ഭാര്യയുടെ തുച്ഛശന്പളം കണ്ട് ഹാലിളകിആറ്റിങ്ങല് സ്വദേശിയായ സാഹിറ (യഥാര്‍ഥ പേരല്ല) കാണാന്‍ സുന്ദരിയായിരുന്നു. സാധാരണകുടുംബത്തിലെ അംഗമായിരുന്ന അവൾ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫീസിലെ തൂപ്പുജോലിക്കാരിയായിരുന്നു. 26ാം വയസില്‍ പ്രൈവറ്റ് ബാങ്ക് മാനേജര്‍ തസ്തികയിലുള്ള ആളുമായി വിവാഹം നടന്നു.
പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്ണിന് ഏതുതരത്തിലുള്ള ജോലിയാണെന്ന് ആരും ചോദിച്ചില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തു ജോലിയാണെന്നു പറഞ്ഞതുമില്ല. വിവാഹസമയത്ത് സ്ത്രീധനം ഒന്നുംവേണ്ട, ജോലിയുള്ള പെണ്ണല്ലേയെന്നായിരുന്നു വരന്റെ വീട്ടുകാര്‍ പറഞ്ഞത്. എന്നിട്ടും 15 പവന് സ്വര്‍ണം വധുവിനു കൊടുത്തു.
ഭർതൃവീട്ടില്‍ താമസം തുടങ്ങി ആദ്യ രണ്ടുമാസം ഭര്‍ത്താവ് ശമ്പളം ചോദിച്ചില്ല. മൂന്നാം മാസം ശമ്പളം കിട്ടിയ ദിവസം അയാള്‍ ഭാര്യയോട് പൈസ ചോദിച്ചു. കിട്ടിയ പണം സാഹിറ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.
തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന സാഹിറയുടെ തുച്ഛശമ്പളം കണ്ട് ഭര്‍ത്താവിന് സഹിച്ചില്ല. ‘നിനക്ക് നല്ല ജോലിയായിരിക്കും, നല്ല ശമ്പളമായിരിക്കുമെന്നൊക്കെയാണ് ഞാന്‍ ഊഹിച്ചത്. ഇതാണ് നിന്റെ ശമ്പളമെന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കെട്ടില്ലായിരുന്നു’ അയാൾ സാഹിറയുടെ മുഖത്തുനോക്കി പറഞ്ഞു.
പിന്നീട് പ്രശ്നങ്ങളുടെ വേലിയേറ്റമായിരുന്നു. ശമ്പളത്തിന്റെ വിടവ് നികത്താനായി സ്വന്തം വീട്ടില്‍നിന്ന് പണം വാങ്ങിവരാന്‍ പറഞ്ഞുവിടും. കൂടെ മര്‍ദനവും. ഒടുവില്‍ അവര്‍ വിവാഹമോചിതരായി.
വിവാഹമെന്നു കേട്ടാല്‍ പേടിഎറണാകുളം സ്വദേശിയായ പത്തൊമ്പതുകാരിക്കു വിവാഹമെന്നു കേട്ടാല്‍ ഇപ്പോൾ നടുക്കമാണ്. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ചെറിയമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അടുത്ത വീട്ടില്‍ താമസിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യുവാവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായെത്തി.
പെണ്‍കുട്ടിക്ക് പതിനെട്ടു വയസു പൂര്‍ത്തിയായിട്ടില്ലെന്നു വീട്ടുകാര്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ കാത്തിരിക്കാന്‍ തയാറാണെന്ന് അവര്‍ അറിയിച്ചു. അങ്ങനെ പെണ്‍കുട്ടിക്ക് പതിനെട്ടു വയസും മൂന്നു മാസവും തികഞ്ഞ ദിവസം വിവാഹം നടത്തി.
പ്രവാസികളായതിനാല്‍ സ്ത്രീധനം ധാരാളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വരനും കൂട്ടരും. പക്ഷേ പെണ്‍വീട്ടുകാര്‍ കാര്യമായ സ്ത്രീധനമൊന്നും നല്‍കിയില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ മുതല്‍ ഭര്‍ത്താവും അമ്മായിയമ്മയും ഇതു പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങി.
സിഗരറ്റ് കൊണ്ട് ദേഹം പൊള്ളിക്കുകവരെ ചെയ്തു ഭര്‍ത്താവ്. സഹിക്കാനാവാതെ വന്നപ്പോള്‍ ഒരുദിവസം രാത്രി പെണ്‍കുട്ടി ഭർതൃവീട് വിട്ട് സ്വന്തം വീട്ടിലെത്തി. ഇനി അങ്ങോട്ടു വിട്ടാല്‍ ആത്മഹത്യചെയ്യുമെന്ന് മാതാപിതാക്കളെ അറിയിച്ചു. താമസിയാതെ കോടതി വഴി ആ ബന്ധം ഉപേക്ഷിച്ചു.
സീമ മോഹന്‍ലാല്‍