കരാറുണ്ട്, പ്രവൃത്തിയില്ലനഗര മാലിന്യം തള്ളുന്ന ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകളാണുള്ളത്. മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാൻ 7.75 കോടി രൂപയുടെ കരാറും മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് നിർമിക്കാൻ 250 കോടി രൂപയുടെ കരാറുമാണ് നൽകിയത്.
നാലു വർഷം കഴിഞ്ഞിട്ടും 7.75 കോടി രൂപയുടെ കരാർ പ്രകാരമുള്ള ജോലികൾ പകുതിപോലും പൂർത്തിയാക്കിയില്ല. പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ ബയോ മൈനിംഗ് പോലും പൂർത്തിയാക്കിയില്ല. മഴ, കോവിഡ് എന്നീ കാരണങ്ങൾ പറഞ്ഞ് നാലുതവണ കരാർ നീട്ടി.
കോർപറേഷൻ ഇതിനകം പല പദ്ധതികളും പരീക്ഷിച്ചു. എന്നാല്‍ കടല്‍ പോലെ, കുന്നുപോലെ അടിഞ്ഞു കൂടിയ മാലിന്യം സംസ്കരിക്കാൻ ആ പദ്ധതികള്‍ക്കായില്ല. എറ്റവും ഒടുവിലാണ് ഖരമാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആസൂത്രണം ചെയ്തത്.
നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് കോഴിക്കോട് കോര്പറേഷന് പാട്ടത്തിന് നല്കിയ ഞെളിയന്‍ പറമ്പിലെ 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള പ്ലാന്റ് നിര്‍മിക്കാൻ തീരുമാനിച്ചത്.
ദുരിതമോചനം അകലെബംഗളൂരു ആസ്ഥാനമായ സോണ്ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പ് ചുമതലയും. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാലിന്യത്തില്‍നിന്ന് ഞെളിയൻപറമ്പിന് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ആ മോചനം അനിശ്ചിതമായി നീളുന്നു. നിലവിലെ സ്ഥിതി കാണുമ്പോള്‍ കൊച്ചിയിലെ ബ്രഹ്മപുരത്തിന്റെ അവസ്ഥ അനുഭവിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണിപ്പോള്‍ കോഴിക്കോട്ടുകാര്‍.
മഴ കനക്കുന്പോൾ കെട്ടിക്കിടക്കുന്ന മാലിന്യം പുറത്തേക്കൊഴുകുമെന്നും ഇത് ഗുരുതര പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുമെന്നും ദുരന്ത നിവാരണ അഥോറിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ, ഷീറ്റിട്ട് മൂടി പ്രശ്നം താല്കാലികമായി പരിഹരിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്.
അതൊന്നും നാട്ടുകാരുടെ ദുരിതത്തിനു പരിഹാരമല്ല. അധികാരികളുടെ ഇച്ഛാശക്തിയില്ലായ്മയുടെ ദുരന്തങ്ങൾ അനുഭവിക്കുകയാണ് പ്രദേശവാസികൾ.