പുതുവർഷാഘോഷം അതിരുവിട്ടു : അടിമലത്തുറയിൽ ഏറ്റുമുട്ടൽ; നിരവധി പേർക്കു മർദനമേറ്റു
1491926
Thursday, January 2, 2025 7:11 AM IST
വിഴിഞ്ഞം: പുതുവർഷാഘോഷം അതിര് വിട്ടു, അടിമലത്തുറയിൽ രണ്ട് ഏരിയക്കാർ തമ്മിൽ ഏറ്റുമുട്ടി. നിരവധി പേർക്കു മർദനമേറ്റു. ഒരു ബൈക്കിനും കാറിനും തീയിട്ടു. പരാതിയുമായി ആരും എത്താതെ വന്നതോടെ സ്വമേ ധയാ കേസെടുക്കുമെന്നു വിഴിഞ്ഞം പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെ അടിമലത്തുറ പാലത്തിനു സമീപമുള്ളവരും ഫാത്തിമ മാതാ പള്ളിക്കു സമീപമുള്ളവരും തമ്മിലാണ് ചേരിതിരിഞ്ഞു സംഘർഷമുണ്ടായത്.
31ന് വൈകുന്നേരം മുതൽ ഫാത്തിമമാതാപള്ളിക്കു സമീപം നാട്ടുകാർ പുതുവർഷാഘോഷം സംഘടിപ്പിച്ചിരുന്നു. ആഘോഷം അതിരു കടക്കുന്നതു തടയാൻ പന്ത്രണ്ടുമണി വരെ പോലീസും കാവലുണ്ടായിരുന്നു. ആട്ടവും പാട്ടും അവസാനിപ്പിച്ചു കഴിഞ്ഞു പോലീസ് മടങ്ങിയതിനു ശേഷവും ഒരു സംഘം ആഘോഷം തുടർന്നതാണ് പ്രശ്നത്തിനു വഴിതെളിച്ചതെന്നു പോലീസ് പറയുന്നു. സംഘം തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് മർദനമേറ്റു.
ഇതിനിടയിൽപാലത്തിനു സമീപത്തു നിന്നെത്തിയവരുടെ ഒരു ബൈക്കിനും ഒരു കാറിനും ആരോ തീയിട്ടു. നിമിഷങ്ങൾക്കുള്ളിൽ ഇരു വാഹനങ്ങളും പൂർണമായും കത്തിയമർന്നു. സംഘർഷമൊഴിവാക്കാൻ സ്ഥലത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.