തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പത്തു വർഷം സിപിഎം വിശ്വാസികളെ ദ്രോഹിച്ചെന്നും ഇപ്പോൾ അവർ ശബരിമലയില്‍ കൊള്ള നടത്തിയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ക്ലിഫ് ഹൗസില്‍ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാകും എന്ന വാഗ്ദാനം നല്‍കിയിരുന്നു. 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ല. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണ്. വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയടിക്കാനും മുഖ്യമന്ത്രി എന്തൊക്കെ ചെയ്തു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവയ്ക്കണം. കേന്ദ്ര ഏജൻസി വിഷയം അന്വേഷിക്കണം. ദേവസ്വം വിജിലൻസിന്റെ കഴിഞ്ഞ 30 വർഷത്തെ റിപ്പോർട്ടുകൾ പുറത്തുവിടണം. സംസ്ഥാനം സിബിഐ അന്വേഷണത്തിന് തയാറായില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Tags : Sabarimala Gold BJP Protest