പിടിക്കപ്പെട്ടാലും കുട്ടികൾക്ക് തെളിവുകൾ നൽകാൻ തക്ക ഓർമയുണ്ടാകില്ല. സംസ്ഥാനത്ത് ഭിക്ഷാടനം നിരോധിച്ചതോടെ പരസ്യമായിള്ള ഭിക്ഷാടനം ഇപ്പോൾ കാണാനില്ല. എങ്കിലും ഒളിച്ചും പാത്തും ഇന്നും ഭിക്ഷാടനവും തട്ടിക്കൊണ്ടുപോകലും തുടരുകയാണ്.
അന്വേഷിച്ചു ചെന്നാൽ ഞെട്ടും കാണാതായ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ചെന്നെത്തുന്നത് പലപ്പോഴും മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്. ഏതാനും വര്‍ഷം മുമ്പ് കൊല്ലം അമ്പലംകുന്നില്‍ അഞ്ചു വയസുകാരിയുടെ മൃതദേഹം കിട്ടിയത് അയല്‍വീട്ടിലെ കട്ടിലിന്റെ അടിയില്‍നിന്നാണ്.
അയല്‍വാസിയായ 15കാരനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ മാനഭംഗത്തിനിടെയാണ് ആ കുരുന്നിനു ജീവന് നഷ്ടമായതെന്നു തെളിഞ്ഞു.
തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ എഴു വയസുകാരി കൊല്ലപ്പെട്ടതും മാനഭംഗത്തിനിടെയായിരുന്നു. ഈ സംഭവത്തിൽ അറസ്റ്റിലായത് 16 വയസുകാരന്. ഇവരുടെ വീടിനടുത്തു നിര്‍മാണത്തിലിരുന്ന വീടിനുള്ളില്‍ ചാക്കില്‍ കെട്ടിവച്ചനിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അടൂരിനടുത്ത് പറക്കോട്ട് നാടോടികളായ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ചു കൊന്നത് ഹരിപ്പാട് സ്വദേശിയായ കൃഷ്ണപിള്ളയെന്ന 47കാരനായിരുന്നു. ഇത്തരം കൊടുംക്രൂരതകള്‍ ആലുവയിലടക്കം പിന്നീട് പലതവണ ആവര്‍ത്തിക്കപ്പെട്ടു.
കുട്ടികളെ കാണാതാകുന്നത് അതീവഗൗരവമായി കാണേണ്ട ഒരു വിഷയമാണെന്നും അങ്ങനെ കാണാത്തത് വിരോധാഭാസമായി തോന്നുന്നെന്നും മുമ്പൊരിക്കല്‍ സുപ്രീം കോടതിതന്നെ അഭിപ്രായപ്പെട്ടിരുന്നു.
പിന്നീട് പലതവണ സർക്കാരുകളെ വിമർശിക്കുകയും വിശദീകരണം തേടുകയും ചെയ്തു. പക്ഷേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോഴും അതത്ര വലിയ കാര്യമായി എടുത്തതായി തോന്നുന്നില്ല. എടുത്തിരുന്നെങ്കിൽ ദുരൂഹസാഹചര്യങ്ങളിൽ കാണാതാവുകയും കണ്ടെത്താതിരിക്കുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം ഈവിധം കൂടില്ലായിരുന്നു.
തങ്ങളുടെ എല്ലാമെല്ലാമായ കുരുന്നുകള്‍ നഷ്ടപ്പെട്ട ഹതഭാഗ്യരായ മാതാപിതാക്കളുടെ രോദനം സര്‍ക്കാര്‍ സംവിധാനങ്ങൾ കേട്ടേ മതിയാകൂ.
പ്രദീപ് ഗോപി