2023ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സിനിമയാണ് "ദ മിറക്കിൾ ക്ലബ്'. അയർലൻഡിലും ബ്രിട്ടനിലുമായി നിർമിക്കപ്പെട്ട ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് തദേവൂസ് സള്ളിവനാണ്. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ബാലിഗർ എന്ന പ്രദേശത്തെ ചില സ്ത്രീകളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
അവരിലൊരാൾ ലിലി. രണ്ടാമത്തവൾ ഐലീൻ. മൂന്നാമത്തവൾ ഡോളി. "മിറക്കിൾസ്' എന്ന പേരിൽ അവർ ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു. ഇടവകപ്പള്ളിയിലെ ടാലന്റ് ഷോ മത്സരത്തിൽ അവർ വിജയികളായി. സമ്മാനമായി കിട്ടിയത് ലൂർദിലേക്കു തീർഥയാത്ര പോകാനുള്ള ടിക്കറ്റുകളായിരുന്നു. തീർഥയാത്ര നയിച്ചിരുന്നത് അവിടത്തെ പള്ളിവികാരിയായ ഫാ. ഡെർമോട്ടും.
ലിലിയുടെ ജീവിതാഭിലാഷമായിരുന്നു ലൂർദിലേക്കു തീർഥയാത്ര പോവുകയെന്നത്. ഐലീനെ സംബന്ധിച്ചിടത്തോളം തന്റെ കാൻസർ രോഗത്തിനു ശമനംതേടുക എന്നതായിരുന്നു യാത്രാലക്ഷ്യം. ഡോളിയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. ബാലനായ മകൻ ഡാനിയേലിനു സംസാരശേഷി ലഭിക്കാൻവേണ്ടിയായിരുന്നു അവളുടെ തീർഥയാത്ര.
ഈ മൂന്നുപേരും തീർഥയാത്രയ്ക്കൊരുങ്ങിയപ്പോൾ അവരുടെ ഭർത്താക്കന്മാർ നഖശിഖാന്തം എതിർത്തു. തീർഥയാത്ര പോയാൽ വീട്ടിലേക്കു മടങ്ങിവരേണ്ട എന്ന അന്ത്യശാസനം ഡോളിയുടെ ഭർത്താവ് അവൾക്കു നൽകിയിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ അവർ യാത്രതുടങ്ങി. അപ്പോഴാണ് ക്രിസി എന്ന നാലാമതൊരു സ്ത്രീ അവർക്കൊപ്പം ചേരുന്നത്.
വർഷങ്ങൾക്കുമുന്പ് അമേരിക്കയിലേക്കു കുടിയേറാൻ നിർബന്ധിതയായവളാണ് ക്രിസി. അതിനു കാരണം ലിലിയുടെ മകനായ ഡെക്ലാനുമായുള്ള അവളുടെ പ്രേമബന്ധമായിരുന്നു. വിവാഹത്തിനുമുന്പ് ഡെക്ലാനിൽനിന്നു ഗർഭവതിയായ അവളെ സമൂഹം ആട്ടിപ്പുറത്താക്കുകയായിരുന്നു. ക്രിസി നാടുവിട്ടു എന്നു കേട്ടപ്പോൾ ദുഃഖംമൂലം ഡെക്ലാൻ ആത്മഹത്യചെയ്തു. എന്നാൽ ഒരപകടത്തിൽ അയാൾ മുങ്ങിമരിച്ചു എന്നാണ് പരക്കേ അറിയപ്പെട്ടത്.
അമ്മ മൊറീന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് ക്രിസി ഡബ്ലിനിൽ തിരിച്ചെത്തിയത്. അപ്പോൾ ലിലിയും ഐലീനും ശത്രുതാമനോഭാവത്തോടെയാണ് അവളോടു പെരുമാറിയത്. എങ്കിലും അമ്മയുടെ സംസ്കാരശുശ്രൂഷകൾ കഴിഞ്ഞപ്പോൾ ക്രിസിയും ആ തീർഥാടനസംഘത്തിൽ ചേരാൻ തീരുമാനിച്ചു.
ലൂർദിലെത്തിയ തീർഥാടകർ അവർ ആഗ്രഹിക്കുന്ന അദ്ഭുതങ്ങൾ അതിവേഗം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അവിടത്തെ ജലത്തിൽ കുളിച്ചിട്ടും പ്രത്യക്ഷത്തിലുള്ള അദ്ഭുതങ്ങളൊന്നും നടന്നില്ല. പ്രത്യേകിച്ചും ഐലീന്റെ കാര്യത്തിൽ. ആ സ്ത്രീ പ്രതീക്ഷിച്ചിരുന്നതുപോലെ തന്റെ മാറിലെ മുഴ അപ്രത്യക്ഷമായില്ല. തന്മൂലം ഐലീൻ പൊട്ടിത്തെറിച്ചു. ലൂർദിലെ പരിപാടികളെല്ലാം തട്ടിപ്പാണ് എന്നായിരുന്നു അവളുടെ നിലപാട്.
ഉൗമയായ തന്റെ മകൻ ലൂർദിലെത്തിയാൽ സംസാരിക്കുമെന്നായിരുന്നു ഡോളി വിചാരിച്ചിരുന്നത്. എന്നാൽ ആ അദ്ഭുതം നടക്കാതെവന്നപ്പോൾ അവൾ ആകെ തകർന്നു. ഡാനിയേലിനെ ഗർഭം ധരിച്ചിരുന്നപ്പോൾ അവനെ ഗർഭച്ഛിദ്രത്തിലൂടെ നശിപ്പിക്കാൻ ആലോചിച്ചതിന്റെ ശിക്ഷമൂലമാണ് അവൻ ഊമയായി ജനിച്ചതെന്ന് ഡോളി വിലപിച്ചു.
ക്രിസിയും തന്റെ കുറ്റം ഏറ്റുപറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ക്രിസി ഏറ്റുപറഞ്ഞ കുറ്റം തന്റെ ഗർഭച്ഛിദ്രമായിരുന്നു. ഇതിനിടയിൽ ക്രിസി ലിലിയുമായി രമ്യപ്പെട്ടുകഴിഞ്ഞിരുന്നു. ഐലീനും ഡോളിയുമൊക്കെ പ്രതീക്ഷിച്ച അദ്ഭുതം കാണാതെയാണ് ഡബ്ലിനിലേക്കു മടങ്ങിയത്.
എന്നാൽ അവരാരും ശ്രദ്ധിക്കാത്ത വലിയ അദ്ഭുതം ലൂർദിലെ സന്ദർശനത്തിനിടയിൽ അവരുടെ ജീവിതത്തിൽ നടന്നുകഴിഞ്ഞിരുന്നു. ലിലിയെയും ഐലീനെയും ക്രിസിയെയും സംബന്ധിച്ചിടത്തോളം പരസ്പരം ക്ഷമിക്കാനും അങ്ങനെ അവരുടെ ജീവിതം ഏറെ പ്രസന്നമാക്കാനും സാധിച്ചു. ഡോളിയെ സംബന്ധിച്ചിടത്തോളം തന്റെ കുറ്റം ഏറ്റുപറയുകവഴി വലിയ മനസമാധാനം ലഭിച്ചു.
ലിലിയും ഐലീനും ഡോളിയും തീർഥാടനംകഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഭർത്താക്കന്മാർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. അതും ഒരദ്ഭുതമായിരുന്നു. അതോടൊപ്പം ഡോളി പ്രതീക്ഷിച്ച അദ്ഭുതം നടക്കുന്നതും നാം കാണുന്നുണ്ട്. വീട്ടിൽ മടങ്ങിയെത്തിയ ഡാനിയേൽ വീട് എന്ന അർഥംവരുന്ന "ഹോം' എന്ന വാക്കുപറയുന്നതാണ് ആ അദ്ഭുതം.
എന്താണ് ഈ സിനിമ നൽകുന്ന സന്ദേശം? രോഗശാന്തി മാത്രമല്ല യഥാർഥ അദ്ഭുതം. തെറ്റുകൾ പരസ്പരം ഏറ്റുപറയാനും ക്ഷമിക്കാനും അങ്ങനെ ജീവിതത്തിലെ സങ്കടങ്ങൾ സന്തോഷത്തോടെ നേരിടാനും സാധിച്ചാൽ അതും യഥാർഥ അദ്ഭുതംതന്നെയാണ്.
ദൈവം എപ്പോഴും നമുക്കു രോഗശാന്തി തന്നുവെന്നു വരില്ല. എന്നാൽ ദുഃഖദുരിതങ്ങൾക്കിടയിലും വിശ്വാസം നഷ്ടപ്പെടാതെ നാം നിലനിൽക്കുന്നുവെങ്കിൽ അത് ദൈവത്തിന്റെ കൃപ മൂലമാണ്. അതും വലിയൊരു അദ്ഭുതംതന്നെയെന്നു സാരം.
പ്രാർഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന അദ്ഭുതം നടക്കാതെവരുമ്പോഴും നമ്മിൽ വിശ്വാസം നിലനിൽക്കുന്നുണ്ടോ? സ്നേഹം ഉണ്ടോ? ക്ഷമിക്കാനുള്ള സന്നദ്ധതയുണ്ടോ? സ്വന്തം കുരിശുകൾ വഹിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള മനഃശക്തിയുണ്ടോ? ഉണ്ടെങ്കിൽ അവയൊക്കെ ദൈവം നമ്മിൽ പ്രവർത്തിക്കുന്ന അദ്ഭുതങ്ങൾതന്നെയെന്നതാണ് വാസ്തവം. അതു നാം മറക്കരുത്.
ദൈവം നമ്മിൽ പ്രവർത്തിക്കുന്ന ഈ അദ്ഭുതങ്ങളെക്കുറിച്ച് എത്രമാത്രം അവബോധം നമുക്കുണ്ടാകുന്നുവോ അത്രയും നമ്മുടെ ജീവിതം കൃതജ്ഞതാപൂരിതവും സന്തോഷപ്രദവുമായിരിക്കും.
Tags : Jeevithavijayam