ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ്കിൽ ഐലന്റ് മാർബിൾ ചിത്രശലഭം സ്നേഹത്തോടെ പറഞ്ഞേനേ - താങ്ക്സ്...താങ്ക്സ് എ ലോട്ട് ഹാരി ജോസണ്....മറക്കില്ല ഈ സ്നേഹത്തെ.....
ലോകത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഐലന്റ് മാർബിൾ ചിത്രശലഭവും തൃശൂർ അഞ്ചേരിക്കാരനായ ഹാരി ജോസണും തമ്മിലൊരു ബന്ധമുണ്ട്. ഒരു അനിമേഷൻ ബന്ധം.
യുകെയിലെ ലിവർപൂൾ ജോണ്മൂർസ് യൂണിവേഴ്സിറ്റിയിൽ അനിമേഷനിൽ സ്പെഷ്യലൈസ് ചെയ്ത കമ്മ്യൂണിക്കേഷൻ ഡിസൈനിൽ എം.എ വിദ്യാർഥിയാണ് തൃശൂർ അഞ്ചേരി ചീരൻ വീട്ടിൽ ഹാരി ജോസണ്.
കൊച്ചി കാക്കനാട്ടുള്ള ഇന്റർനാഷണൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സിലാണ് ഹാരി പഠിക്കുന്നത്. തന്റെ കോഴ്സ് പ്രൊജക്ടിന്റെ ഭാഗമായി ഹാരി ചെയ്ത അനിമേഷൻ വർക്കാണ് ഇപ്പോൾ ലോകമാകെ ചർച്ച ചെയ്യപ്പെടുന്നത്.
1908ൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെടുകയും പിന്നീട് 1998ൽ വീണ്ടും കണ്ടെത്തുകയും ചെയ്ത അപൂർവ ചിത്രശലഭമാണ് ഐലന്റ് മാർബിൾ ബട്ടർഫ്ളൈ. ഇപ്പോൾ അമേരിക്കയിലെ വാഷിംഗ്ടണിലുള്ള സാൻ ജുവാൻ ഐലന്റ് നാഷണൽ ഹിസ്റ്റോറിക്കൽ പാർക്കിൽ ഐലന്റ് മാർബിൾ ബട്ടർഫ്ളൈ സംരക്ഷിക്കപ്പെട്ടു വരികയാണ്.
തന്റെ പഠന കോഴ്സിന്റെ അനിമേഷൻ വർക്കിന് എന്തു സബ്ജക്ട് തെരഞ്ഞെടുക്കുമെന്ന ഹാരിയുടെ ചിന്ത ചെന്നെത്തിയത് ഈ ഐലന്റ് മാർബിൾ ബട്ടർഫ്ളൈയിലാണ്.
അതിനൊരു കാരണമുണ്ട്....
എന്തുകൊണ്ട് ഇത്തരമൊരു പ്രോജക്ട് എന്നതിന്റെ ഉത്തരം കിടക്കുന്നത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്കുമുന്നിലാണ്. തൃശൂർ മുളങ്കുന്നത്തുകാവിലുള്ള ഗവ. മെഡിക്കൽ കോളജിൽ നേഴ്സായി ജോലി ചെയ്യുന്ന സ്മിനിയാണ് ഹാരിയുടെ അമ്മ.
പൂക്കളേയും പൂന്പാറ്റകളേയും സ്നേഹിക്കാൻ ഹാരിയെ ആദ്യം പഠിപ്പിച്ചത് ആ അമ്മയാണ്. അപ്പോൾ പിന്നെ എങ്ങിനെ തന്റെ ആദ്യത്തെ അനിമേഷൻ പ്രൊജക്ടിന് വേറെ സബ്ജക്ട് ഹാരി കണ്ടെത്തും....
ആശുപത്രിക്ക് മുന്നിൽ മനോഹരമായ പൂന്തോട്ടമൊരുക്കിയതിന് ഹരിത മിത്രം അവാർഡ്’ ഹാരിയുടെ അമ്മ സ്മിനിക്ക് ലഭിച്ചിരുന്നു. അമ്മ ഹാരിയെ പഠിപ്പിച്ചത് സസ്യങ്ങളുടേയും പൂക്കളുടേയും പച്ചപ്പകളുടേയും പൂന്പാറ്റകളുടേയും പ്രാധാന്യത്തെക്കുറിച്ചും അവ ലോകത്തിന് എത്രമാത്രം ഉപകാരപ്രദമാണ് എന്നതിനെക്കുറിച്ചുമാണ്.
വീട്ടിലും അവർ പൂന്തോട്ടമൊരുക്കി. അവിടേക്ക് ചിത്രശലഭങ്ങൾ പാറിയെത്തി. എന്നാൽ കാലക്രമേണ പൂന്പാറ്റകൾ വരുന്നത് കുറയാൻ തുടങ്ങിയതിനെക്കുറിച്ചും അമ്മ ഹാരിയോട് പറഞ്ഞിരുന്നു.
കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളുമെല്ലാം പൂന്പാറ്റകൾക്ക് ദോഷമായി മാറിയ കഥയും അമ്മ ഹാരിക്ക് പറഞ്ഞുകൊടുത്തു. അനിമേഷൻ പഠിക്കാനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ചേക്കേറിയപ്പോഴും ഹാരിയുടെ മനസിൽ ഇതെല്ലാമുണ്ടായിരുന്നു.
ആ അന്വേഷണങ്ങളാണ് ഐലന്റ് മാർബിൾ ചിത്രശലഭത്തിൽ ചെന്നുനിന്നത്. എർത്ത്ലി എന്ന മൂന്നുമിനിറ്റ് 47 സെക്കന്റ് ദൈർഘ്യം മാത്രമുള്ള മികച്ച ഒരു അനിമേഷൻ വർക്കിലേക്ക് ഹാരി കടക്കുന്നത് അങ്ങിനെയാണ്.
പുരോഗതിയുടെയും വികസനത്തിന്റെയും പേരിലുള്ള പ്രകൃതിയെ ഇല്ലാതാക്കലും സന്തുലിതാവസ്ഥ തകിടം മറിക്കലും കീടനാശിനികളുടെ അമിതമായ ഉപയോഗവുമെല്ലാം കാരണം ഭൂമിയിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഐലന്റ് മാർബിൾ ചിത്രശലഭത്തിന്റെ ജീവിതചക്രവും അവയുടെ നിലനിൽപ്പിന്റെ ആകുലതകളും അതിജീവനത്തിന്റെ പ്രത്യാശയുമെല്ലാം ചുരുങ്ങിയ സമയത്തിനകത്ത് വളരെ ആധികാരികമായി ഹാരി കാണിച്ചുതന്നു.
അനിമേഷനാണോ ഒറിജിനൽ വിഷ്വലുകളാണോ എന്ന് ഒരു നിമിഷം സംശയം തോന്നുന്ന രീതിയിൽ ഏറ്റവും മികച്ച പെർഫെക്ഷനോടെയാണ് എർത്ത്ലി എന്ന ഹ്രസ്വചിത്രം ഹാരി അണിയിച്ചൊരുക്കിയത്.
ഹാരി ജോസണ് പറയുന്നു......
എന്റെ സിനിമ ഐലന്റ് മാർബിൾ ചിത്രശലഭത്തിന്റെ ഹൃസ്വവും എന്നാൽ സുപ്രധാനവുമായ ജീവിതത്തെ പിന്തുടരുന്നു, അതിന്റെ ആവാസവ്യവസ്ഥ എങ്ങനെ അപ്രത്യക്ഷമാകുന്നു എന്ന് എടുത്തുകാണിക്കുന്നു.
ഇനിയും വൈകും മുന്പ് നമ്മുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ നടപടിയെടുക്കാൻ ആളുകളോട് അഭ്യർത്ഥിക്കുകയാണ് ഞാൻ. എർത്ത്ലി എന്റെ രണ്ടാം സെമസ്റ്റർ പ്രോജക്റ്റാണ്, അത് പൂർത്തിയാക്കാൻ എനിക്ക് മൂന്ന് മാസമെടുത്തു. ഒരു ആഗോള പ്രശ്നത്തെക്കുറിച്ച് ശക്തമായ സാമൂഹിക സന്ദേശവുമായി ഒരു ഹ്രസ്വ ആനിമേറ്റഡ് വീഡിയോ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.
വിവിധ സാമൂഹിക വെല്ലുവിളികളെക്കുറിച്ച് ഗവേഷണം നടത്തിയ ശേഷം, മൃഗങ്ങളുടെ വംശനാശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ തീരുമാനിച്ചു, പ്രത്യേകിച്ചും ഐലൻഡ് മാർബിൾ ചിത്രശലഭം പോലുള്ള മൃഗങ്ങൾ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവ കാരണം അതിജീവിക്കാൻ പാടുപെടുന്നത് ഞാൻ മനസിലാക്കി.
എനിക്കും എന്റെ അമ്മയ്ക്കും പ്രകൃതിയോടുള്ള ആഗാധമായ സ്നേഹം തന്നെയാണ് ഈ വിഷയത്തിലേക്ക് എന്നെ ആകർഷിച്ചത്. ഹാരിയുടെ ഈ അനിമേഷൻ വീഡിയോ 2024-ലെ നാലാം സീസണിൽ മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ""സെലക്ടർ ചോയ്സ് ബെസ്റ്റ് ആനിമേഷൻ ഫിലിം'' അവാർഡിനർഹമായി.
പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ പ്രശസ്ത നടൻ മോഹൻ അഗാഷെയിൽ നിന്ന് ഹാരി പുരസ്കാരം സ്വീകരിക്കുന്പോൾ ഒരുപക്ഷേ ഏറ്റവുമധികം സന്തോഷിച്ചിരിക്കുക ഐലന്റ് മാർബിൾ ചിത്രശലഭങ്ങളായിരിക്കും.
തൃശൂർ കലാസദൻ ഗ്രൂപ്പിലുണ്ടായിരുന്ന സംഗീതജ്ഞൻ അന്തരിച്ച ബിജുവാണ് ഹാരിയുടെ പിതാവ്. രണ്ടു സഹോദരിമാരാണ് ഹാരിക്കുള്ളത്. ഒരാൾ റഷ്യയിൽ ഡോക്ടറാകാൻ പഠിക്കുന്നു, മറ്റൊരാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.
തന്റെ കോഴ്സിന്റെ ഭാഗമായുള്ള അടുത്ത അനിമേഷൻ പ്രൊജക്ടിന്റെ പണിപ്പുരയിലാണ് ഹാരിജോസണ്. യുട്യൂബിലും മറ്റും അപ് ലോഡ് ചെയ്തിട്ടുള്ള എർത്ത്ലി നിരവധി പേർ ഇതിനകം കണ്ടു കഴിഞ്ഞു.