ഒന്നാം ലോകയുദ്ധകാലത്ത് ഓട്ടോമൻ സാമ്രാജ്യത്തിലെ അസീറിയൻ, അർമേനിയൻ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനായി ആരംഭിച്ച വംശഹത്യ ചരിത്രത്തിലെ ഭയാനകമായ ഒരേടാണ്. പത്തുലക്ഷത്തോളം അർമേനിയന്, അസീറിയന് ക്രൈസ്തവരാണ് 1914-18 വർഷങ്ങളിലായി കൊലചെയ്യപ്പെട്ടത്. രണ്ടാം ലോകയുദ്ധകാലത്ത് നാസി ഭരണകൂടം നടപ്പാക്കിയ യഹൂദവംശഹത്യക്കും സ്റ്റാലിന്റെ കൂട്ടക്കൊലകൾക്കും മാതൃകയായിത്തീർന്ന പ്രസ്തുത വംശഹത്യയെ ഇപ്പോഴും തുർക്കി ഒരു കുറ്റകൃത്യമായി കണക്കാക്കുന്നില്ല.
2019 അവസാനം അമേരിക്കൻ ഭരണകൂടം അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിച്ചു. 2005 മുതൽ വത്തിക്കാൻ ഗ്രന്ഥാലയത്തിലെ രഹസ്യരേഖകൾ പരിശോധിച്ചുവരുന്ന ഗവേഷകനായ ഡോ. മൈക്കേൽ ഹേസേമൻ അർമേനിയൻ വംശഹത്യയെക്കുറിച്ചുള്ള മൂവായിരത്തിലേറെ രേഖകൾ കണ്ടെത്തി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർമേനിയയിൽ നടന്ന സംഭവങ്ങളുടെ നിജസ്ഥിതി ലോകത്തിനു മനസിലാക്കിക്കൊടുക്കാൻ ഇദ്ദേഹത്തിന്റെ കൃതികളാണ് ഏറ്റവും സഹായിച്ചിട്ടുള്ളത്.
അർമേനിയൻ വംശഹത്യയിൽ വധിക്കപ്പെട്ട അർമേനിയൻ കത്തോലിക്കാ ആർച്ച്ബിഷപ്പാണ് ഇഗ്നേഷ്യസ് മലോയൻ (1869-1915). 2001 ഒക്ടോബർ ഏഴിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ആർച്ച്ബിഷപ് മലോയനെ ഇക്കഴിഞ്ഞ ഒക്ടോബർ 19ന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ആർച്ച്ബിഷപ്പിനെ സംബന്ധിച്ച് അനേകം രേഖകളാണ് വത്തിക്കാൻ ഗ്രന്ഥാലയത്തിലുള്ളത്. അർമേനിയൻ ജനത പൊതുവായും, രക്തസാക്ഷികളായിത്തീർന്ന അർമേനിയക്കാർ വ്യക്തിപരമായും അനുഭവിച്ച വിവരണാതീതവും നിഷ്ഠുരവുമായ പീഡനങ്ങൾ മതത്തിന്റെ പേരിലായിരുന്നു എന്നുള്ളത് ദൈവവിശ്വാസികളെ ഞെട്ടിക്കുന്നതാണ്. ദൈവത്തിന്റെ പേരിൽ നടത്തുന്ന അരുംകൊലകൾ ദൈവഹിതത്തിനു വിരുദ്ധമാണെന്ന് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചതു ശ്രദ്ധേയമാണ്.
രഹസ്യ രേഖകൾ
1915 ജൂൺ ആദ്യമാണ് ഓട്ടോമൻ സാമ്രാജ്യത്തിൽ തുടങ്ങിയ അർമേനിയൻ, അസീറിയൻ ക്രൈസ്തവഹത്യകളെക്കുറിച്ചുള്ള ആദ്യ വിവരണങ്ങൾ വത്തിക്കാനിൽ എത്തുന്നത്. കോൺസ്റ്റാന്റിനോപ്പിളിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന മോൺ. ആഞ്ചലോ എം. ദോൾചി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച ടെലഗ്രാമിൽ എഴുതി: “ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണം ഭയന്ന് നിരവധി കത്തോലിക്കർ ഉൾപ്പെടെ നൂറുകണക്കിന് അർമേനിയൻ വംശജർ നാടുവിടുന്നതായി റിപ്പോർട്ടുണ്ട്. കൂട്ടക്കൊലകളെക്കുറിച്ചുള്ള കിംവദന്തികൾ മനഃപൂർവം പ്രചരിപ്പിച്ച് അവരെ നാടുവിടാൻ പ്രേരിപ്പിക്കുന്നുണ്ട്. രണ്ടു സുഹൃദ് രാജ്യങ്ങളുടെ സ്ഥാനപതികളുടെ ഇടപെടലുകൾ നിഷ്ഫലമായിത്തീർന്നിരിക്കുന്നു.” അദാനയിലെ മെത്രാനുമായി അർമേനിയൻ കത്തോലിക്കാ പാത്രീർക്കീസ് വഴി ബന്ധപ്പെടാൻ ദോൾചി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജർമൻ കോൺസൽ ജനറൽ 1915 ജൂൺ 22ന് അയച്ച ഒരു ടെലിഗ്രാമിൽ പറയുന്നു: “സിലിഷ്യാ പ്രവിശ്യയിൽ വളരെ കൃത്യമായി ഒരു മതപീഡനം നടക്കുന്നുണ്ട്. പ്രവിശ്യയിൽനിന്ന് എല്ലാ അർമേനിയൻ ക്രൈസ്തവരെയും ഇല്ലാതാക്കുകയാണ് ഈ മതപീഡനത്തിന്റെ ലക്ഷ്യം.”
ഏതാനും ദിവസങ്ങൾക്കകം കോൺസ്റ്റാന്റിനോപ്പിളിൽനിന്നു തനിക്കു കിട്ടിയ വിശദാംശങ്ങൾ ദോൾചി റോമിനെ ധരിപ്പിച്ചു. “മർദീനിൽ നടന്ന ഒരു കൂട്ടക്കൊലയിൽ ആർച്ച്ബിഷപ് മലോയൻ ഉൾപ്പെടെ 700 അർമേനിയൻ കത്തോലിക്കരെ കൊന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രൂപതയിലെ ടെൽ-എർമെൻ എന്ന കത്തോലിക്കാ ഗ്രാമത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പുരുഷന്മാരെ കൂട്ടിക്കെട്ടി കെട്ടുകളാക്കി പുഴയിലേക്കെറിഞ്ഞു മുക്കിക്കൊല്ലുകയായിരുന്നു. ഭക്ഷണത്തിനുവേണ്ടി സ്ത്രീകൾക്ക് തങ്ങളുടെ മക്കളെ വില്ക്കേണ്ടിവന്നിരിക്കുന്നു. മലാത്തിയ പട്ടണത്തിൽനിന്ന് ആളുകളെ ആട്ടിയോടിച്ചിട്ടും പോകാതെ ഒളിച്ചിരുന്നവരെ കണ്ടെത്തി ഒന്നാകെ കൊന്നുകളഞ്ഞു.”
ആർച്ച്ബിഷപ് മലോയൻ നേരിടേണ്ടിവന്ന രക്തസാക്ഷിത്വം വത്തിക്കാനെ അക്ഷരാർഥത്തിൽ സ്തബ്ധമാക്കി. ഓട്ടോമൻ സുൽത്താൻ അദ്ദേഹത്തെ ആദരിച്ചിട്ട് രണ്ടു മാസമേ ആയിരുന്നുള്ളൂ. ആദരത്തിനുശേഷം പത്താം ദിവസം തുർക്കി തീവ്രവാദികൾ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറുകയും ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയും ചെയ്തു. അവർക്ക് യാതൊന്നും കണ്ടെത്താനായില്ല. കത്തോലിക്കർ വിശുദ്ധ കുർബാനയുടെ തിരുനാൾ ആചരിക്കുന്ന ജൂൺ മൂന്നിന് തുർക്കി പോലീസുകാർ അദ്ദേഹത്തെയും 28 വൈദികരെയും സന്യാസികളെയും 860 അൽമായരെയും ചങ്ങലകൾക്കൊണ്ട് ബന്ധിച്ച് തടവിലാക്കി.
ഇസ്ലാമിലേക്ക് മതംമാറ്റം നടത്താൻ വിസമ്മതിച്ച അവരെ ഉള്ളംകാലിൽ അടിച്ചു രസിക്കുകയും ‘കുറ്റക്കാരെന്ന്’ കണ്ടെത്തി നാടുകടത്തൽ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അന്നുതന്നെ അവരിൽ 447 പേരെ, ആർച്ച്ബിഷപ്പിനെ ഉൾപ്പെടെ വധിക്കുകയായിരുന്നു. തുടർന്ന് ജൂലൈ 20 വരെ 12,000 പേരെയാണ് കൊന്നുകളഞ്ഞത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ അടിമകളായി വില്ക്കുകയും ചെയ്തു.
ആർച്ച്ബിഷപ്പും കൂട്ടുതടവുകാരും അനുഭവിക്കേണ്ടിവന്ന പീഡനവും രക്തസാക്ഷിത്വവും സംബന്ധിച്ച വിവരങ്ങൾ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ ഗാസ്പാറിക്ക് ദോൾചി അയച്ച കത്തുകളിൽനിന്ന് വ്യക്തമാണ്. ജർമൻ കോൺസൽമാരും അംബാസഡറും മർദീനിലെ ഓർത്തഡോക്സ്, പ്രോട്ടസ്റ്റന്റ് മെത്രാന്മാരുമാണ് ദോൾചിയെ വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നത്.
രക്തസാക്ഷി
ആർച്ച്ബിഷപ് മലോയൻ 1869ലാണ് ജനിച്ചത്. ലബനനിലായിരുന്നു വൈദിക പരിശീലനം. അലക്സാണ്ട്രിയായിലും കെയ്റോയിലും അദ്ദേഹം വികാരിയായിരുന്നു. 1904 മുതൽ കോൺസ്റ്റാന്റിനോപ്പിളിൽ പാത്രിയർക്കീസിന്റെ ഓഫീസിൽ ജോലി ചെയ്തു. 1911 ഒക്ടോബർ 22ന് മർദീൻ ആർച്ച്ബിഷപ്പായി റോമിൽ വച്ച് അഭിഷിക്തനായി. മർദീനിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കാലഘട്ടം മതപീഡനത്തിന്റെയും നാടുകടത്തലിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഭീഷണികൾക്കൊണ്ട് കലുഷിതമായിരുന്നു.
തുർക്കി ഒന്നാം ലോകയുദ്ധത്തിൽ കക്ഷിയായതോടെ, ഓട്ടോമൻ സാമ്രാജ്യത്തിൽനിന്ന് മുഴുവൻ ക്രൈസ്തവരെയും ഉന്മൂലനം ചെയ്യാനുള്ള യുവതുർക്കികളുടെ പദ്ധതികൾക്ക് ജീവൻ വച്ചു. ദിയാർ ബെക്കീറിന്റെ ഗവർണറായി (വാലി) ഡോ. മെഹ്മെദ് റെഷീദ് നിയമിതനായപ്പോൾ അദ്ദേഹം ചിർക്കേസ്യൻ വംശജരിൽനിന്നുള്ള ഒരു കില്ലർ സ്ക്വാഡിന് രൂപം കൊടുക്കുകയാണ് ആദ്യം ചെയ്തത്. ദിയാർബെക്കീറിലെ കശാപ്പുകാരൻ എന്നാണ് ഇയാൾ അറിയപ്പെടുന്നതെങ്കിലും അർമേനിയൻ വംശഹത്യയുടെ സൂത്രധാരൻ 1913-1918 വർഷങ്ങളിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലപ്പത്തുണ്ടായിരുന്ന തലാത്ത് പാഷ ആയിരുന്നു.
തുർക്കിയിൽനിന്ന് എല്ലാ അമുസ്ലിംകളെയും നാടുകടത്തുകയോ മുസ്ലിംകളായി മതം മാറ്റുകയോ ആയിരുന്നു തലാത്ത് പാഷയുടെ ഉദ്ദേശ്യം. 1915 മേയ് 15ന് മർദീനിൽ വിളിച്ചുകൂട്ടിയ ഒരു പൊതുയോഗത്തിൽ ഗവർണറുടെ പ്രതിനിധിയായ അസീസ് ഫെയ്സി പ്രസ്താവിച്ചു: “ഒരൊറ്റ ക്രിസ്ത്യാനി പോലും അവശേഷിക്കാൻ പാടില്ല. ഈ ചുമതല നിറവേറ്റാത്തവൻ മുസ്ലിമല്ല. തുർക്കിയെ അതിന്റെ ശത്രുക്കളായ ക്രൈസ്തവരിൽനിന്നു രക്ഷിക്കാനുള്ള സമയമായിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ നമ്മെ ശിക്ഷിക്കുമെന്ന് പേടിക്കാനില്ല. ജർമനി നമ്മുടെ പക്ഷത്താണ്. അവർ നമ്മെ സഹായിക്കും.” ഈ വാക്കുകൾ ഉദ്ധരിച്ചിരിക്കുന്നത് ഈ പൊതുയോഗത്തിന്റെ ദൃക്സാക്ഷിയായിരിക്കുന്ന ഫ്രഞ്ച് ഡൊമിനിക്കൻ വൈദികൻ ഷാക്ക് റെത്തോരെയാണ്.
ഈ പൊതുയോഗം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ആർച്ച്ബിഷപ് മലോയൻ മർദീനിലെ സുറിയാനി കത്തോലിക്ക ആർച്ച്ബിഷപ്പായിരുന്ന മാർ ഗബ്രിയേൽ തപ്പൂണിയെ സന്ദർശിച്ച് അദ്ദേഹത്തെ തന്റെ മരണപത്രം ഏല്പിച്ചു. അതിൽ അദ്ദേഹം ഏഴുതി: “നിങ്ങളുടെ വിശ്വാസവും സഭയിലുള്ള കൂട്ടായ്മയും നിലനിർത്തുക. സഭയുടെ അടിസ്ഥാനം ശ്ലീഹന്മാരുടെ രക്തമാണ്. അവരുടെ രക്തത്തോടൊപ്പം അയോഗ്യരായ നമ്മുടെ രക്തവും കൂടിക്കലരാൻ ദൈവം അനുവദിക്കുന്നത് വലിയ കൃപയാണ്.
രക്തം ചിന്തുന്നതുവരെ ക്ഷണികമായ ഈ ജീവിതം അവിടത്തെ കൃപയിൽ ജീവിക്കാനുള്ള ശക്തിക്കായി നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കുക...” അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ ശ്രമിച്ച മാർ തപ്പൂണിയോട് അദ്ദേഹം പറഞ്ഞു: “ഈ മരണപത്രം അങ്ങ് സൂക്ഷിച്ചു വയ്ക്കുക. ഏതു ദിവസവും അവർ എന്നെ തേടിവരാം. എനിക്കുവേണ്ടി പ്രാർഥിക്കണമേ. നമ്മൾ അവസാനമായിട്ടാണ് ഇപ്പോൾ കാണുന്നതെന്ന് എനിക്കു തോന്നുന്നു.”
ഈ കൂടിക്കാഴ്ചയ്ക്കുശേഷം രണ്ടുദിവസങ്ങൾക്കകം ആർച്ച്ബിഷപ് ബന്ധനസ്ഥനായി. കഠോരമായ പീഡനങ്ങൾക്ക് അദ്ദേഹം വിധേയനായി. മതം മാറിയാൽ മരണത്തിൽനിന്ന് ഒഴിവാക്കാമെന്ന പ്രലോഭനത്തിന് ചെവികൊടുക്കാതിരുന്ന അദ്ദേഹത്തെ ഗവർണർ മെഹ്മെദ് റെഷീദ് വെടിവച്ചു കൊല്ലുകയായിരുന്നു. വിശ്വാസദാർഢ്യത്തിന്റെയും മനഃസാക്ഷി സ്വാതന്ത്ര്യത്തിന്റെയും ധീരപ്രതീകമാണ് ആർച്ച്ബിഷപ് മലോയൻ. വിശ്വാസത്തിനുവേണ്ടി മരണം വരിച്ച ആധികാരിക മനുഷ്യൻ എന്നാണ് ലെയോ മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
Tags : Armenian Archbishop Maloyan