കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
Thursday, December 7, 2023 11:57 AM IST
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരില്‍ വഴിയരികില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ രണ്ടു പകലും ഒരു രാത്രിയും നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ആശ്രാമം മൈതാനിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.
പോലീസിനു പുറമെ നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും നടത്തിയ പകരം വയ്ക്കാനാകാത്ത പ്രവര്‍ത്തനമാണ് ഈ കുരുന്ന് ഒരു പോറല്‍പോലുമേല്‍ക്കാതെ സ്വന്തം മാതാപിതാക്കളുടെ സുരക്ഷിത കരങ്ങളിലേക്കെത്താന് കാരണമായത്.
കഴിഞ്ഞ മാസം 27ന് പത്തു വയസുകാരനായ സഹോദരനൊപ്പം ട്യൂഷനു പോയപ്പോഴാണ് കാറിലെത്തിയ സംഘം ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനെയും സംഘം തട്ടിക്കൊണ്ടുപോകാന്‍ സംഘം ശ്രമിച്ചെങ്കിലും അതിനെ സധൈര്യം നേരിട്ട ആ ബാലൻ അവരില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.
ഈ സഹോദരന് നല്കിയ വ്യക്തമായ വിവരങ്ങളാണ് തട്ടിക്കൊണ്ടുപോയ കുരുന്നിനെ 24 മണിക്കൂർ പൂര്‍ത്തിയാകും മുമ്പുതന്നെ കണ്ടെത്താന്‍ വഴിതെളിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കഴിഞ്ഞ് അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അജ്ഞാതസംഘത്തിന്റെ സന്ദേശമെത്തിയിരുന്നു.
കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും മോചിപ്പിക്കണമെങ്കില്‍ അഞ്ചു ലക്ഷം രൂപ വേണമെന്നുമായിരുന്നു ആദ്യ സന്ദേശം. പിന്നീടു ബന്ധുവിന്റെ ഫോണിലേക്കു വിളിച്ച് 10 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടു. പോലീസിൽ അറിയിക്കരുതെന്നു ഫോൺ ചെയ്ത സ്ത്രീ പറഞ്ഞിരുന്നു.
പിറ്റേന്നു രാവിലെ പത്തിന് വീണ്ടും വിളിക്കുമെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ല. ആ വിളി കാത്തുനിൽക്കാതെ പോലീസും പൊതുജനവുമെല്ലാം നാടിളക്കി അന്വേഷണം ആരംഭിച്ചു. അതറിഞ്ഞ സംഘം കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു.
കുട്ടിയെ കിട്ടിയെങ്കിലും തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ കുട്ടിയെ റാഞ്ചാനുള്ള കാരണത്തെക്കുറിച്ചോ ഒരു തുന്പും ലഭിച്ചില്ല. കേരളക്കരയെയാകെ ആകാംക്ഷയിലാക്കി അഞ്ചു ദിവസം അങ്ങനെ കടന്നുപോയി. അഭ്യൂഹങ്ങൾ പലതും പ്രചരിച്ചു.
ഒടുവിൽ പ്രതികളെന്നു പറഞ്ഞ് മൂന്നംഗ കുടുംബത്തെ കേരളാതിർത്തിയിൽനിന്നു പോലീസ് പിടികൂടി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാ രാജിൽ കെ.ആർ. പദ്മകുമാർ (52), ഭാര്യ എം.ആർ. അനിതാ കുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്.
പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികൾ പോലീസിനു നൽകിയ മൊഴി. അഞ്ച് കോടി രൂപയുടെ ബാധ്യത തീർക്കാനായി അനിതകുമാരിയുടെ ചിന്തയിൽ ഉദിച്ചതാണ് ആ "ബുദ്ധി'യെന്നാണ് ചോദ്യംചെയ്യലിൽനിന്നു പോലീസിനു വ്യക്തമായത്. പ്രഫഷണൽ കുറ്റവാളികളാണു സംഭവത്തിനു പിന്നിലെന്നു കരുതിയവരൊക്കെ മൂക്കത്തു വിരൽവച്ചു.
അറസ്റ്റിലായ അനുപമ നവമാധ്യമങ്ങളിലെ മിന്നുംതാരമാണെന്നത് കേസിലെ മറ്റൊരു കൗതുകമായി. യൂട്യൂബിൽ യുവതിക്ക് അഞ്ച് ലക്ഷത്തിലധികവും ഇൻസ്റ്റഗ്രാമിൽ പതിനാലായിരവും ഫോളോവേഴ്സുണ്ട്. യുട്യൂബ് വീഡിയോയിലൂടെ മാസം അഞ്ചു ലക്ഷം രൂപ വരെ സന്പാദിച്ചിരുന്ന അനുപമയ്ക്ക് പിന്നീട് പണം കിട്ടാതായത്രെ.
കുട്ടിയെ തട്ടിയെടുക്കുന്നതിനെ ആദ്യം എതിർത്ത അനുപമ അതോടെ മാതാപിതാക്കൾക്കൊപ്പം കൂടുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമാനമായ സംഭവം കൊല്ലത്തു വീണ്ടും
ഓയൂരില്‍നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നതിന്റെ പിറ്റേന്നു കൊല്ലത്തുനിന്നുതന്നെ സമാനമായ മറ്റൊരു സംഭവവും കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ അതേരീതിയിൽ മറ്റൊരു വിദ്യാർഥിനിയെ കൂടി തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
കൊട്ടാരക്കര വാളകത്ത് ട്യൂഷൻ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്ന 12 വയസുകാരിയായ പെൺകുട്ടിയെ വാനിലെത്തിയ സംഘം ബലമായി വാഹനത്തിനുള്ളിലേക്ക് പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിനോട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷിച്ചെങ്കിലും തുന്പൊന്നും കിട്ടിയില്ല.
ആലപ്പുഴ ആശ്രമം വാര്‍ഡില്‍നിന്നു 18 വര്‍ഷം മുമ്പു കാണാതായ രാഹുല്‍ എന്ന പത്തു വയസുകാരന് ഇന്നും മലയാളികളുടെ മനസില്‍ വിങ്ങലാണ്.
പ്രദീപ് ഗോപി