ആളെ പിടിക്കാന്‍ കമ്പനിയെപ്പറ്റിയുള്ള സ്തുതിഗീതമാലപിക്കുന്നതില് പ്രത്യേക പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. കാണിച്ചുകൊടുക്കാനായി മൊബൈലില്‍ വരുമാന കണക്കുകളും.
പ്രതാപന് 19 കേസുകളിലെ പ്രതിഹൈറിച്ചിന്റെ ഡയറക്ടര്‍മാരായ തൃശൂര്‍ ഈരം കരുവന്വളപ്പിലെ കോലാട്ട് ദാസന് പ്രതാപൻ, മണിചെയിന്‍ മാതൃകയില്‍ ഗ്രീന്‍കോ സെക്യൂരിറ്റീസ് എന്ന സ്ഥാപനം നടത്തി രണ്ടുവര്‍ഷംകൊണ്ട് 16 കോടി തട്ടിയെടുത്തതുള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്.
ഇതില്മൂന്നു കേസുകളില്‍ അഞ്ചുവര്‍ഷത്തെ തടവുശിക്ഷയനുഭവിച്ച ഇയാള്‍ ഒരുകോടിയോളം രൂപ കെട്ടിവച്ചാണ് പുറത്തിറങ്ങിയത്. പത്തുകേസുകള്‍ പണംകൊടുത്ത് ഒതുക്കി തീര്‍ത്തതായാണ് പുറത്തുവരുന്ന വിവരം.
2016ലെ ഗ്രീന്‍കോ തട്ടിപ്പ് കേസ് എട്ടുവര്‍ഷമായിട്ടും കോടതി നടപടികളിലാണ്. ഹൈറിച്ചിനെതിരേയുള്ള പുതിയ കേസിന്റെ അന്തിമ വിധിവരാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതായും വരും. ഒന്നേമുക്കാല്‍ കോടിയോളം ആളുകളെ വിട്ട് എങ്ങും പോകില്ലായെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തിയ കമ്പനി ഉടമകളിപ്പോള് ഒളിവിലാണ്.
ഇതിനിടയില്‍ ഹൈറിച്ചിന്റെ തട്ടിപ്പിന്റെ ആഴം നിയമസഭയില്‍ മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി.
അനിവാര്യമായ പരിസമാപ്തിയിലേക്ക്മണിചെയിന് ബിസിനസുകളില്‍ ആദ്യം ചേരുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. എന്നാല്‍, ഇവര്‍ക്കുകിട്ടുന്ന അമിതലാഭം എങ്ങനെയാണ് കിട്ടുന്നതെന്നോ എവിടെനിന്നാണെന്നോ ആരും ചിന്തിക്കാറില്ല. പിരമിഡ് മാതൃകയിലായതിനാല്‍ നിക്ഷേപകരില്‍ ബഹുഭൂരിപക്ഷമായ താഴെത്തട്ടിലുള്ളവര്ക്കായിരിക്കും നഷ്ടം കൂടുതല്‍.
ഏജന്റുമാരും പ്രൊമോട്ടര്‍മാരും കാറും വീടുമൊക്കെയായി നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവസാന കണ്ണികളായി മാറുന്ന ലക്ഷക്കണക്കിന് ആളുകള്‍ വഴിയാധാരമാകുമെന്നതാണ് മണിചെയിന്‍ ഇടപാടുകളുടെ ബാക്കിപത്രം.
ഇതുതന്നെയാണ് മറ്റു മണിചെയിന്‍ തട്ടിപ്പുകളേപ്പോലെ ഹൈറിച്ചിനും സംഭവിച്ചത്. "വേഗത്തില്‍ സമ്പന്നരാകുക' അല്ലെങ്കില്‍ ‘വലിയ വരുമാനം നേടുക'എന്ന ലക്ഷ്യത്തോടെയാണ് ‘സാക്ഷരകേരളീയര്‍' മണിചെയിന്‍ ബിസിനസിലേക്ക് എത്തിപ്പെടുന്നത്.
ഹൈറിച്ചിന്റെ പതനംമുന്നില്ക്കണ്ട് ഇതിന്റെ ഏജന്റുമാരായിരുന്ന പലരും വിവിധ പേരുകളിലറിയപ്പെടുന്ന മറ്റു മണിചെയിനുകളിലേക്ക് ചേക്കേറാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തുടെനീളം സാമ്പത്തിക സാക്ഷരത വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുകയാണ് കേരളത്തില്‍ അരങ്ങേറിയ മണിചെയിന്‍ തട്ടിപ്പുകള്‍.
(അവസാനിച്ചു)