തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പ്രാഥമിക വിവരശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സ്ട്രോംഗ് റൂം പരിശോധിക്കും.
തുടർന്ന് ഞായറാഴ്ച സന്നിധാനത്തെത്തി പുതുതായി സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളും പരിശോധിക്കും. സ്വർണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യവസ്തുക്കളുടെ പട്ടിക തയാറാക്കാൻ ജസ്റ്റീസ് കെ.ടി.ശങ്കരനെ ഹൈക്കോടതി നിയോഗിച്ചത്.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദേശിച്ച അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഉത്തരവ്. ദേവസ്വം വിജിൻസ് വെള്ളിയാഴ്ച സമ്പൂർണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ കേസെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം.
Tags : sabarimala gold plating controversy