തുടര്‍ന്ന് ജയില്‍, ഒരു സുന്ദരിയുടെ കഥ, ആരോമല്‍ ഉണ്ണി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
കൂട്ടായി വീരകുമാറും1966ലായിരുന്നു മഹിളാമണി ബാലരാമപുരം സ്വദേശിയും ബിസിനസുകാരനുമായ വീരകുമാറിന്റെ ജീവിതസഖിയായത്. വീരകുമാറും കലയോട് താല്പര്യമുള്ള ആളായിരുന്നു. ഇതിനിടയില്‍ 1975 ല്‍ ആലപ്പുഴ ജവഹര്‍ ബാലഭവനില്‍ നൃത്താധ്യാപികയായി മഹിളാമണി ജോലിയില്‍ പ്രവേശിച്ചു.
സ്കൂളിലെ ജോലിക്കൊപ്പം പ്രൈവറ്റായി നൃത്തക്ലാസുകള്‍ എടുത്തു. ഭാര്യയുടെ മനസറിഞ്ഞ വീരകുമാര്‍, ശ്രീകലാനിലയം എന്ന പേരില്‍ വീട്ടില്‍ തന്നെ ഒരു നൃത്ത കലാലയം തുടങ്ങാന്‍ മഹിളാമണിക്ക് പിന്തുണയേകി. ഇതിനിടയില്‍ ഇവര്‍ക്ക് മൂന്നു മക്കളും ജനിച്ചു.
സംഗീതവും നൃത്തവും കൊണ്ട് സന്തോഷകരമായി മുന്നോട്ടു പോയ ആ ജീവിതത്തിന് അല്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 27-ാം വയസില്‍ മഹിളാമണിക്ക് വീരകുമാറിനെ നഷ്ടമായി.
അതിജീവനത്തിനു വേണ്ടിയുള്ള നൃത്തംഭര്ത്താവിന്റെ ആകസ്മിക വിയോഗം അവരെ തളര്‍ത്തിയെങ്കിലും കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ വെറുതെയിരിക്കാനായില്ല. പിന്നീടങ്ങോട്ട് മഹിളാമണി ആടിയത് അതിജീവനത്തിനുവേണ്ടിയുള്ള നൃത്തമായിരുന്നു.
നൃത്ത പഠന ക്ലാസില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മക്കളെ പഠിപ്പിച്ചു ജോലിക്കാരാക്കി. മക്കളെ വിവാഹം ചെയ്തുകൊടുത്തു. മൂത്തമകള്‍ ഗോമതി സരോജം സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥയായിരുന്നു.
നിലവില്‍ വിആര്‍എസ് എടുത്ത ഗോമതി 1984 ല്‍ കോളജ് പഠനകാലത്ത് കേരള സര്‍വകലാശാല കലോത്സവത്തില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. ആലപ്പുഴ സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് യൂണിറ്റ് ഹെഡായ രണ്ടാമത്തെ മകള്‍ രാജരാജേശ്വരിയും യൂണിവേഴ്സിറ്റി തലത്തില്‍ പലതവണ കലാതിലകം ആയിട്ടുണ്ട്. മകന് അജയ്കാന്ത് മാധ്യമപ്രവര്‍ത്തകനാണ്.
അയ്യായിരത്തിലധികം വിദ്യാർഥികൾ30 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം മഹിളാമണി ശീകലാനിലയത്തില് കൂടുതല്‍ സജീവമായി. ആദ്യനാളുകളില്‍ ഓരോ ബാച്ചിലും 70ലധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു.
ചലച്ചിത്ര നടിമാരായ ഉഷ, ദേവി ചന്ദന, സോണിയ.ജി. നായര്‍ എന്നിവരെല്ലാം മഹിളാമണിയുടെ ശിക്ഷ്യഗണത്തില്‍ ഉള്‍പ്പെടും. ഇതിനകം അയ്യായിരത്തിലധികം വിദ്യാര്‍ഥികളെയാണ് ഇവര്‍ നൃത്തം അഭ്യസിപ്പിച്ചിരിക്കുന്നത്.
സ്കൂള്‍-കോളജ് കലോത്സവങ്ങളില്‍ പലപ്പോഴും മഹിളാമണി ടീച്ചറുടെ ശിഷ്യര്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മത്സരങ്ങളുടെ വിധി കര്‍ത്താവായും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.
ബാലഭവനില്‍ സഹപ്രവര്‍ത്തകനായിരുന്ന നടന് നെടുമുടി വേണുവിനൊപ്പം ചേര്‍ന്ന് നിരവധി ബാലെകളും നൃത്തങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ 20 ഓളം വിദ്യാര്‍ഥികള്‍ക്കാണ് മഹിളാമണി ടീച്ചര്‍ നൃത്തപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്.
എട്ടു വയസു മുതല്‍ 14 വയസുവരെയുള്ളവരാണ് ശിഷ്യകള്‍. വൈകിട്ട് നാലു മുതല്‍ ആറ് വരെയാണ് ക്ലാസ്. ഭരതനാട്യമാണ് പ്രധാനമായും പഠിപ്പിക്കുന്നത്. കൊച്ചുകുട്ടികള്‍ ഭരതനാട്യത്തോട് വിരസത തോന്നാതിരിക്കാന്‍ ഇടയ്ക്ക് ഫോക്ക് ഡാന്‍സും പഠിപ്പിക്കുമെന്ന് മഹിളാമണി പറഞ്ഞു.
അടുത്തിടെ വരാന്തയില്‍ തെന്നിവീണ് മുട്ടിന്റെ ചിരട്ടയ്ക്ക് പരിക്കേറ്റ് വിശ്രമിക്കേണ്ടി വന്ന മൂന്നു മാസം ഒഴിച്ചാല്‍ തനിക്കൊപ്പം എന്നും നൃത്തമുണ്ടെന്ന് മഹിളാമണി പറഞ്ഞു.