ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. പ്രായം പരിഗണിച്ച് ഭര്‍തൃപിതാവിനു കോടതി മുന്‍കൂര്‍ ജാമ്യം നല്കി. വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
ഞെട്ടിക്കുന്ന കണക്കുകള്സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഈവർഷം ഒക്ടോബര്‍വരെ സംസ്ഥാനത്ത് ഏഴു സ്ത്രീധന മരണങ്ങളാണ് സംഭവിച്ചത്. 2022ല്‍ 11 സ്ത്രീധന മരണങ്ങളും 2021ല്‍ ഒമ്പതു സ്ത്രീധന മരണക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2020ല്‍ ആറ്, 2019ല്‍ എട്ട്, 2018ല്‍ 17, 2017ല്‍ 12, 2016ല്‍ 25 എന്നിങ്ങനെയാണ് സ്ത്രീധന മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനു രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അന്പരപ്പിക്കുന്നതാണ്.
2023 ഒക്ടോബര്‍ വരെ ഇത്തരത്തിലുള്ള 3,997 കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോർട്ട് ചെയ്തത്. 2022ല്‍ 4,998 കേസുകളും 2021 ല്‍ 4,997 കേസുകളും 2020 ല്‍ 2,707 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
2019ല്‍ 2,970 കേസുകള്‍, 2018 ല്‍ 2,046 കേസുകള്‍, 2017 ല്‍ 2,856 കേസുകള്‍, 2016 ല്‍ 3,455 കേസുകള്‍ എന്നിങ്ങനെയാണ് ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരേ റിപ്പോര്‍ട്ട് ചെയ്തത്.
പരാതിപ്പെടാന്‍ മടിക്കേണ്ടസ്ത്രീധനത്തിന്റെ പേരില്‍ പ്രശ്നമുണ്ടായാല്‍ സ്ത്രീകള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ വനിതാശിശു വികസന വകുപ്പിന്റെ ജില്ലാ ഓഫീസര്‍ക്ക് ഓണ്‍ലൈനായും പോസ്റ്റലായും പരാതി നല്‍കാം.
പരാതി ലഭിച്ച് മൂന്നു പ്രവര്‍ത്തി ദിവസത്തിനകം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തും. പരാതിക്കാരി തെളിവുകളും രേഖകളും ഹാജരാക്കിയാല്‍ ഉടന്‍ ഹിയറിംഗ് തുടങ്ങും.
ഭര്‍ത്താവ് ആരോപണങ്ങള്‍ നിഷേധിച്ചാല്‍, അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ആവശ്യമെന്ന് കണ്ടാല്‍ കേസ് പോലീസിന് കൈമാറുകയും ചെയ്യും. എല്ലാ പഞ്ചായത്തുകളിലും വെള്ളിയാഴ്ചകളില്‍ നടത്തുന്ന അദാലത്തുകളിലും സ്ത്രീകള്‍ക്ക് പരാതികള്‍ നല്‍കാം.
അദാലത്തുകളില്‍ ലഭിക്കുന്ന പരാതികള്‍ തരംതിരിച്ച് അതാത് ജില്ലാതല ഓഫീസര്‍മാര്‍ക്ക് കൈമാറും. വനിതാ ശിശു വികസന വകുപ്പിന്റെ ഹെല്പ് ലൈന്‍ നമ്പറായ 181 ലേക്ക് വിളിച്ചും സ്ത്രീകള്‍ക്ക് സഹായം തേടാം.
സീമ മോഹന്‍ലാല്‍