ഒരു അന്വേഷണ ഏജന്‍സിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും വ്യക്തികള്‍ക്ക് അയച്ചുതരില്ല. അതുപോലെതന്നെ, അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ല.
സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നല്‍കുകയും ചെയ്യണമെന്നാണ് പോലീസ് പറയുന്നത്.
www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ ജനുവരി ആറിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന അയച്ച ഫിഷിംഗ് ലിങ്കില്‍ ക്ലിക് ചെയ്ത മലപ്പുറം തിരൂര്‍ സ്വദേശിയുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമായ 2,71,000 രൂപ കേരള പോലീസിന് തിരിച്ചുപിടിക്കാനായി.
തട്ടിപ്പിന് ഇരയായി എന്ന് മനസിലായ ഉടന്‍ അക്കൗണ്ട് ഉടമ സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ വിളിച്ച പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സെബര്‍ ഓപ്പറേഷന് വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരികെ പിടിക്കാന്‍ കേരള പോലീസിനായി.
തട്ടിപ്പിന് ഇരയായവര്‍ ഉന്നത ഉദ്യോഗം വഹിച്ച സീനിയര്‍ സിറ്റിസണ്സ്ഒന്നരക്കോടി രൂപ, ഒരു കോടി രൂപ, 75 ലക്ഷം, 35 ലക്ഷം രൂപ... ഷെയര്‍ ട്രേഡിംഗിലൂടെ പണം നഷ്ടമായവര്‍ നല്കിയ പരാതിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.
തട്ടിപ്പിന് ഇരയായവര്‍ക്ക് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. മിക്കവരും മുതിര്‍ന്ന പൗരന്മാരാണ്. ചിലര്‍ അമ്പതിനടുത്ത് പ്രായമുള്ളവര്‍. പലരും ഉന്നത സ്ഥാനങ്ങളില്‍നിന്ന് വിരമിച്ചവര്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. വര്‍ഷങ്ങളായി ഷെയര്‍ ട്രേഡിംഗ് നടത്തുന്നവരുമാണ്.
എങ്കിലും വിദഗ്ധമായി കബളിപ്പിക്കപ്പെട്ടു. തട്ടിപ്പിന് ഇരയായവര്‍ ഇന്‍സ്റ്റഗ്രാം, എഫ്ബി പേജുകളില്‍ കണ്ട ഷെയര്‍ ട്രേഡിംഗ് സംബന്ധമായ ട്രെയിനിംഗ് ക്ലാസുകളില്‍ പങ്കെടുത്തവരാണ്.
ഒരു കൗതുകത്തിന് ലിങ്ക് ക്ലിക്ക് ചെയ്തു നോക്കിയപ്പോള്‍ സ്റ്റോക്ക് ട്രേഡിംഗിനെ പറ്റി വിദഗ്ധമായ ക്ലാസുകളാണ് ലഭിച്ചതെന്ന് പരാതിക്കാരില്‍ പലരും സൈബര്‍ പോലീസിനോട് പറഞ്ഞു.
ആഴ്ചകള്‍ നീണ്ട ക്ലാസുകള്‍ക്കൊടുവില്‍ ചെറിയ ലാഭം കിട്ടുന്നതോടെ പലരും അതെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യപ്പെട്ടു. തുടര്‍ന്ന് അവരെ പുതിയ വാട്സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്ത് തട്ടിപ്പുകാര്‍ പറയുന്നത് അനുസരിച്ച് ഓരോ ലിങ്കുകളും ക്ലിക്കു ചെയ്യുകയാണുണ്ടായത്.
ചെറിയ തുക നിക്ഷേപിക്കുന്നു. ലാഭം കൂടി വരുന്നതോടെ ചെറിയ തുക പിന്‍വലിക്കാന്‍ നോക്കുന്നവര്‍ക്ക് അത് സാധിക്കുന്നു. അവരില്‍ പൂര്‍ണ വിശ്വാസം ആകുന്നതോടെ ഇരകള്‍ വലിയ തുകകള്‍ നിക്ഷേപിക്കുന്നു.
പക്ഷേ പണം പിന്‍വലിക്കണമെങ്കില്‍ വീണ്ടും പണം നിക്ഷേപിക്കണമെന്ന അറിയിപ്പ് കിട്ടുന്നതോടെയാണ് പലരും തട്ടിപ്പിന് ഇരയായി എന്ന യാഥാര്‍ഥ്യം മനസിലാക്കുന്നത്.