ഇക്കഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിലും ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ വേദിയിലെത്തിയ കല്യാശേരി ആംസ്റ്റക്ക് കോളജ് ടീമിനായിരുന്നു നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം.
നാടന്‍പാട്ട് പ്രണയത്തിന് അംഗീകാരമായി പുരസ്കാരങ്ങള്പലയിടങ്ങളിലേയും നാടന്‍പാട്ട് കലാകാരന്മാരെ കണ്ടെത്തി ആയിരത്തില്‍പരം തനത് പാട്ടുകള്‍ ശേഖരിക്കുകയും പുതുതലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന മണ്ണിന്റെ മണമുള്ള ഈ കലാകാരന് 2014ല്‍ കേരള നാടന്‍ കലാ അക്കാദമി യുവപ്രതിഭ പുരസ്കാരവും 2018ല്‍ കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ്, 2023ല്‍ പാട്ടുകൂട്ടം മണിമുഴക്കം അവാര്‍ഡ്, നാടന്‍ കലാരംഗത്തെ സമഗ്ര സംഭാവനക്ക് 2024 ലെ കലാഭവന്‍ മണി ഫൗണ്ടേഷന് മണിരത്ന പുരസ്കാരം എന്നിവയും കരസ്ഥമാക്കി.
പ്രളയാനന്തരം വിദ്യാര്‍ഥികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പും യൂണിസെഫും ചേര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്നു റംഷി. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് നാട്ടുപാട്ടരങ്ങ് വേദികളില്‍ മിന്നിത്തിളങ്ങിയ ഈ യുവപ്രതിഭ ആഫ്രിക്കയിലും സൗദി അറേബ്യ, അജ്മാന്, അബുദാബി, മസ്കറ്റ്, ദുബൈ, ഷാര്‍ജ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നാടന്പാട്ടരങ്ങുകളും ശില്പശാലകളും നടത്തിയിട്ടുണ്ട്.
നിരവധി സംസ്ഥാന മേളകള്ക്കുള്പ്പെടെ വിധികര്‍ത്താവായി നിയോഗിക്കപ്പെട്ട റംഷി പട്ടുവം അനശ്വര നടന് പാട്ടുകലാകാരനും സിനിമാതാരവുമായ കലാഭവന്‍ മണിയോടൊപ്പം ടിവി പരിപാടിയായ മണിമേളത്തില് ചുവട് വെച്ച് പാടിയിട്ടുണ്ട്.
മലബാറിലെ പ്രമുഖ നാടന്‍പാട്ട് ഗ്രൂപ്പായ മയ്യില്‍ അഥീന നാടക- നാട്ടറിവ് വീടിന്റെ അഥീന ഫോക്ക് മെഗാഷോ, നാട്ടുമൊഴി നാടന്‍പാട്ട് മേള, പാട്ടുറവ നാടന്‍ പാട്ടരങ്ങ് തുടങ്ങിയവയിലെ പ്രധാന പാട്ടുകാരനും പാട്ടു പരിശീലകനുമായ റംഷി പാപ്പിനിശേരി നരയന്കുളത്ത് പാട്ടുപുരയിലാണ് താമസം.
മഴപെയ്യാന്‍ തുടങ്ങുന്നതുമുതല്‍ എത്ര തിരക്കുള്ള പരിപാടികളുണ്ടായാലും അതെല്ലാം മാറ്റിവച്ച് കാവുങ്കലിലെ സ്വന്തം വയലിലും പാട്ടത്തിനെടുത്ത വയലിലും ഉമ്മയോടൊപ്പം റംഷിയുമെത്തും. ഭാര്യ: പി.കെ.റഷീദ. മക്കള്‍: റഷ ഫാത്തിമ, റസല്‍ അസി, ഷസാന.