തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറന്റി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
തന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമാണ് പാളികൾ സ്വർണം പൂശാൻ ശിപാർശ നൽകിയതെന്ന മുരാരി ബാബുവിന്റെ പരാമർശം സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഇത്തവണയും സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോർട്ട് നൽകിയെങ്കിലും ബോർഡ് അതു തള്ളുകയായിരുന്നു.
മണ്ഡലമകരവിളക്ക് സീസണിനു മുൻപ് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു.
Tags : sabarimala gold plating controversy