ഷാരോണ്‍രാജ് വധക്കേസ്: അന്തിമവാദം തുടങ്ങി
1491916
Thursday, January 2, 2025 7:02 AM IST
പാറശാല: ഷാരോണ്‍രാജ് വധക്കേസില്‍ അന്തിമവാദം തിങ്കളാഴ്ച നടന്നു. സുഹൃത്തായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി പാറശാല സ്വദേശിയായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീര്‍ മുമ്പാകെയാണ് വാദം നടന്നത്. കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവന് നിര്‍മലകുമാരന്‍ മൂന്നാം പ്രതിയുമാണ്. വിചാരണയ്ക്ക് 95 സാക്ഷികളെയും 323 രേഖയും 51 തൊണ്ടിമുതലും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. 2022 ഒക്ടോബര്‍ 14ന് ഷാരോണ്‍രാജിനെ വീട്ടിലെത്തിച്ചശേഷം കഷായത്തില്‍ വിഷം കലര്‍ത്തി നല്കി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഐസിയുവില്‍ ചികിത്സയില്‍ കഴിയവേ ഷാരോണ്‍രാജ് മരിച്ചു. മജിസ്ട്രേട്ടിനു മുമ്പാകെ നല്കിയ മരണമൊഴി, ഡിജിറ്റല്‍ തെളിവുകള്‍, ആശുപത്രിയിലെ ചികിത്സാ രേഖകള്‍, ഫോറന്‍സിക് വിദഗ്ധ ഡോ. ധന്യാ രവീന്ദ്രന്, ടോക്സിക്കോളജി വിദഗ്ധന്‍ ഡോ. വി.വി. പിള്ള എന്നിവരുടെ റിപ്പോര്‍ട്ട് എന്നിവയെല്ലാം പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
ഷാരോണ്‍, സുഹൃത്തിനോട് പറഞ്ഞതും മരണസമയത്ത് അച്ഛനോടു പറഞ്ഞ മൊഴിയും കേസില്‍ നിര്‍ണായക തെളിവാണ്. തിരുവനന്തപുരം റൂറല്‍ എസ്പിയായിരുന്ന ഡി. ശില്‍പ്പയുടെ നേതൃത്വത്തില്‍ എസ്പി എം.കെ. സുല്‍ഫിക്കര്‍, ഡിവൈഎസ് പിമാരായ കെ.ജെ. ജോണ്സണ്, വി.ടി. റാസിത്ത്, പാറശാല ഇന്‍സ്പെക്ടര്‍ സജി എന്നിവരടങ്ങിയ പ്രത്യേക അന്വേഷക സംഘമാണ് കേസ് അന്വേഷിച്ചത്.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാര്‍, അഡ്വ. അല്‍ഫാസ് മഠത്തില്‍, അഡ്വ. വി.എസ്. നവനീത് കുമാര്‍ എന്നിവരാണ് പ്രോ സിക്യൂഷന് ഹാജരായത്.