ആ കോമ്പൗണ്ടില്‍ തന്നെയായിരുന്നു വത്തിക്കാന്‍ മ്യൂസിയം. അതൊക്കെ കണ്ടശേഷം ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ കണ്ടു. പിന്നീട് പോയത് പാദുവയിലെ അന്തോണീസ് പുണ്യാളന്റെ പള്ളിയിലേക്കാണ്. അന്നു രാത്രി ഹോട്ടലില്‍ തങ്ങി.
പിറ്റേന്ന് പാരീസിലേക്കാണ് പോയത്. ഈഫല്‍ ടവര്‍, ലവര് മ്യൂസിയത്തിലെ മോണാലിസയുടെ ചിത്രം ഒക്കെ കണ്ടു. അവിടത്തെ കാഴ്ചകളൊക്കെ കണ്ട് വൈകുന്നേരം പാരീസ് എയര്‍പോര്‍ട്ടിലെത്തി. അവിടെനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി ഏഴിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അങ്ങനെയാണ് പത്തു ദിവസം നീണ്ട ആദ്യ യാത്ര അവസാനിച്ചത്.
പിറ്റേവര്‍ഷവും ട്രാവല്‍ ഏജന്‍സിയില്‍നിന്ന് യാത്രയ്ക്കായി വിളിച്ചെങ്കിലും അടുത്ത യാത്രയ്ക്കുള്ള പണം സ്വരൂപിക്കാനായുള്ള ശ്രമത്തിലായിരുന്നു മേരി. രാവിലെ 7.30 ന് തുറക്കുന്ന കട രാത്രി 10.30 നു മാത്രമേ അടയ്ക്കാറുള്ളൂ. 2017 ല്‍ ടൂര്‍ കമ്പനികള്‍ക്കൊപ്പം സിങ്കപ്പൂര്‍, മലേഷ്യന്‍ യാത്രകള്‍ നടത്തി.
ആദ്യമായി പിറന്നാള്‍ കേക്ക് മുറിച്ചത് ലണ്ടനില്‍ 2019-ല്‍ കലൂരിലെ സോമന്‍സ് ലക്ഷ്വറി ടൂര്സില്നിന്ന് ലണ്ടനിലേക്ക് 15 ദിവസത്തെ യാത്രയുണ്ടെന്ന് പറഞ്ഞ് മോളിയെ വിളിച്ചു. 2,20,000 രൂപയാണ് ചെലവ്. മക്കളോട് യാത്രയെക്കുറിച്ചു പറഞ്ഞപ്പോള്‍ അവര്‍ സമ്മതം മൂളി. അങ്ങനെ 2019 മേയ് 22ന് 47 പേരടങ്ങുന്ന സംഘത്തോടൊപ്പം മോളി ലണ്ടനിലേക്കു പുറപ്പെട്ടു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൊച്ചി- ഖത്തര്‍, ഖത്തര്‍- ലണ്ടന്‍ ഫ്ളൈറ്റിലായിരുന്നു യാത്ര. എലിസബത്ത് രാജ്ഞിയുടെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ മട്ടുപ്പാവില്‍ നില്ക്കുന്ന രാജ്ഞിയെ വളരെ അകലെനിന്ന് ചെറുതായൊന്നു കാണാനും സാധിച്ചു.
പത്താം ക്ലാസുകാരിയ മോളിക്ക് ഇംഗ്ലീഷ് കേട്ടാല്‍ മനസിലാകും. പിറ്റേന്ന് സ്വിറ്റ്സര്ലണ്ടിലേക്കായിരുന്നു യാത്ര. തുടർന്ന് ബെല്‍ജിയത്തിലേക്കും. ഹോട്ടലില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് എല്ലാവരും മുറിയിലേക്ക് പിരിയാന്‍ നേരം മോളിച്ചേച്ചിയുടെ പിറന്നാളിന്ന് എന്നു പറഞ്ഞ് ടൂര്‍ മാനേജര്‍ ഒരു കേക്കുമായി എത്തി.
എന്റെ ജീവിതത്തില്‍ അന്നുവരെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. അങ്ങനെ 58-ാം പിറന്നാള്‍ ലണ്ടനില്‍ കേക്കു മുറിച്ച് ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായി-മോളി പറഞ്ഞു. കനാലുകളുടെ നാടായ ആസ്റ്റര്‍ ഡാമിലേക്ക് കപ്പലില്‍ യാത്ര ചെയ്തു. പിറ്റേന്ന് റോമിലെത്തി.
കൊളോസിയം, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക, സെന്റ് പീറ്റേഴ്സ് സ്ക്വയര്‍ സന്ദര്‍ശിച്ച ശേഷം മിലാന് എയര്‍പോര്‍ട്ടില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് തിരിച്ചു. അങ്ങനെ 15 ദിവസം നീണ്ട ലണ്ടന്‍ ട്രിപ്പ് വളരെയധികം സന്തോഷത്തോടെയാണ് അവസാനിച്ചത്.
15 ദിവസം അമേരിക്കയില്‍ കോവിഡിനെത്തുടര്‍ന്ന് യാത്രയൊക്കെ ഇല്ലാതിരുന്ന കാലമാണ് പിന്നീടുണ്ടായത്. അങ്ങനെയിരിക്കെ യാത്രാവിലക്ക് മാറിയതോടെ സോമന്‍സ് ടൂര്‍സില്‍ നിന്ന് വിളിച്ച് 15 ദിവസത്തെ അമേരിക്കന്‍ യാത്രയുണ്ടെന്നു പറഞ്ഞു.
3,70,000 രൂപയാണ് ചെലവ്. മക്കള്‍ അനുമതി തന്നെങ്കിലും അത്രയും പണം പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റില്ലെന്ന് ടൂര്‍ ഏജന്‍സിയെ അറിയിച്ചപ്പോള്‍ അവര്‍ പേര് തന്നോളാന്‍ പറഞ്ഞു. തുടര്‍ന്ന് അമേരിക്കന്‍ വിസ എടുക്കാനായി ചെന്നൈയ്ക്കു പോയി.
വിസ കിട്ടില്ലെന്ന് മോളി ഭയന്നെങ്കിലും പത്തു വര്‍ഷത്തേക്കുള്ള യുഎസ് വിസ കിട്ടി. 2021 നവംബര്‍ 11 ന് രാത്രി എട്ടിന് നെടുമ്പാശേരിയില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ടു. ടൂര്‍ കമ്പനിയായ സോമന്‍സ് ആറു ദിവസത്തെ ബാംങ്കോക്ക് യാത്രയില്‍ മോളിയുടെ സ്പോണ്‍സറായി.
കഴിഞ്ഞ നവംബറിലാണ് ഒമ്പതു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം നടത്തിയത്. ആ യാത്രയക്കുള്ള പണത്തിനായാണ് മാല പണയം വച്ചത്.നവംബര്‍ 26 നാണ് റഷ്യയിലെത്തിയത്. മഞ്ഞ് വീഴ്ചയുടെ സമയമാണത്. ഞാന്‍ സന്ദര്‍ശിച്ചിട്ടുളള രാജ്യങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായി തോന്നിയത് റഷ്യയായിരുന്നു- മോളി പറഞ്ഞു.
ഇനിയും രാജ്യങ്ങള്‍ കാണാനുണ്ട്... ഇഷ്ട സ്ഥലമായ ജപ്പാന്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, വിയറ്റ്നാം, കംമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ സന്ദര്‍ശനം നടത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. യാത്രകള്‍ക്കായി ഒരുരൂപ പോലും മറ്റൊരാളില്‍നിന്ന് വാങ്ങിയിട്ടില്ല.
സ്വന്തം അധ്വാനത്തില്‍ നിന്നു സ്വരൂപിച്ച തുക മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. അടുത്ത യാത്രയെക്കുറിച്ച് മനസില്‍ സ്വപ്നം കണ്ടുകൊണ്ട് മോളി പറഞ്ഞു.