അപ്പന്റെ രണ്ടാമത്തെ കത്ത് അന്ന് അസിസ്റ്റന്റ് വികാരിയായിരുന്ന ജോർജ് ചിറപ്പണത്തച്ചനായിരുന്നു.
ഇത്രേം പാകല്ല്യേടാ നിനക്ക്. ഉം എന്തു വിലയാ പുസ്തകത്തിന്..? 14 അണ.
ചേട്ടനും അനിയനുംകൂടി അച്ചൻ 28 അണ തന്നു.
എവിടുന്നാടാ വാങ്ങാ? ഠാണാവീന്ന് സി.എ. ജോസിന്റെ കടേന്ന്.
പോയി വാങ്ങീട്ട് തിരിച്ചിതിലേ വരാൻ പറഞ്ഞു. പുസ്തകം വാങ്ങാൻ പോകുന്പോൾ വീണ്ടും ഒരു തറവാടിത്തം, ഞങ്ങൾക്ക്.നമ്മൾ കള്ളന്മാരാണെന്ന് വിചാരിച്ചിട്ടുണ്ടാവോ അച്ചൻ, അതോണ്ടാണോ തിരിച്ചതിലേ വരാൻ പറഞ്ഞെ.
നമ്മുടെ മോത്ത് നോക്ക്യാ തോന്നോടാ അങ്ങനെ, ഞാൻ ചേട്ടനോടു ചോദിച്ചു. എന്തായാലും പുസ്തകം വാങ്ങിച്ചെന്നു. അച്ചൻ പറഞ്ഞു, മിടുക്കൻമാർ. എന്നിട്ട് അതിൽ സ്നേഹപൂർവം ജോർജ് ചിറപ്പണത്തച്ചൻ എന്ന് എഴുതിത്തന്നു.
അങ്ങനെ പഠിച്ചു. കണക്കിനും ഹിന്ദിക്കും 90 മാർക്ക്. മലയാളത്തില്‍ 100 മാർക്ക്.അതു കഴിഞ്ഞ് തുന്നക്കടയിൽ ജോലിക്കുപോയി, കൃഷ്ണമേനോന്റെയും തങ്കപ്പമേനോന്റെയും. മാസം നാലു രൂപ കിട്ടും. അത് അപ്പന്റേ കൊടത്ത് അതിൽനിന്ന് രണ്ടേകാൽ അണ ചോദിച്ചുവാങ്ങും. സിനിമ കാണാൻ. സിനിമയിലെ പാട്ടുകളൊക്കെ പാടും. അങ്ങനെയാണു കലയോടു മോഹം തോന്നിയത്.
അന്ന് കുതിരവണ്ടിയിൽ ബാൻഡുമായി റോന്തുചുറ്റും നാടകത്തിന്റെ പ്രചാരണാർഥം. അതിനൊപ്പം പിന്നാലെ പോകും. രാവിലെമുതൽ വൈകുന്നേരംവരെ. അങ്ങനെയാണു സംഗീത വാസനയുണ്ടായത്.
പൂരപ്പറന്പിലെ നാടകംകളി, മ്മ്ടെ തൃശൂരില്‍1970ൽ ഒരു പൊതുവാൾമാഷുണ്ടായിരുന്നു, പാറമേക്കാവിലെ കാഷ്യർ. അദ്ദേഹത്തോടു ചോദിച്ചു. ഞാനൊരു നാടകക്കാരനാണ്, എനിക്കു നാടകം കളിക്കാൻ അവസരം തരോ…
എന്ത് നാടകാ…
ഞാൻ പറഞ്ഞു, തമാശനാടകാ. ന്തൂട്ട് തമാശ്യാ… നല്ല തമാശ്യാ.
എത്രസമയാ… ഒന്നര മണിക്കൂർ. ഹൊ! സമയം കൂടുമോ…
ഇല്ല, അത്രേം വേണം.
ആ കളിച്ചോളൂ, നാളെ കളിച്ചോളൂ.. എന്താ എഴുതിവയ്ക്കേണ്ടേ…
ജോസ് പായമ്മൽ അവതരിപ്പിക്കുന്ന നാടകം.
അത്രേം മതിയോ… മതി, എന്നെ അങ്ങനെയാ അറിയാ…
വൈകുന്നേരം തുടങ്ങാൻ സമയത്തു ഞാൻ പറഞ്ഞു, പൊതുവാൾസാറെ, ഒന്നുവന്നു കാണൂ.
ആ ഞങ്ങളു വരാം, ഞാന്‍ മാത്രല്ല സെക്രട്രീം വരും.
നാടകം കഴിഞ്ഞ് എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപതരും, തുടർച്ചയായി കളിക്കാവോ… കളിക്കാം. അങ്ങനെ തുടങ്ങിയതാണ്. അയ്യായിരം രൂപവരെയായി. അങ്ങനെ 1,882 നാടകം കളിച്ചു. അതൊരിക്കൽ ഒരാൾ പറഞ്ഞു “നീ ഗിന്നസ് ബുക്കിലേക്കൊന്നെഴുതടാ.. അതൊരു വലിയ സംഭവമല്ലേ’. അങ്ങനെ അവിടേക്ക് കത്തയച്ചു. നിങ്ങൾക്ക് ഉടനേ വേണോ. അങ്ങനെയെങ്കിൽ ഇരുപത്തഞ്ചായിരം ഡോളർ വേണം.
“അവരുടെ അപ്പനും അമ്മയ്ക്കും വിളിക്കേണ്ടതായിരുന്നു ഞാൻ’ (ഭാവപ്രകടനത്തോടെ ജോസ് പായമ്മൽ).
അതോണ്ട് ഒരു കാര്യവുമില്ല, ഗിന്നസ്ന്ന് വച്ചിട്ടെന്താ കാര്യം, പത്തുപൈസ കിട്ടുന്നുണ്ടോ. അതല്ലാതെതന്നെ പേരു കിട്ടുന്നുണ്ട്. ജോസ് പായമ്മൽന്ന് പറഞ്ഞാ എല്ലാവരും അറിയും.
ഡൽഹിയിൽവരെ സ്വീകരണം ലഭിച്ചു. അന്ന് ഒാംചേരി പറഞ്ഞു “”മിസ്റ്റർ ജോസ്… ഞാൻ ഒരുപാട് നാടകങ്ങൾ എഴുതിയിട്ടുള്ള ആളാണ്. പക്ഷേ ഇങ്ങനെയൊരു നാടകം എന്റെ ജീവിതത്തിൽ ആദ്യമാണ്.
ഈ നാടകം നിങ്ങളുടെ മനസിലേയുള്ളൂ. ബാക്കിയുള്ളവർക്കെല്ലാം നിങ്ങൾ പറഞ്ഞുകൊടുത്തതാണ്. അതല്ലേ നിങ്ങൾ ചെയ്തത്. ഇത് ലൈഫാണ്. എനിക്കു വളരെ ഇഷ്ടമായി”.
തുടരുംടി.എ. കൃഷ്ണപ്രസാദ്