അമിത വേഗത്തിൽ ഓടിച്ച വാനിടിച്ച് യുവാവിന് ഗുരുതര പരിക്ക്
1491062
Monday, December 30, 2024 6:46 AM IST
പാറശാല: അമിത വേഗതയിലെത്തിയ വാനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ചെങ്കല്‍ ആറയൂര്‍ പൈങ്കരവീട്ടില് എസ്. ജെ. ഷിബിനാണ് (36) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് ദേശീയ പാതയില്‍ പരശുവക്കല്‍ ജംഗ്ഷന് സമീപം പെട്രോള്‍ പമ്പിന് അടുത്താണ് അപകടം നടന്നത്.
സുഹൃത്തിന്റെ സ്കൂട്ടറിന് പുറകിലിരുന്ന് ഉദിയന്‍കുളങ്ങര നിന്ന് പരശുവക്കല്‍ ഭാഗത്തേക്ക് സഞ്ചരിക്കവെ ഇടിച്ചക്കപ്ളാമൂട് നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് വരുകയായിരുന്ന വാന്‍ നിയന്ത്രണംവിട്ട് മറുഭാഗത്ത് കൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ഷിബിന്‍ റോഡിന് സമീപത്തെ ഓടയില്‍ തെറിച്ച് വീണു. വാന്‍ സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.
വാരിയെല്ലിന് പൊട്ടലും തലക്ക് പരിക്കുമേറ്റ ഷിബിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലാണ്. സുഹൃത്ത് വിഷ്ണുവിജയ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തി പാറശാല പോലീസില്‍ പരാതി നല്കി.