എല്ലാ കൂടുകൾക്കു ചുറ്റിലും ഇടതൂർന്ന ചെടികളും മരങ്ങളും വളർത്തി സ്വാഭാവിക ആവാസവ്യവസ്ഥയുണ്ടാക്കും. മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലെ അതിരു തിരിച്ചറിയാനാകില്ല. സന്ദർശകരുടെ നടപ്പാതകളും സന്ദർശനമേഖലയും താഴ്ന്ന വിതാനത്തിലും മൃഗങ്ങളുടേത് ഉയർന്ന വിതാനത്തിലുമാകും.
വന്യജീവികൾക്കു മനുഷ്യസാന്നിധ്യമുണ്ടാക്കുന്ന സമ്മർദം കുറയ്ക്കാനും ഇതു സഹായിക്കും - കീർത്തി പറഞ്ഞു. പാർക്കുമുഴുവൻ ഹരിതാഭമാക്കാൻ 20,000 വിവിധ ചെടികളും മരങ്ങളും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണു വളർത്തിയെടുക്കുന്നത്.
ആകെസ്ഥലത്തിന്റെ മുക്കാൽഭാഗമാണു സുവോളജിക്കൽ പാർക്കായി വികസിപ്പിക്കുക. ഭാവിയിൽ ബാക്കിയുള്ള ഭാഗം സഫാരി പാർക്കായും വിഭാവനം ചെയ്യുന്നു. ഈ വർഷം സെപ്റ്റംബറിൽ പാർക്ക് തുറക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും കീർത്തി പറഞ്ഞു.
ലോകത്തെ വനങ്ങൾ എല്ലാം പുത്തൂരിലുണ്ടാകുംകടുവകൾക്കും പുള്ളിപ്പുലികൾക്കും സിംഹങ്ങൾക്കുമായി കൻഹ സോണും വരണ്ടതും പാറക്കെട്ടുകൾ നിറഞ്ഞതുമായ ആഫ്രിക്കയിലെ ആവാസവ്യവസ്ഥയൊരുക്കുന്ന സുളുലാൻഡ് സോണും വരയാടുകൾക്കും സിംഹവാലൻ കുരങ്ങുകൾക്കുമൊക്കെയായി സൈലന്റ് വാലി സോണുകളുമടക്കം ഒന്പതു സോണുകളും സംരക്ഷണ കേന്ദ്രവും പാർക്കിലുണ്ടാകുമെന്നു പാർക്കിന്റെ ക്യുറേറ്ററായ അശ്വിനി പറഞ്ഞു.
ആഫ്രിക്കയിൽനിന്നുള്ള ഹിപ്പോ, ജിറാഫ്, സീബ്ര, ഒട്ടകപ്പക്ഷി എന്നിവയാകും ഇവിടെയുള്ള താമസക്കാർ. ജലസസ്യങ്ങൾനിറഞ്ഞ ഹിപ്പോകളുടെ ആവാസയിടത്തിനു മുകളിലൂടെ നടക്കാനുള്ള സൗകര്യവുമുണ്ട്.
കരടികൾക്കായി ബിയർ സോണും വരയാടുകൾക്കായി കുറ്റിച്ചെടികൾ നിറഞ്ഞ പർവതവനങ്ങൾ ഉൾപ്പെട്ട സോണും കാട്ടുനായ്ക്കൾക്കും കുറുനരികൾക്കും ഹൈനകൾക്കുമായി പുൽമേടുകളും കാട്ടുപോത്തുകൾക്കായി മുളങ്കൂട്ടങ്ങൾ അതിരിടുന്ന വനവും ഉണ്ടാകും.
വാനരന്മാർക്കും പക്ഷികൾക്കുമായി മരക്കൊന്പുകൾപോലുള്ള കോണ്ക്രീറ്റ് നിർമിതികളാണ് ആദ്യഘട്ടത്തിൽ. സ്വാഭാവിക മരങ്ങൾ വളർന്നുവലുതാകുന്നതുവരെയാകും ഇവ ഉപയോഗിക്കുക. ഇവിടെയല്ലാം നടന്നെത്തുന്നതിനൊപ്പം ട്രാം റൈഡുമുണ്ടാകും.
മൃഗങ്ങളെ സുരക്ഷിതമായിനിന്നു കാണാൻ പാറക്കെട്ടുകളിലെ വിടവുകൾ പോലെയുള്ള പ്രത്യേകം പോക്കറ്റുകളുമുണ്ടാകും. തൃശൂർ നഗരത്തിൽനിന്നു 12 കിലോമീറ്റർ ദുരമേയുള്ളു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്. 350 ഏക്കർ വിസ്തൃതി. ചെലവ് 360 കോടി.
ഇന്ത്യയിലെ ആദ്യ സുവോളജിക്കൽ പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ പാർക്കുകളിലൊന്ന്. വെറ്ററിനറി ആശുപത്രി സമുച്ചയം, സന്ദർശക ഗാലറികൾ, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, കഫ്റ്റീരിയ, അഡ്മിനിസ്ട്രേഷൻ ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്സുകൾ, ടൊയ് ലറ്റ് ബ്ലോക്കുകൾ എന്നിങ്ങനെ അനുബന്ധ സൗകര്യങ്ങളും അവസാന ഘട്ടത്തിലാണ്.
ആദ്യഘട്ടത്തിൽ പാർക്കിലെത്തിച്ച കടുവകളായ ദുർഗയും വൈഗയും പുലിക്കുട്ടിയായ ലിയോയും തൃശൂർ മൃഗശാലയിൽനിന്നെത്തിച്ച പക്ഷികളും പ്രദേശവുമായും ജീവനക്കാരുമായും ഇണങ്ങി. വയനാട്ടിൽനിന്നെത്തിച്ച കടുവയായ രുദ്രനു തീവ്രപരിചരണമാണ് നൽകുന്നത്.
ഏപ്രിൽ-മേയ് മാസത്തിൽ തൃശൂർ മൃഗശാലയിൽനിന്നു മൃഗങ്ങളെ പൂർണമായി മാറ്റും. തിരുവനന്തപുരത്തുനിന്നു മാർച്ചിൽ കാട്ടുപോത്തിനെ എത്തിക്കും. ജൂണിൽ അനാക്കോണ്ടയെയും കംഗാരുവിനെയും കൊണ്ടുവരും.