വർക്കല കൊലപാതകം : നാലുപേർ പിടിയിൽ
1491063
Monday, December 30, 2024 6:46 AM IST
വർക്കല: വർക്കലയിൽ ലഹരി മാഫിയകൾ ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ പിടിയിൽ. പോലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ അഞ്ചംഗ സംഘം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
സിറ്റി പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വർക്കല വെട്ടൂർ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദാലി, ജസിം എന്നിവരാണ് പിടിയിലായത്. അഞ്ചാം പ്രതിയായ വെട്ടൂർ സ്വദേശി ആഷിർനെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. താഴെവെട്ടൂർ തീരത്തിനോട് ചേർന്ന് പ്രതികളുടെ ലഹരി ഉപയോഗം ഷാജഹാനും ബന്ധുവും ചോദ്യംചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന്റെ പിന്നാലെയാണ് രാത്രിയോടെ അഞ്ചംഗ സംഘം ഷാജഹാനെ തീരത്തിനോട് ചേർന്ന് കുറ്റിക്കാട്ടിൽ പതിയിരുന്ന് ആക്രമിച്ചത്.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്നുച്ചയ്ക്ക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.