തൊട്ടടുത്തുള്ള പൊതുവിദ്യാലയങ്ങളിൽ തുടർപഠനമൊരുക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ ഇടമലക്കുടിയുടെ സാഹചര്യം വ്യത്യസ്തമാണ്. സൊസൈറ്റിക്കുടിയിലെ ട്രൈബൽ എൽപി സ്കൂൾ മാത്രമാണ് ഏക വിദ്യാലയം. മുളകുതറക്കുടി ഉൾപ്പെടെയുള്ള വിദൂര ഊരുകളിൽനിന്ന് വനം താണ്ടി മൂന്നുനാലു മണിക്കൂർ നടന്നുവേണം ഇവിടെത്താൻ. ഇത് പ്രായോഗികമല്ലാത്തതിനാൽ രക്ഷിതാക്കൾ കുട്ടികളെ അയയ്ക്കായി.
ഊരുകളെ അടുത്തറിഞ്ഞവർപരിമിതികൾക്കു നടുവിൽലും ഇടമലക്കുടിക്കുവേണ്ടി സമർപ്പിത സേവനം ചെയ്ത അധ്യാപകരാണ് കോഴിക്കോട് മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി വി.സുധീഷും ഡി.ആർ.ഷിംലാലും. ഇടമലക്കുടിയിലേക്ക് നിയമനം ലഭിച്ച അധ്യാപകരിൽ ഏറെപ്പേരും അന്നുതന്നെയോ മാസങ്ങൾക്കുള്ളിലോ സ്ഥലംമാറ്റം വാങ്ങുന്ന അനുഭവമാണുള്ളത്.
ഇവിടെ നിയമനം ലഭിച്ച ഒരു പ്രധാന അധ്യാപിക അവധിയെടുത്ത് സ്കൂൾ കാണാതെതന്നെ മാസങ്ങളോളം വേതനം വാങ്ങി. 2014-ൽ ക്ലേശപാതകൾ താണ്ടിയാണ് കോഴിക്കോട്ടുനിന്നും സുധീഷും ഷിംലാസും ഇടമലക്കുടിലെത്തി വനവാസികളുടെ ഹൃദയത്തിൽ ഇടം നേടിയത്.
കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാൻ ഗോത്രഭാഷ പഠിക്കുകയും അവർക്കായി ഗോത്ര പാഠാവലിയും നിഘണ്ടുവും തയാറാക്കുകയും ചെയ്ത ഇവർ ഏറെക്കാലം കാടിന്റെ മക്കൾക്ക് അക്ഷരം പകർന്നു.
സുധീഷ് പങ്കുവച്ച് അനുഭവമിങ്ങനെ: ആദ്യമായി ക്ലാസിലെത്തുന്പോൾ ഞങ്ങൾ പറയുന്നത് കുട്ടികൾക്കും കുട്ടികൾ പ്രതികരിക്കുന്നത് ഞങ്ങൾക്കും മനസിലായിരുന്നില്ല. എഴുനേൽക്കാനും പുസ്തകം എടുക്കാനും പറഞ്ഞാൽ അനുസരിക്കാത്ത കുട്ടികൾ. അനുസരണക്കേടല്ല, ഭാഷയുടെ അജ്ഞതയാണ് പരിമിതിയെന്ന് പിന്നീടാണ് മനസിലായത്. ഇത് തരണം ചെയ്യാൻ ആദ്യം ചെയ്തത് മുതുവാൻ ഭാഷയെ മനസിലാക്കാൻ ഓരോ കുടിയും സന്ദർശിച്ചു തുടങ്ങി.
അവർ പറയുന്ന വാക്കുകൾ എഴുതിയും പറഞ്ഞും ക്ലാസിൽ പ്രയോഗിച്ചും കുട്ടികൾക്കൊപ്പം കൂടി. കുട്ടികളുടെ വരവ് വർധിച്ചതോടെ കൂടുതൽ വാക്കുകൾ പഠിക്കാൻ തുടങ്ങി. അത്തരത്തിൽ മൂന്നാം ക്ലാസിലെ പരിസര പഠനം എന്ന പുസ്തകത്തെ പൂർണമായി ഗോത്ര ഭാഷയിലേക്ക് പകർത്തി.
2020-ൽ ഇവർ മുതുവാൻ ഭാഷയിലെ 2,500 വാക്കുകൾ ഉപയോഗിച്ചുള്ള മുതുവാൻ-മലയാളം ഭാഷാ നിഘണ്ടു പുറത്തിറക്കി. കുട്ടികളും രക്ഷിതാക്കളും അവിടെയുണ്ടായിരുന്ന ഏകാധ്യാപക സ്കൂളുകളിലെ അധ്യാപരുമായി ഏറെക്കാലം സംസാരിച്ച് അവരുടെ ഭാഷ ഞങ്ങൾ പഠിച്ചു.
ഞങ്ങൾ അധ്യാപകരായി എത്തുന്പോൾ സ്കൂൾ രജിസ്റ്ററിലുണ്ടായിരുന്നത് 12 കുട്ടികൾ. പലപ്പോഴും ക്ലാസിൽ എത്തിയിരുന്നത് ഒരാൾ മാത്രം. ഇടമലക്കുടി ഗവ. ട്രൈബൽ എൽപി സ്കൂളിൽനിന്ന് ഞങ്ങൾ പടിയിറങ്ങുന്പോൾ വിദ്യാർഥികളുടെ എണ്ണം 139. അക്കാലത്ത് ഒന്നാം ക്ലാസിൽ രണ്ട് ഡിവിഷൻ വരെയെത്തിയിരുന്നു. കോവിഡുകാലത്ത് സംസ്ഥാനത്ത് തുറന്ന് പ്രവർത്തിച്ച ഏക സ്കൂലായിരുന്നു ഇടമലക്കുടി.