കേരളത്തിൽ നെൽവയലുകളും നെൽകൃഷിയും കുറയുന്നുവെന്നും തണ്ണീർത്തടങ്ങൾക്ക് വേണ്ടത്ര കരുതൽ കിട്ടുന്നില്ലെന്നുമുള്ള വിലയിരുത്തലിലാണ് 2008 ഓഗസ്റ്റ് 12ന് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമുണ്ടായത്. എന്നാൽ, നിയമവും ചട്ടങ്ങളുമാകട്ടെ ജനങ്ങളെ ബുദ്ധിമുട്ടിക്കും വിധമായിരുന്നു. ഇവിടെയാണ് ഭൂമി തരംമാറ്റൽ എന്ന കെണിപ്രയോഗത്തിന് പ്രചാരമുണ്ടായത്. നെൽവയലുകളും തണ്ണീർത്തടങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ജനജീവിതത്തിന് ഗുണകരം തന്നെയാണ്. ഇവയുടെ നാശം തടയേണ്ടതുമാണ്.
കൃഷി കുറയാൻ കാരണം
1970കളിലെ കണക്കനുസരിച്ച് എട്ടു ലക്ഷത്തിലധികം ഹെക്ടർ നെൽകൃഷി ചെയ്യുന്ന വയലുകളുണ്ടായിരുന്നു. അക്കാലത്ത് ഭക്ഷ്യക്ഷാമവും ഉണ്ടായിരുന്നു. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുംകൂടിയ അരിവില കേരളത്തിലായിരുന്നു. അക്കാലത്ത് ഇന്ത്യയിൽ ഏക ഭക്ഷ്യമേഖല ഉണ്ടായിരുന്നില്ല. കാലാവസ്ഥയിൽ മഴക്കാലം, വേനൽക്കാലം എന്നിങ്ങനെയുള്ള കൃത്യത ഉണ്ടായിരുന്നു. 1977ൽ കേന്ദ്രത്തിൽ ജനതാ പാർട്ടിക്ക് അധികാരം ലഭിച്ചു. പ്രധാനമന്ത്രി മൊറാർജി ദേശായി ഇന്ത്യയിൽ ഏക ഭക്ഷ്യമേഖല പ്രഖ്യാപിച്ചു. അതുവരെയും കേരളത്തിലേക്ക് കരിഞ്ചന്തയിൽ വന്നുകൊണ്ടിരുന്ന അരിയുടെ വരവ് നിലച്ചു. അരിവില ഏകീകരിക്കപ്പെട്ടു.
കൊല്ലങ്ങൾ പിന്നിട്ടപ്പോൾ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടായി. കൂലിച്ചെലവ്, വളങ്ങളുടെ വിലവർധന തുടങ്ങി പല കാരണങ്ങളാൽ കർഷകർക്ക് നെൽകൃഷിയിൽ താത്പര്യം കുറഞ്ഞു. മഴയെ മാത്രം ആശ്രയിച്ചു നെൽകൃഷി നടത്താനുമാകില്ല. 2000ലെ കണക്കനുസരിച്ചു നെൽകൃഷി രണ്ടു ലക്ഷം ഹെക്ടറായി കുറഞ്ഞു. തുടർന്നുള്ള കാലങ്ങളിൽ നെൽകൃഷി ചെയ്യാൻ ജനങ്ങൾ മുന്നോട്ടു വരാതായി. ജലസേചന സൗകര്യമൊരുക്കൽ ചുവപ്പുനാടകളിൽ കുടുങ്ങിയും അനങ്ങാപ്പാറനയങ്ങളാലും വേണ്ടത്ര വിജയിച്ചില്ല. നഷ്ടത്തിലായ കർഷകർ നിവൃത്തിയില്ലാതെ വയലുകൾ തരിശിട്ടു. നികുതിയടച്ച് നിലത്തിന് കൂട്ടിരിപ്പുകാരനായിരിക്കാൻ പറയുന്നത് അനീതിയാണ്.
നിയമത്തിന്റെ വരവ്
2008 ഓഗസ്റ്റ് 12നാണ് നിയമസഭ സംരക്ഷണനിയമം അംഗീകരിച്ചത്. പ്രസ്തുത നിയമം പറഞ്ഞാൽ കർഷകന് നെൽകൃഷി പറ്റുമോ? വ്യാപാരം നഷ്ടത്തിലായാൽ സ്ഥാപനം അടച്ചുപൂട്ടും. അതിന് കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നെൽകർഷകരും അതുതന്നെയാണു ചെയ്തത്. എന്നാൽ, നെൽകൃഷി ചെയ്യാൻ കർഷകരെ നിർബന്ധിക്കുന്നവർ അതിനുള്ള സൗകര്യം അവർക്കു ചെയ്തുകൊടുക്കണം. വിത്ത്, വളം, യന്ത്രം, വെള്ളം ഇതര സൗകര്യങ്ങൾ എല്ലാം നൽകണം. ഇതൊന്നുമില്ലാതായപ്പോൾ കർഷകൻ തന്നാണ്ടു വിളകളിലേക്കും വാണിജ്യവിളകളിലേക്കും പഴം-പച്ചക്കറി കൃഷികളിലേക്കും ചുവടുമാറ്റി.
അപ്പോഴാണ് കർഷകനെ ബുദ്ധിമുട്ടിക്കാൻ നിയമം വരുന്നത്. ഈ കാലയളവിൽ കേരളത്തിൽ, പ്രത്യേകിച്ചും, ഗ്രാമപഞ്ചായത്തുകളിൽ കെട്ടിടനിർമാണ നിയമം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ പഞ്ചായത്തുകളിലെ കരവയലുകളിൽ ആളുകൾ വീടുകളും ചെറിയ കച്ചവട പീടികകളുമെല്ലാമുണ്ടാക്കിയിരുന്നു. നിയമത്തെത്തുടർന്ന് പല പ്രശ്നങ്ങളുമുണ്ടായി. അപ്പോൾ പല താത്പര്യങ്ങൾക്കുമനുസരിച്ച് സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയവ ഇറങ്ങി. സർക്കാർ ഉദ്യോഗസ്ഥർ ഡാറ്റാ ബാങ്കുണ്ടാക്കി. ഇഷ്ടാനുസരണം കര വയലായും വയൽ കരയായും മാറി. അതിലെ ന്യൂനതകൾ പരിഹരിക്കാൻ നിരവധി തലങ്ങളിൽ അപേക്ഷ സ്വീകരിക്കപ്പെട്ടു. അതിലൊന്ന് 500 രൂപ ഫീസടച്ചുള്ള അപേക്ഷയായിരുന്നു. അതിന്റെ തുടർനടപടി ഉണ്ടായില്ല.
2018ൽ പുതിയ നിയമഭേദഗതിയുണ്ടായി. അതിൽ 2008 ഓഗസ്റ്റ് 12 എന്നത് ഭൂമിതരം മാറ്റത്തിന്റെ അവസാനവാക്കായി പ്രഖ്യാപിച്ചു. ഇവിടെയാണ് ഈ തീയതിക്ക് എന്തു പ്രസക്തി എന്ന ചോദ്യമുയരുന്നത്. 2010-11 കാലത്താണ് കെട്ടിടനിർമാണം കൂടുതൽ ശക്തമായും കൃത്യമായും നടപ്പാക്കാൻ ഉതകുന്ന നിയമമുണ്ടാക്കിയത്. സ്വാഭാവികമായും കർശന നിയമങ്ങളില്ലാത്ത കാലത്തുണ്ടായ നിർമിതികളെയും ക്രമപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണം
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലത്ത് ഇരുപതിനായിരത്തിൽ താഴെയായിരുന്നു വാഹനങ്ങളുടെ എണ്ണം 2024ലെ കണക്കനുസരിച്ച് ഇപ്പോൾ 1,74,85,000ൽ അധികം വാഹനങ്ങൾ റോഡിൽ ഓടുന്നുണ്ട്. ഈ വാഹനങ്ങളിൽനിന്നുണ്ടാകുന്ന കാർബണ്ഡൈ ഓക്സൈഡ് എത്രത്തോളമുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ? അത് അസഹ്യമെങ്കിൽ എന്തെങ്കിലും പ്രതിവിധികളെടുക്കേണ്ടേ? പരിസ്ഥിതി സംരക്ഷണബോധം ഏതെങ്കിലും ഒരു കോണിൽ മാത്രം മതിയോ? എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്.
പരിസ്ഥിതിയുടെ പേരിൽ മേൽപ്രകാരമുണ്ടാകുന്ന അപകടം കൃത്യമായും പരിഹരിക്കാൻ നടപടികളെടുത്തിട്ടുണ്ടോ? ഇടുക്കിയിലും വയനാട്ടിലും ഇതര മലയോര മേഖലകളിലും പരിസ്ഥിതി സംരക്ഷണ പേരു പറഞ്ഞ് നാളിതുവരെയുണ്ടാക്കിയ നിരവധിയായ ജനവിരുദ്ധ നിരോധനങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ തന്നെയാണ് ബാധിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഇത്തരത്തിലുള്ളതാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടേ തീരൂ! കൃഷി ഓഫീസർ നിലമെന്ന് എഴുതിയാൽ പിന്നെ ഹൈക്കോടതിയേ ശരണമുള്ളൂ. പച്ചക്കള്ളമെന്ന് കണ്ടുപിടിച്ചാലും മുകളിലുള്ള ഒരു ഉദ്യോഗസ്ഥനും മറ്റൊന്നെഴുതില്ല. മാത്രമല്ല, ഹൈക്കടതി ഉത്തരവടക്കം പരിശോധിച്ചു പറഞ്ഞാലും സംശയം ബാക്കിയാണെന്നു പറഞ്ഞ് വീണ്ടും പരിശോധന നടത്തും. അതിനാൽ സംരക്ഷണം എന്ന വാക്കിനുപോലും യോഗ്യമല്ലാത്ത നിയമം ഉപേക്ഷിച്ച് കാലോചിതമായ നിയമമുണ്ടാക്കണം.
തരംമാറ്റലിനു വേഗം പോരാ
ലക്ഷക്കണക്കിന് അപേക്ഷകളാണ് ആർഡിഒ ഓഫീസ് മുതൽ കൃഷി, വില്ലേജ് ഓഫീസുകൾ വരെ കെട്ടിക്കിടക്കുന്നത്. 2023-24 കാലഘട്ടത്തിൽ ഒരു നിയമഭേദഗതി വന്നു.
താലൂക്ക് തലത്തിൽ നിലവിലുള്ള ആർഡിഒ മാരെ കൂടാതെ ഓരോ ഡെപ്യൂട്ടി കളക്ടർമാർക്കുകൂടി ഓരോ ആർഡിഒ എന്ന നിലയിൽ ചുമതല നൽകി. കൂടുതൽ ജീവനക്കാരെയും നൽകി. എന്നാൽ, സർക്കാർ വിചാരിച്ചതുപോലെ കാര്യങ്ങൾ നീങ്ങാതെ വന്നപ്പോൾ, ഇപ്പോൾ അദാലത്തുകൾക്ക് തുടക്കമിട്ടു.
5-ാം നന്പർ ഫോറം പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാൽ 6-ാം നന്പറിൽ വില്ലേജോഫീസർ തലത്തിൽ അഞ്ചു ചോദ്യങ്ങൾക്കുത്തരം നൽകി ക്രമവത്കരിക്കണമെന്നതാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 25ന് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ്. എന്നാൽ, സർക്കാരിന് ഇക്കാര്യത്തിൽ ചെയ്യാവുന്ന മറ്റു മാർഗങ്ങളുണ്ടായിരുന്നു. പക്ഷേ ആ നിലയിലല്ല ഉദ്യോഗസ്ഥചിന്ത.
പ്രശ്നപരിഹാരത്തിനായി സർക്കാർ അവതരിപ്പിച്ച നിയമഭേദഗതിയിൽ 2008 ഓഗസ്റ്റ് 12 എന്നുള്ളതുകൂടി എടുത്തുകളയണമായിരുന്നു. മാത്രവുമല്ല, ഏതൊരു നിയമം നിർമിക്കുന്പോഴും സാധാരണ ജനങ്ങളെ അത് എങ്ങനെ ബാധിക്കുമെന്നതിൽ കൂടുതൽ ശ്രദ്ധ വേണം. ലക്ഷക്കണക്കിന് ആളുകളാണ് ഇക്കാര്യത്തിൽ അപേക്ഷകൾ നൽകി വിവിധ ഓഫീസുകളും കോടതികളും കയറിയിറങ്ങുന്നത്.
നിയമം ലംഘിച്ചവർ ആര്?
ഈ കാലയളവിൽ സർക്കാർ തന്നെ നെൽവയലുകളിൽ കെട്ടിടസമുച്ചയങ്ങൾ, ഫ്ളാറ്റുകൾ, മാളുകൾ എന്നിവയ്ക്കെല്ലാം അനുമതി നൽകി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പാടശേഖരങ്ങളുമടക്കമുള്ള ഇടങ്ങളിലും സാന്പത്തികമായും രാഷ്ട്രീയമായും ഔദ്യോഗികതലങ്ങളിലും സ്വാധീനമുള്ളവർ അനവധി നിർമിതികളുണ്ടാക്കി.
എറണാകുളം ജില്ലയിൽ തന്റെ ഭൂമിക്ക് പുരയിടം എന്നെഴുതിക്കിട്ടാൻ പത്തിലധികം കൊല്ലം കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ ആത്മഹത്യ വരെയുണ്ടായി. അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ മൂന്നാം ദിവസം പുരയിടമാക്കി തീരുമാനിച്ചു നൽകി. ഇപ്രകാരമുള്ള വിചിത്ര സംഭവങ്ങൾ നിരവധിയുണ്ടായി. ആർഡിഒ അനുമതി നിഷേധിച്ച പല അപേക്ഷകരും ഹൈക്കോടതിയിൽ പോയി റിട്ട് നൽകി കാര്യങ്ങൾ നേടിയെടുത്തു. ഇപ്പോൾ സർക്കാർ ഈ പ്രശ്നങ്ങളെ ഗൗരവമായി എടുക്കുകയാണ്.
Tags : Paddy Field