ഒപ്പം സ്കൂൾ അധികൃതരും സർക്കാർ സംവിധാനവുമെല്ലാം ഇക്കാര്യത്തിൽ കുട്ടികൾക്കുവേണ്ട ഉപദേശവും സംരക്ഷണവും നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയേ മതിയാകൂ.
കുട്ടികളെ തനിച്ചാക്കരുത്കുട്ടികളുടെ സുരക്ഷ വർത്തമാനകാലത്തെ വലിയ ആശങ്കതന്നെയാണ്. നമ്മള് ഒടുവില് കണ്ടത് കൊല്ലം ഓയൂരിലെ കുഞ്ഞിന്റെ തട്ടിക്കൊണ്ടു പോകലാണ്. ആ മകളെ ആപത്തൊന്നുമില്ലാതെ കണ്ടെത്തിയെങ്കിലും ആവര്ത്തിക്കപ്പെടുന്ന കുട്ടികളുടെ തിരോധാനത്തിൽ എല്ലാവരുടെയും ജാഗ്രത അനിവാര്യമാണ്.
കുട്ടികള് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അതിന് അവരെ പ്രാപ്തരാക്കണം. അപരിചിതരുമായി സംസാരിക്കരുത്, ആരും ഒറ്റയ്ക്കായിരിക്കരുത്, എന്തെങ്കിലും സംശയം തോന്നിയാല് ഉടനെ മുതിര്ന്നവരെ അറിയിക്കണം തുടങ്ങിയവ കുഞ്ഞുപ്രായത്തില്തന്നെ അവരെ പഠിപ്പിക്കണം.
മുതിര്ന്നവര് കുട്ടികളെ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. തട്ടിക്കൊണ്ടുപോകൽ തടയാന് രക്ഷിതാക്കള്ക്കൊപ്പം സമൂഹവും വലിയ ശ്രദ്ധ ചെലുത്തുകതന്നെ വേണം. സ്കൂളുകള്, പാര്ക്കുകള്, പൊതുസ്ഥലങ്ങള് എന്നിവിടങ്ങളില് സുരക്ഷിതമായ പരിസരം സൃഷ്ടിക്കണം.
സുരക്ഷാ കാമറകള് സ്ഥാപിക്കുക, മതിയായ ലൈറ്റുകള് ഉറപ്പാക്കുക, പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെ നിയമിക്കുക എന്നിവ സുരക്ഷ വര്ധിപ്പിക്കാന് സഹായിക്കും.
കുട്ടികളുടെ സുരക്ഷയ്ക്കായി ഉണ്ടാക്കിയ നിയമങ്ങള് കർശനമായി നടപ്പിലാക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്ക്കുള്ള ശിക്ഷ കൂടുതല് കടുപ്പിക്കുക, കുറ്റവാളികളെ പിടികൂടുന്നതിനും വിചാരണ നടത്തുന്നതിനുമുള്ള നടപടിക്രമങ്ങള് വേഗത്തിലാക്കുക എന്നിവ ഇതിൽ പ്രധാനമാണ്.
കുട്ടികള് അപകടത്തിലാണെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ ഉടനെ പോലീസിനെ അറിയിക്കണം. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അവബോധം വളര്ത്തുന്നതിനുള്ള പരിപാടികളില് എല്ലാവരും പങ്കെടുക്കണം.
ഇന്റര്നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ സൈബര് കുറ്റകൃത്യങ്ങളില്നിന്നു സംരക്ഷിക്കാനും ജാഗ്രത വേണം. കുട്ടികള് സോഷ്യല് മീഡിയ ഉപയോഗിക്കുമ്പോള് മുതിര്ന്നവരുടെ നിരീക്ഷണം ഉറപ്പാക്കണം.
കുടുംബബന്ധങ്ങള് ശക്തിപ്പെടുത്തുക വളരെ പ്രധാനമാണ്. കുട്ടികളുമായി കൂടുതല് സമയം ചെലവഴിക്കണം. അവരുടെ കാര്യങ്ങളില് താത്പര്യം പ്രകടിപ്പിക്കുകയും കുട്ടികള്ക്ക് എന്തും മാതാപിതാക്കളോടു തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന തിരിച്ചറിവ് സൃഷ്ടിക്കുകയും വേണം.
ഒന്നിച്ചിരുന്നു ഭക്ഷണം പങ്കിട്ടു കഴിക്കാനുള്ള അവസരം പരമാവധി സൃഷ്ടിക്കാനുള്ള ബോധപൂര്വമായ ശ്രമം വേണം. ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങള്ക്കു തങ്ങളുടെ ആശങ്കകൾ തുറന്നുപറയാന് കഴിയും.
പ്രദീപ് ഗോപി