പാപ്പാനായി പണിയെടുത്ത ആനകളെ എല്ലായ്പോഴും മികച്ച രീതിയിൽ പരിചരിച്ചിട്ടുള്ള ഇവർ പ്രായം ഏറെ ആയെങ്കിലും ഇപ്പോഴും ആനകളോടൊപ്പം സജീവമാണ്. ഇവരിൽ പലരെയും തേടി ഒരു പുരസ്കാരം എത്തുന്നത് ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കാം. അതുതന്നെയാണ് കൂട്ടുകൊമ്പൻമാർ നൽകുന്ന പുരസ്കാരത്തിന്റെ പ്രസക്തി.
കേരളത്തിൽ ഏറ്റവും അധികം ആനകളെ ഉത്സവസ്ഥലങ്ങളിലേക്ക് എത്തിച്ചുനൽകിയ തൃശൂരിലെ ആനസ്വാമി എന്നറിയപ്പെടുന്ന കെ. എൻ.വെങ്കിടാദ്രിയാണ് മറ്റൊരാൾ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളപ്പോഴാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രം സ്വന്തമാക്കുന്നത്. ഇപ്പോഴും മേഖലയിൽ സജീവമാണ് വെങ്കിടാദ്രി.
ഒരു ആന തൊഴിലാളിയുടെ അത്രയൊന്നും സാമ്പത്തികമായി മെച്ചമല്ലാത്ത കുടുംബ പശ്ചാത്തലത്തിൽനിന്ന് എംബിബിഎസ് എന്ന സ്വപ്നത്തിലേക്ക് ആരെയും സഹായമില്ലാതെ കടന്നുചെന്ന വി.പി. സിനി എന്ന മെഡിക്കൽ വിദ്യാർഥിനിയും ആദരിക്കപ്പെടുന്നുണ്ട്.
ദീർഘകാലം ചെർപ്പുളശേരി വലിയ അയ്യപ്പന്റെ പാപ്പാൻ ആയിരുന്ന അയ്യപ്പന്റെ മകൾ. എൻട്രൻസ് പരിശീലനം കോച്ചിംഗ് ക്ലാസുകൾ എന്നിവകൾക്ക് പോകാതെ വീട്ടിലിരുന്നുതന്നെ പഠനം നടത്തി സംസ്ഥാനത്ത് മെറിറ്റിൽ എംബിബിഎസ് പഠനത്തിന് അർഹത നേടിയത് ആദരിക്കപ്പെടേണ്ട നേട്ടംതന്നെയാണ്.
ആനകളോടുള്ള താല്പര്യംകൊണ്ട് വെറ്ററിനറി ആയുർവേദചികിത്സ പഠനം നടത്തി ഹസ്ത്യായൂർവേദത്തിൽ പ്രാക്ടീസ് നടത്തുന്ന യുവ ചികിത്സകൻ ഡോ.വി.ശബരിനാഥ് ആണ് പുരസ്കാരത്തിന് അർഹനായ മറ്റൊരു വ്യക്തി.
ആനയെ എങ്ങനെ ശരിയായ വിധത്തിൽ പരിപാലിക്കണം എന്ന് കാണിച്ചുകൊടുത്ത് മറ്റുള്ളവർക്ക് കൂടി മാതൃകയായി മാറിയ പാറന്നൂർ നന്ദൻ എന്ന കൊമ്പന്റെ ഉടമ വിജയകുമാർ പാറന്നൂരും ആദരിക്കപ്പെടുന്നുണ്ട്.
ആനകളുടെയും ആന പാപ്പാന്മാരുടെയും ബന്ധത്തെക്കുറിച്ചും സാമൂഹിക ജീവിതത്തെക്കുറിച്ചും നിരവധി ഗവേഷണങ്ങൾ നടത്തി ഡോക്ടറേറ്റ് നേടാൻ ശ്രമിക്കുന്ന യുവ ആനഗവേഷകൻ മാർഷൽ സി. രാധാകൃഷ്ണനാണ് പുരസ്കാരം സ്വീകരിക്കുന്ന മറ്റൊരാൾ.
ആനപ്പാപ്പാൻന്മാർക്കായി ഒരുക്കുന്ന പരിശീലനപരിപാടികളിൽ സ്ഥിരമായി ക്ലാസുകൾ എടുക്കാറുണ്ട്. ആന ആനപാപ്പാന്മാരെക്കുറിച്ച് മാർഷൽ നിരവധി അന്തർ ദേശീയ ദേശീയ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
മുൻകാലങ്ങളിൽ ആന ആനച്ചമയങ്ങൾ ഉത്സവങ്ങളിലേക്കെത്തിച്ചു നൽകിയ ശങ്കരൻകുട്ടി എന്ന വ്യക്തിയും ആദരിക്കപ്പെടും. ശങ്കരൻകുട്ടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കേരളത്തിൽ എത്തുമായിരുന്നില്ല.
വെങ്കിടാദ്രിക്കു വേണ്ടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ബീഹാറിൽനിന്നും കണ്ടെത്തി കേരളത്തിലേക്ക് എത്തിക്കുന്നത്. ശങ്കരൻ കുട്ടിയാണ്. സ്മിതേഷ് ശശീധരൻ എന്ന ആന ബ്യൂട്ടീഷനും അംഗീകാരമുണ്ട്.
പാരമ്പര്യമായി ആനകളുടെ കൊമ്പ് ഭംഗിയാം വിധം ഒരുക്കുന്ന കലാകാരനാണ്. ഇപ്പോൾ ആനകൾക്ക് വേണ്ട ചങ്ങല ലോക്കറ്റ് ഇവയുടെ നിർമാണവും നടത്തുന്നു. ആറാട്ടുപുഴ അടക്കം നിരവധി പൂരങ്ങൾക്ക് അമ്പത് വർഷത്തിൽ കൂടുതൽ ആനകൾക്ക് മുൻപിൽ തീപ്പന്തം ഒരുക്കിയ കലാകാരൻ ചിറക്കൽ ബാലൻ എന്നയാളും പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
മധ്യകേരളത്തിലും വടക്കൻ നാട്ടിലും ആനകൾക്കായി തീറ്റ ഒരുക്കി കൃത്യമായി എത്തിച്ചു നൽകുന്ന ആനകളുടെ അന്നദാതാവ് എന്നറിയപ്പെടുന്ന വെള്ളിനേഴി രവിയും പുരസ്കാരം സ്വീകരിക്കാൻ എത്തും.
ചെറുപ്പം മുതൽക്കേ ഉത്സവങ്ങളിൽ ആനപ്പുറം തൊഴിലാളിയായി ആയും ഇപ്പോൾ നിരവധി ഉത്സവങ്ങൾക്ക് ആനപ്പുറം സജ്ജീകരിക്കുന്ന കലാകാരനായും പ്രവർത്തിക്കുന്ന ആനക്കല്ല് ബാബുവും പുരസ്കാരത്തിലൂടെ ആദരിക്കപ്പെടും. ജീവിതത്തിൽ ഒരുപക്ഷേ ഇവർക്ക് ആദ്യമായി കിട്ടുന്ന പുരസ്കാരം ആയിരിക്കാം ഇത്.
തലയെടുപ്പുള്ള ആനകളെ നോക്കി ആനച്ചന്തം നോക്കി ഉത്സവപ്പറമ്പുകളിലും പൂരപ്പറമ്പുകളിലും അലയുമ്പോൾ ജനക്കൂട്ടം കാണാതെയും ശ്രദ്ധിക്കാതെയും പോകുന്ന ഈ ആന തൊഴിലാളികളെ ആദരിക്കാൻ എത്തിയ കൂട്ടു കൊമ്പന്മാർക്ക് ചാർത്തി കൊടുക്കാം ആനത്തലയോളം വലിപ്പമുള്ള ഒരു ആദരവ് പട്ടം.
ഋഷി