അധ്യാപകരുടെ ജോലി ഭാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ ‘അധ്യാപകന്റെ മാറിനടത്തം’ (The Teacher is Walking Away) എന്ന നിരീക്ഷണം ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ഈ സംവാദത്തിന് ഒരു പിൻകുറിപ്പ് കൂടിയുണ്ട്. ‘അധ്യാപകന്റെ മാറിനടത്തം’ എന്നതിനപ്പുറം, ‘വിദ്യാർഥിയുടെ മാറിനടത്തം’ (The Student is Walking Away) എന്ന പ്രതിസന്ധിയെക്കൂടി ചേർത്തുവായിക്കുമ്പോൾ മാത്രമേ ചിത്രം പൂർണമാകുകയുള്ളൂ. സമൂഹമൊട്ടാകെ വലിയ ആദരവോടെ നോക്കിക്കാണുന്ന തൊഴിലാണ് അധ്യാപനം. Ipsos Global Trustworthiness Index 2024 അനുസരിച്ച്, ലോകത്തിൽ ഏറ്റവുമധികം വിശ്വാസ്യതയുള്ള മൂന്ന് തൊഴിലുകളിൽ ഒന്നാണ് അധ്യാപനം. ഇതൊരു ‘പ്രഫഷൻ’ എന്നതിലുപരി ഒരു വൊക്കേഷൻ-വിളി ആയി ഏവരും ഈ ഉത്തരവാദിത്വത്തെ ആദരിച്ചുപോരുന്നു.
അറിവിന്റെ അധികാരം ആർക്ക്?
രണ്ട് പതിറ്റാണ്ട് മുമ്പുവരെ അധ്യാപകരെ സമൂഹത്തിലെ ഏറ്റവും അറിവുള്ളവരായി കണക്കാക്കിയിരുന്നു. അന്ന് ക്ലാസ് മുറിയിലെ അധ്യാപകനായിരുന്നു വിദ്യാർഥികൾക്ക് ജ്ഞാനം ലഭിക്കാനുള്ള ആധികാരിക മാർഗം. എന്നാൽ, വിവരസാങ്കേതികതയിൽ വന്ന വിപ്ലവം ഈ സങ്കൽപങ്ങളെ ഉലച്ചു. ഇന്ന് അറിവ് ആരുടെയും കുത്തകയല്ല. ലോകത്തിലെ ഏതു വിഷയത്തെക്കുറിച്ചും പ്രമുഖ സർവകലാശാലകളിലെ വിദഗ്ധർ നൽകുന്ന ഏറ്റവും മികച്ച ക്ലാസുകൾ, ഒറ്റ ‘ക്ലിക്കി’ലൂടെ സൗജന്യമായി ലഭ്യമാണ്.
വിദ്യാഭ്യാസചിന്തകനായ ജോൺ ഡ്യൂയി പറഞ്ഞതുപോലെ: “ഇന്നലത്തെ വിദ്യാർഥികളെ പഠിപ്പിച്ച അതേ രീതിയിൽ നാളത്തെ വിദ്യാർഥികളെ പഠിപ്പിച്ചാൽ, നമ്മൾ അവരുടെ നാളെയെയാണ് കവർന്നെടുക്കുന്നത്.” അറിവിന്റെ അധികാരം കൈമോശം വരുന്ന ഈ നാളുകളിൽ അധ്യാപകർ ഇനിയും ചില സുപ്രധാന പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
അറിവിന്റെ ഇടനിലക്കാർ
മുമ്പ് അധ്യാപകർ അറിവ് കൈമാറുന്നവരായിരുന്നു. ഇന്ന് അറിവിന്റെ ഇടനിലക്കാരെ ആവശ്യമില്ല. ഇന്നത്തെ വിദ്യാർഥി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അജ്ഞത അല്ല, മറിച്ച് വിവരങ്ങളുടെ അതിപ്രസരമാണ്, അഥവാ ‘ഇൻഫോബെസിറ്റി’ആണ്. 2022ലെ പ്യു റിസർച്ച് സെന്ററിന്റെ പഠനം അനുസരിച്ച്, 95 ശതമാനം കൗമാരക്കാർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. കോമൺ സെൻസ് മീഡിയ റിപ്പോർട്ട് പ്രകാരം, കൗമാരക്കാർ ദിവസം ശരാശരി എട്ടു മണിക്കൂറിലധികം മാധ്യമങ്ങൾ ഉപയോഗിക്കുന്നു.
ഈ സാഹചര്യത്തിൽ, കലാലയങ്ങളിൽ അറിവിന്റെ മൊത്തവിതരണക്കാരെ ഇനിയും ആവശ്യമില്ല, മറിച്ച് വിജ്ഞാന ഏകോപകരെയാണ് (Knowledge Curators) ആവശ്യം. ഒരു മ്യൂസിയത്തിലെ ക്യൂറേറ്റർ അമൂല്യവസ്തുക്കൾ തെരഞ്ഞെടുത്ത്, അവയുടെ ചരിത്രപരമായ പശ്ചാത്തലം വിശദീകരിച്ച്, അർഥവത്തായ രീതിയിൽ പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. ഇതുപോലെ വിജ്ഞാനത്തിന്റെ ലോകത്ത് അധ്യാപകൻ അറിവിനെ അരിച്ച് സ്ഫുടം ചെയ്ത് നൽകുമ്പോൾ ഓരോ അധ്യാപകനും ‘നോളജ് ക്യൂറേറ്റർ’ ആയി മാറുന്നു.
വിജ്ഞാനത്തിന്റെ അതിപ്രസരത്തിൽ, ശരിയായ വിവരങ്ങൾ, തെറ്റായ വിവരങ്ങൾ, അപ്രധാനമായ കാര്യങ്ങൾ എന്നിവ വേർതിരിച്ചറിയാൻ വിദ്യാർഥികളെ സഹായിക്കുക എന്നതാണ് അധ്യാപനത്തിനുള്ളിലെ അധ്യാപനം. ഇനിയെങ്കിലും അധ്യാപകൻ ക്യൂറേറ്ററുടെ കുപ്പായമിട്ട് ശീലിക്കാൻ തുടങ്ങുന്നത് നന്നായിരിക്കും.
“ഒരു അധ്യാപകന്റെ പരമമായ കല, പുതിയ അറിവുകൾ നേടാനുള്ള ഉത്സാഹവും സ്വന്തമായി കണ്ടെത്തലുകൾ നടത്താനുള്ള സന്തോഷവും വിദ്യാർഥികളിൽ ജനിപ്പിക്കുക എന്നതാണ്” എന്ന ഐൻസ്റ്റീന്റെ വാക്കുകൾ ഇവിടെ പ്രസക്തമാകുകയാണ്.
നവീകരിക്കുക, അല്ലെങ്കിൽ ഇല്ലാതാകുക
ലോകത്തുടനീളം ജോലി മേഖലകളിൽ കടുത്ത മത്സരം നടക്കുന്നുണ്ട്. അതിനാൽ ജോലിയുമായി ബന്ധപ്പെട്ട ഭാരങ്ങൾ വർധിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞാലും അധ്യാപകർക്ക് സ്കൂൾ ജോലികൾ അവസാനിക്കുന്നില്ല. ക്ലാസ് റൂം പഠനം ഒരു അധ്യാപകൻ ചെയ്യാൻ നിർബന്ധിതനാകുന്ന നിരവധി കാര്യങ്ങളിൽ ഒന്ന് മാത്രമായി മാറുന്നു. കുട്ടികളെ പരിശീലിപ്പിക്കുക, ഡാറ്റാ എൻട്രി നടത്തുക, ഭരണനിർവഹണ ജോലികൾ ചെയ്യുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.
എന്നാൽ, മറ്റ് പല ജോലികളുമായി തുലനം ചെയ്യുമ്പോൾ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ അധ്യാപകർക്കുണ്ട് എന്നതും മറന്നുകൂടാ. അതിർത്തി കാക്കുന്ന പട്ടാളക്കാരും ആരോഗ്യപ്രവർത്തകരും ഐടി പ്രഫഷണലുകളും കടുത്ത ജോലി സമ്മർദങ്ങളിലൂടെ കടന്നുപോകുന്നവരാണ്. എങ്കിലും അവർ ഇച്ഛാശക്തിയോടെ ഓരോ ദിവസവും തങ്ങളെത്തന്നെ അപ്ഡേറ്റ് ചെയ്യുന്നു.
കോർപറേറ്റ് ലോകം നമുക്ക് വലിയ പാഠങ്ങൾ നൽകുന്നുണ്ട്. ഒരുകാലത്ത് കൊഡാക് എന്നത് കാമറയുടെ പര്യായമായിരുന്നു. ഡിജിറ്റൽ കാമറ കണ്ടുപിടിച്ച കൊഡാക് എന്ന കമ്പനി ലാഭകരമായിരുന്ന കെമിക്കൽ ഫിലിം ബിസിനസിലുള്ള അവരുടെ അന്ധമായ വിശ്വാസം, അവർ തന്നെ സൃഷ്ടിച്ച ഡിജിറ്റൽ സാങ്കേതികവിദ്യയെ അവഗണിക്കാൻ കാരണമായി. കാലത്തിന്റെ മാറ്റത്തിനു നേരേ പുറംതിരിഞ്ഞു നിന്ന കൊഡാക് പുതിയത് പഠിക്കാനും കാലഹരണപ്പെട്ടത് മറക്കാനും തയാറായില്ല. ഈ വിമുഖത നൂറ്റാണ്ടുകൾ പഴക്കമുള്ള ആ വ്യവസായഭീമനെ അവസാനം പാപ്പരത്തത്തിലേക്ക് തള്ളിവിട്ടു.
നേരേമറിച്ച്, സാംസംഗ് നിരന്തരമായ സ്വയം തിരുത്തലിന്റെ ശക്തി പ്രകടമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ശേഷം, കമ്പനി അതിവേഗം സ്വയം നവീകരണത്തിന് തയാറായി. വിട്ടുവീഴ്ചയില്ലാതെ ഗുണനിലവാരം പാലിച്ചു. പഴയത് മാറ്റാനും പുതിയത് ‘വീണ്ടും പഠിക്കാനും’ ധൈര്യം കാണിച്ചതിലൂടെ, സാംസംഗ് ഒരു പ്രാദേശിക നിർമാതാവിൽനിന്ന് ഹൈടെക് മൊബൈൽ ഉപകരണങ്ങളുടെ ആഗോള നേതാവായി വിജയകരമായി രൂപാന്തരപ്പെട്ടു. നിരന്തരം അപ്ഡേറ്റ് ചെയ്യുക എന്നത് അതിജീവന മന്ത്രമാണ്. മുമ്പോട്ടു പോകാത്തവരെല്ലാം പുറകോട്ട് പോകുകയാണ് ചെയ്യുന്നത്. അധ്യാപനത്തിലും കഥ വ്യത്യസ്തമല്ല.
അധ്യാപനം എന്നാൽ നിരന്തരമായ പഠനം
അധ്യാപന ജീവിതത്തിലെ പ്രതിസന്ധികളുടെയും സമ്മർദങ്ങളുടെയും നടുവിൽ നമ്മൾ സ്വയം അപ്ഡേറ്റ് ചെയ്യുന്നില്ലെങ്കിൽ സമൂഹത്തിലും വിദ്യാലയങ്ങളിലും നമ്മൾ അപ്രസക്തരാകും എന്നു മാത്രമല്ല, നിലനിൽപ് പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. അധ്യാപനജീവിതത്തിൽ വെല്ലുവിളി ഉയരുന്നു എന്നതിന്റെ അർഥം നമ്മൾ പരാജയപ്പെടുന്നു എന്നല്ല, മറിച്ച് നമ്മൾ ജയിക്കാനും പരാജയപ്പെടാനും തുല്യസാധ്യതയുണ്ട് എന്നു മാത്രമാണ്.
ഓരോ ദിവസവും പഠിക്കാനും കാലഹരണപ്പെട്ട അറിവുകൾ മറക്കാനും പുതിയത് വീണ്ടും പഠിക്കാനുമുള്ള യുദ്ധത്തിൽ ഏർപ്പെടുക. യഥാർഥത്തിൽ, അധ്യാപനം എന്നത് നിരന്തരമായ പഠനമാണ്. പഠനം തുടരുന്ന അധ്യാപകന് മാത്രമേ വിദ്യാർഥികൾക്കു മുന്നിൽ ആധികാരികമായി നിൽക്കാൻ സാധിക്കൂ. നിങ്ങൾ അധ്യാപകനായത് യാദൃച്ഛികമായിട്ടല്ല, മറിച്ച് സ്വന്തം കഴിവ് കൊണ്ട് നേടിയെടുത്തതാണെന്ന് ലോകത്തിനു തെളിയിച്ചു കാണിക്കുക.
അധ്യാപകൻ മാറുമ്പോൾ കുട്ടികൾ മാറും, ലോകവും മാറും. അധ്യാപകർ മാറുന്നില്ലെങ്കിൽ കുട്ടികൾ ‘വഴിമാറി പോകും’ The Students Will Walk Away. അധ്യാപനജീവിതത്തിൽ നമ്മൾ ഇന്ന് നേരിടുന്ന വെല്ലുവിളികളെ അവസരങ്ങളായി തിരുത്തി വായിക്കാൻ നേരം വൈകും മുമ്പ് പഠിക്കാം. അധ്യാപകന്റെ കസേരയിൽനിന്നു വിദ്യാർഥിയുടെ കസേരയിലേക്ക് മാറിയിരിക്കാം.
സബ്ജക്ട് ടീച്ചറെ വേണ്ട,സബ്ജക്ട് എക്സ്പേർട്ടിനെ മതി
ഇനിയുള്ള നാളുകളിൽ ഒരാൾ അധ്യാപകനാണ് എന്ന ഒറ്റ കാരണത്താൽ സമൂഹത്തിൽ അംഗീകരിക്കപ്പെടണമെന്നില്ല. ടീച്ചർ എന്ന നിലയിൽനിന്ന് സബിജക്ട് എക്സപേർട്ട് എന്ന നിലയിലേക്ക് ഓരോ അധ്യാപകനും വളരണമെന്ന് കുട്ടികളും മാതാപിതാക്കളും ആഗ്രഹിക്കുന്നു. വിഷയത്തിലുള്ള ആഴമായ അറിവായിരിക്കും ഇനി അധ്യാപകനെ വ്യത്യസ്തനാക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകരുടെ ക്ലാസ് യുട്യൂബിലൂടെ സൗജന്യമായി തന്നെ ഏത് കുട്ടിക്കും ലഭ്യമാണ്. എന്നാൽ, ഒരു കുട്ടി പഠനത്തിനുവേണ്ടി ഡിജിറ്റൽ സാധ്യത ഉപയോഗപ്പെടുത്തുന്നത്രയും അധ്യാപകർ ഉപയോഗപ്പെടുത്തുന്നുണ്ടോ? സ്വന്തം ക്ലാസ് റിക്കാർഡ് ചെയ്ത് യുട്യൂബിൽ അപ്ലോഡ് ചെയ്യാൻ എത്രപേർക്ക് ആത്മവിശ്വാസമുണ്ട്? ഒരു അധ്യാപകന്റെ അധ്യാപന ഗുണനിലവാരത്തിൽനിന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം പിറവി കൊള്ളുന്നത്. അക്കാദമിക ഗുണനിലവാരത്തിന് മാത്രമേ ഒരു അധ്യാപകനെ രക്ഷിക്കാൻ സാധിക്കൂ, കുട്ടികളെയും.
(തലശേരി അതിരൂപത കോർപറേറ്റ് മാനേജരാണ് ലേഖകൻ)
Tags : teacher