മയക്കുമരുന്ന് കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താത്ത അധ്യാപകർക്കെതിരേ നടപടി എടുക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എക്സൈസ് റിപ്പോർട്ട് ഞെട്ടലായിലഹരി കേസുകളിൽ ഉൾപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ചു പഠനം നടത്തി എക്സൈസ് വകുപ്പ് ഏതാനും മാസങ്ങൾക്കു മുന്‍പ് പ്രകാശനം ചെയ്ത സർവേ റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന ചില സൂചനകളുണ്ട്.
മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസിൽ താഴെയുള്ളവരായിരുന്നു.
155 പേർ കുറ്റാരോപിതരാണ്. 376പേർ വിമുക്തി ജില്ലാ ഡി അഡിക്ഷൻ കേന്ദ്രങ്ങളിലും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കൗണ്‍സിലിംഗ് സെന്ററുകളിലും ചികിത്സയ്ക്ക് എത്തിയവരാണ്. 69 പേർ ഇരു വിഭാഗങ്ങളിലും ഉൾപ്പെടുന്നു.
കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടവരോട് എക്സൈസ് ഉദ്യോഗസ്ഥരും ചികിത്സയ്ക്ക് എത്തിയവരിൽനിന്ന് മനഃശാസ്ത്ര വിദഗ്ധരുമാണ് വിവരം ശേഖരിച്ചത്. കുട്ടികളുടെ സ്വകാര്യത പൂർണമായി കാത്തുസൂക്ഷിച്ചുകൊണ്ടാണ് റിപ്പോർട്ട് തയാറാക്കിയത്.
സർവേയിലെ 97 ശതമാനം കൗമാരക്കാരും ഏതെങ്കിലും ലഹരി ഉപയോഗിച്ചവരാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൗണ്‍സലിംഗ്, ചികിത്സ എന്നിവയ്ക്ക് വിധേയരായ വ്യക്തികളിൽ 97 ശതമാനം പേർ ഒരു തവണയെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചവരാണെന്നാണ് കണ്ടെത്തിയത്.
സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും ഉപയോഗിച്ച പ്രധാന ലഹരി പദാർഥം കഞ്ചാവാണ്. ലഹരി എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ച് തുടങ്ങിയത്. 79 ശതമാനം വ്യക്തികൾക്കും സുഹൃത്തുക്കളിൽനിന്നാണ് ആദ്യമായി ലഹരി പദാർഥം ലഭിച്ചതെന്നും സർവേയിൽ വ്യക്തമായി.
കുടുംബാംഗങ്ങളിൽനിന്ന് ലഹരി ആദ്യമായി ലഭിച്ചവർ അഞ്ചു ശതമാനമാണ്. സർവേയുടെ ഭാഗമായവരിൽ 38.16 ശതമാനം പേർ ലഹരി വസ്തുക്കൾ കൂട്ടുകാർക്ക് കൈമാറിയിട്ടുള്ളവരാണ്. 70 ശതമാനം പേരും പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ആദ്യമായി ലഹരി ഉപയോഗിച്ചത്. 15നും 19നും ഇടയിൽ ലഹരി ഉപയോഗം തുടങ്ങിയവർ 20 ശതമാനമാണ്.