ചുരുങ്ങിയ വാക്കുകളില് നൊമ്പരം പറഞ്ഞ്"എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്' - ചുരുങ്ങിയ വാക്കുകളില് തന്റെ സങ്കടം എഴുതിവച്ചാണ് ഷഹന ഈ ലോകത്തുനിന്ന് യാത്രയായത്. ആലപ്പുഴ മെഡിക്കല് കോളജിലാണ് ഷഹന എംബിബിഎസ് പഠനം പൂര്ത്തിയാക്കിയത്.
തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളജില് ഉപരി പഠനത്തിനായെത്തി. വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന് ആരുമില്ലെന്നുമുള്ള വേദന ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
എല്ലാവര്ക്കും പണം മതി. ആരെയും ബുദ്ധിമുട്ടിക്കാനില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന് മാത്രമാണുള്ളത്. വിവാഹത്തിന് ഉള്പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്കാനാണെന്നും ആത്മഹത്യാക്കുറിപ്പില് ഷഹന പറഞ്ഞു നിര്ത്തുന്നു.
സുഹൃത്തുക്കളായ ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയപ്പോള് ഷഹനയെ വിവാഹം കഴിക്കാന് ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസാണ് വീട്ടില് വിവാഹാലോചനയുമായി എത്തിയതെന്നാണ് ഷഹനയുടെ ബന്ധുക്കള് പറയുന്നത്.
വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള് റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്പ്പെടെയുള്ള കാര്യങ്ങള് ചര്ച്ച നടത്തിയിരുന്നു.
ഷഹ്നയുടെ ഇഷ്ടം കണക്കിലെടുത്ത് 50 പവന്, 50 ലക്ഷം രൂപയുടെ സ്വത്തും ഒരു കാറും കൊടുക്കാമെന്ന് വീട്ടുകാര് സമ്മതിച്ചിരുന്നു. കൊടുക്കാന് പറ്റുന്ന അത്രയും കൊടുക്കുമെന്ന് ഉറപ്പു നല്കിയെന്നാണ് ബന്ധുക്കള് പറയുന്നത്.
തെളിവായി വാട്സാപ്പ് സന്ദേശങ്ങള്വിവാഹം നടക്കണമെങ്കില് ഭീമമായ തുക സ്ത്രീധനമായി നല്കണമെന്ന് റുവൈസ് ആവശ്യപ്പെട്ടതായാണ് വാട്സാപ്പ് സന്ദേശങ്ങള് സൂചിപ്പിക്കുന്നത്. 150 പവന് സ്വര്ണം, വസ്തു, ബിഎംഡബ്ല്യൂ കാര് എന്നിങ്ങനെയാണത്രെ സ്ത്രീധനമായി ആവശ്യപ്പെട്ടത്.
അതു കൊടുത്തില്ലെങ്കില് വിവാഹത്തില് നിന്ന് പിന്മാറുമെന്ന് അറിയിച്ചതിനെത്തുടര്ന്നുണ്ടായ മാനസിക സമ്മര്ദമാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ഷഹന ആത്മഹത്യ ചെയ്യാന് പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. പകരം ഇയാള് ഷഹനയുടെ നമ്പര് ബ്ലോക്ക് ചെയ്തു. ഇത് ഷഹനയുടെ മനോനില കൂടുതല് തകര്ക്കാന് ഇടയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്.
ഷഹനയുടെ സഹോദരന് ജാസിംനാസ നല്കിയ പരാതിയില് മെഡിക്കല് കോളജ് പോലീസ് റുവൈസിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാകുറ്റം (ഐ.പി.സി 306), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന് 4 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
സീമ മോഹൻലാൽ