അച്ചൻ പറഞ്ഞു, ഇത് പള്ളിയാണ്, അത് ഓർമയുണ്ടാകണം. പള്ളിക്കു പറ്റിയ സാധനമാണെന്നു പറഞ്ഞ്, അന്നു ഞാൻ യൂദാസിന്റെ അന്ത്യം സ്റ്റേജിൽ അവതരിപ്പിച്ചു. നല്ല കൈയടി കിട്ടി.
19 വയസായപ്പോൾ ഉദയ ആർട്സ് ക്ലബ് എന്ന പേരിൽ സ്വന്തമായി കലാസമിതി ഉണ്ടാക്കി. കാനം ഇജെയുടെ "എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു'എന്ന നാടകമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്.
അന്നു നാടകത്തിൽ സ്ത്രീകൾ അധികം ഇല്ല. പറവൂരിൽ ഒന്നുരണ്ട് സ്ത്രീകളുണ്ട്. അവരുടെ വിലാസം കണ്ടുപിടിച്ചുചെന്നു. പറവൂർ വത്സല, നന്ദിയാട്ടുകുന്നം ലീല. അവരെ രണ്ടുപേരെ ബുക്ക് ചെയ്തു. അന്ന് 20 രൂപയാണു പ്രതിഫലം. പിന്നെ വണ്ടിക്കൂലി. എന്റെ വീട്ടിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ റിഹേഴ്സൽ.
ആ നാടകം ഇരിങ്ങാലക്കുടയിൽ വീടിനടുത്തുതന്നെ മൈതാനത്ത് (അയ്യങ്കാവ് മൈതാനം) അവതരിപ്പിച്ചു. കരണ്ടില്ല, കുട്ടിസായിപ്പിന്റെ ഇലക്ട്രിക് കടയിൽനിന്ന് ജനറേറ്റർ കൊണ്ടുവന്ന് കളർസീനോടുകൂടിയാണു നാടകം കളിച്ചത്.
അന്നൊന്നും നാടകംകൊണ്ടു ജീവിക്കുമെന്നു വിചാരിച്ചിട്ടില്ല. 28 വയസു കഴിഞ്ഞപ്പോഴാണു നാടകം തൊഴിലായി സ്വീകരിച്ചത്.
രാധയെന്ന പെൺകുട്ടി നടിയാകുന്നു എനിക്ക് 19 വയസുള്ളപ്പോൾ ഞാനൊരു നാടകമെഴുതി, കടലിന്റെ കളിപ്പാട്ടങ്ങൾ. ഒരു മുക്കുവന്റെ കഥയായിരുന്നു. ഏകരംഗനാടകം. അന്ന് കൊടുങ്ങല്ലൂരിൽ ആനാപ്പുഴ സുകുമാരന്റെ നേതൃത്വത്തിൽ അഖിലകേരള നാടകോത്സവം നടക്കുന്നു.
ഒരു ദിവസം മൂന്നുവച്ച് പത്തു ദിവസം 30 നാടകങ്ങൾ. അതിൽ സെലക്ഷൻ കിട്ടി. ഇവൾക്കന്ന് (കലാലയം രാധ) ഒന്പതു വയസ്. ഞാൻ അവളുടെ അമ്മയോടു പറഞ്ഞു. രാധയെ അഭിനയിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്.
ആദ്യം സമ്മതിച്ചില്ല. പിന്നീടു പറഞ്ഞ് ഓക്കെയാക്കി. നല്ല നാടകത്തിനും അഭിനയത്തിനും ഒരു പവൻ, സംവിധായകന് അരപ്പവൻ. അതാണു സമ്മാനം. അന്ന് അവിടെ ഒരുപാട് വലിയ നടിമാരൊക്കെ മത്സരത്തിനുണ്ട്.
പറവൂർ വത്സല, പറവൂർ ലീല, നന്പ്യാടത്ത് മല്ലിക, നീലക്കുയിൽ കമലം, പരവൂർ മേരി, പറവൂർ ജാനമ്മ. അവരെയെല്ലാം പിന്നിലാക്കി ഇവൾ നേടി. ഒന്പതാമത്തെ വയസിൽ നല്ല നടിക്കുള്ള അവാർഡ്. ഒരു പവൻ സമ്മാനമായി കിട്ടി.
ചില നടിമാരു പറഞ്ഞു, എവിടുന്നോ വന്ന ഒരു പീക്കിരിപ്പെണ്ണ് ഒരു പവൻ അടിച്ചോണ്ടുപോയി. അതോടുകൂടി ഇവളെക്കുറിച്ചു വലിയ അഭിപ്രായമായി.
പിന്നീട് വൈലോപ്പിള്ളിയുടെ മാന്പഴം ആധാരമാക്കി ഒരു നാടകം അവതരിപ്പിച്ചു. അന്നൊരു കാര്യം ഇയാളോടു പറഞ്ഞിരുന്നു, "അങ്കണത്തൈമാവില്നിന്നാദ്യത്തെ പഴം വീഴ്കെ, അമ്മതൻ നേത്രത്തില്നിന്നുതിര്ന്നൂ ചുടുകണ്ണീര്' എന്നു പാടുന്പോൾ നിന്റെ കണ്ണിൽനിന്ന് കണ്ണീരു വരണംന്ന്.
വെറുതെ പറഞ്ഞെന്നു മാത്രം. എന്നാൽ അതു പാടിക്കൊണ്ടിരിക്കുന്പോൾ ഞാൻ സ്റ്റേജിലേക്കു നോക്കുന്പോൾ ഈ കുട്ടി കണ്ണീരിൽ കുളിച്ചുനിൽക്കുകയാണ്. ഞാൻ രോമാഞ്ചം പൂണ്ടു.
ജീവിതത്തിൽ ഭാര്യയാണെങ്കിലും ഇവൾ കൂടുതലും എന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്.
ടി.എ. കൃഷ്ണപ്രസാദ്