരിപൂർണമായ ഉത്തരവാദിത്തമുണ്ടെന്നും എല്ലാ വിഷയങ്ങളിലും കൺവീനർമാർ നേരിട്ട് ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന, സമാപന ചടങ്ങുകളിൽ മികച്ച പ്രാതിനിധ്യം ഉറപ്പുവരുത്തണം. കലോത്സവം തുടങ്ങിക്കഴിഞ്ഞാൽ എല്ലാദിവസവും വൈകുന്നേരം ഏഴുമണിക്ക് എല്ലാ കമ്മിറ്റികളും യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തണം. എല്ലാ കമ്മിറ്റികളും സംഘടനകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മേളയുടെ സമാപന ദിവസം വരെ ഇതു തുടരണമെന്നും മന്ത്രി പറഞ്ഞു. യുവജന വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ സ്വർണക്കപ്പിനു സ്വീകരണം നൽകണം.
കലോത്സവ മത്സരാർഥികളുടെ യാത്രയ്ക്കായി മിതമായ നിരക്കിൽ ഓട്ടോറിക്ഷ സേവനം ബന്ധപ്പെട്ട സംഘടനകൾ ഉറപ്പാക്കണം. കലോത്സവത്തിന് ഉചിതമായ പ്രചാരണം കൊടുക്കാനും മത്സരവേദികളിൽ കാണികളുടെ സാന്നിധ്യം ഉറപ്പാക്കാനും സംഘടനകൾ ശ്രദ്ധിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.
രചനാ മത്സരങ്ങൾ "സ്കൂൾ വിക്കി'യിൽ ലഭിക്കും
കലോത്സവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിംഗ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ (www.schoolwiki.in) അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2016 കലോത്സവം മുതലുള്ള കലോത്സവ രചനകളും സ്കൂൾ വിക്കിയിൽ ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്കൂൾ വിക്കിയിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ലഭ്യമാക്കും.
"ഉത്സവം' മൊബൈൽ ആപ്
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് "KITE Ulsavam' എന്ന് നൽകി ആപ് ഡൗൺലോഡ് ചെയ്യാം. മത്സരഫലങ്ങൾക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങൾ അവ തീരുന്ന സമയം ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും "ഉത്സവം' ആപ്പിലുണ്ട്. ഉത്സവം മൊബൈൽ ആപ്പ് ഇന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യും.
കലോത്സവ വേദികളിലെത്താൻ ക്യൂ ആർ കോഡ് സംവിധാനം
തിരുവനന്തപുരം: വിവിധ വേദികൾ, രജിസ്ട്രേഷൻ കേന്ദ്രം, വാഹനപാർക്കിംഗ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗൂഗിൾ സഹായത്തോടെ എത്തുന്നതിനായി ട്രാൻസ്പോർട്ട് കമ്മിറ്റി തയാറാക്കിയ ക്യൂ ആർ കോഡുകൾ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി.
ഓരോ വേദികൾക്കും പ്രത്യേകം ക്യൂ ആർ കോഡുകളുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആർ കോഡുകൾ പ്രദർശിപ്പിക്കും.
മൊബൈൽ ഫോണിലൂടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ സാധിക്കും. സ്കാൻ ചെയ്യുമ്പോൾ തന്നെ ഗൂഗിൾ മാപ്പിൽ ലൊക്കേഷനും മറ്റു വിവരങ്ങളും ലഭിക്കും. കലോത്സവത്തിനായി മറ്റു ജില്ലകളിൽനിന്നും വരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്യൂ ആർ കോഡുകൾ ക്രമീകരിച്ചിരിക്കുന്നത്.
കലോത്സവം പോർട്ടൽ
തിരുവനന്തപുരം: www.ulsa vam.kite.kerala.gov.in പോർട്ടൽ വഴി രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പൻഖ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ,
ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ ലോവർ - ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ. കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്.