കോളജ് കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം: ഉടമയുടേതെന്ന നിഗമനത്തിൽ പോലീസ്
1491927
Thursday, January 2, 2025 7:11 AM IST
ഡിഎൻഎ പരിശോധനഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കും
നെടുമങ്ങാട്: കരകുളം പി.എ. അസീസ് എൻജിനിയറിംഗ് കോള ജിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയും ചെയർമാനുമായ ഇ.മുഹമ്മദ് താഹയുടേതാണെന്ന നിഗമനത്തിലാണ് പോലീസ്.
ഡിഎൻഎ പരിശോധന ഫലം വന്നാൽ മാത്രമേ സ്ഥിരീകരണമുണ്ടാകൂ. ഡിഎൻഎ ഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.ഇതിനിടെ താഹയുടെ ഫോൺ പരിശോധിച്ചപ്പോൾ ഫോണിന്റെ ഗാലറിയിൽനിന്നും ""തനിക്കു ആത്മഹത്യ അല്ലാതെ മറ്റൊരു വഴി ഇല്ല'' എന്നു താഹ മുൻപ് എഴുതിയ കുറിപ്പ് കണ്ടെത്തി.
ഇതുകൊണ്ടു തന്നെ താഹ ആണെന്ന നിഗമനത്തിൽ എത്താൻ പോലീസിന് കാരണമായി. കോളജിലെ പണിതീരാത്ത ഹാളിനുള്ളിലാണു പൂർണമായും കത്തിയമർന്ന നിലയിൽ കഴിഞ്ഞിദവസം രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം താഹയുടെ ഫോണും ഷൂവും ഹാളിന് മുൻപിൽ നിന്ന് കാറും പോലീസ് കണ്ടെത്തിയിരിന്നു . നെടുമങ്ങാട് പോലിസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
കോളജുമായി ബന്ധപ്പെട്ടു സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി പറയുന്നു. വർഷങ്ങൾക്കുമുമ്പ് കോളജിന്റെ അഫിലിയേഷൻ റദാക്കിയിരുന്നു. അടച്ചിട്ടിരുന്ന കോളജ് അടുത്തിടെയാണു വീ ണ്ടും പ്രവർത്തനം ആരംഭിച്ചത്. വസ്തുവകകൾ ക്രയ വിക്രയം നടത്താൻ സാധിക്കാത്ത തരത്തിൽ ആദായനികുതി വകുപ്പു അധികൃതർ അറ്റാച്ച് ചെയ്തിരുന്നതായും പറയുന്നു.
വസ്തുവകകൾ വിറ്റു കടം തീർക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് താനെന്നു താഹ പറഞ്ഞതായി അദ്ദേഹവുമായി ബന്ധമുള്ളവർ പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്തായിരുന്നു നിലവിൽ താമസം.