തുടര്‍ന്നു കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്കി. 25 വര്‍ഷം കഴിഞ്ഞിട്ടും താഹിറിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇതിനിടെ, ഏതാനും വര്‍ഷം മുമ്പ് താഹിറിന്റെ മുഖഛായയുള്ള ഒരു കുട്ടി ഇടുക്കി ഏലപ്പാറയിലുണ്ടെന്നു വിവരം ലഭിച്ചു.
ആ വഴിക്കും അന്വേഷണം നടന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ അതു താഹിറല്ലെന്നു സ്ഥിരീകരിച്ചു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും താഹിര്‍ ഇന്നും കാണാമറയത്തു തന്നെ. താഹിറിനായുള്ള കാത്തിരിപ്പു തുടരുകയാണ് അച്ഛന് ജലീലും അമ്മ റഷീദയും.
തട്ടിക്കൊണ്ടുപോകലിന് ലക്ഷ്യങ്ങള്‍ പലത്കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ ലക്ഷ്യങ്ങള്‍ പലതാണ്. ഭിക്ഷാടനമാഫിയ ആയിരുന്നു ആദ്യകാലത്ത് മുന്‍പന്തിയില്‍. തട്ടിയെടുക്കുന്ന കുട്ടികളെ ഇതരസംസ്ഥാനങ്ങളിലേക്കു കടത്തി അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനായി ഉപയോഗിച്ചു പണം കൊയ്യുന്ന സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിലെ കുരുന്നുകൾ ഇവിടെ നാണയത്തുട്ടുകൾക്കായി കൈനീട്ടുന്നത് പതിവുകാഴ്ചയായിരുന്നു. സംസ്ഥാനത്ത് ഭിക്ഷാടനം നിരോധിച്ചതോടെയാണ് ഇതിനു ശമനമായത്. ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ഭിക്ഷാടനമാഫിയ കേരളത്തില്‍നിന്നുള്ള ഒട്ടേറെ കുഞ്ഞുങ്ങളെ റാഞ്ചിയെടുത്തിട്ടുണ്ട്.
മക്കളില്ലാത്ത ദന്പതികൾ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അടുത്തയിടെ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഒരു കുഞ്ഞിനെ നഴ്സ് വേഷത്തിലെത്തിയ യുവതി തട്ടിയെടുത്തിരുന്നു. കുഞ്ഞിന് നിറവ്യത്യാസമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പറഞ്ഞു നവജാതശിശുവിനെ മാതൃമാതാവില്നിന്നു വാങ്ങിയ യുവതി കുഞ്ഞുമായി മുങ്ങുകയായിരുന്നു.
കുഞ്ഞിനെ കാണാതായ വിവരം പെട്ടെന്നുതന്നെ പുറത്തുവന്നതോടെ സിസിടിവിയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി. മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നു യുവതി പോലീസിനു മൊഴി നല്കി.
തീവ്രവാദത്തിനും ലഹരികടത്തിനും വരെ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലവേലയ്ക്കും ലൈംഗിക ചൂഷണത്തിനും വേശ്യാവൃത്തിക്കും സെക്സ് ടൂറിസത്തിനും മരുന്നു പരീക്ഷണത്തിനും വരെ കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്.
കൂടാതെ അവയവമാഫിയയുടെ റാഞ്ചലുകൾവരെ നടന്നിട്ടുണ്ട് ഈ കൊച്ചുകേരളത്തിൽ. തട്ടിയെടുക്കുന്ന കുട്ടികളുടെ വൃക്കയടക്കമുള്ള അവയവങ്ങള്‍ എടുത്ത ശേഷം ഇവരെ തെരുവില്‍ ഉപേക്ഷിച്ച സംഭവങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാറിലെത്തി ക്ലോറോഫോം മണപ്പിച്ചു മയക്കി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സിനിമാസ്റ്റൈല്‍ തട്ടിക്കൊണ്ടു പോകല്‍ ഒരുകാലത്ത് കേരളത്തിൽ പതിവായിരുന്നു. തട്ടിയെടുത്ത കുട്ടിയെ വച്ചു മോചനദ്രവ്യം ആവശ്യപ്പെട്ടു ലക്ഷങ്ങൾ സന്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പണം നല്കി പ്രലോഭിപ്പിച്ചും പ്രണയം നടിച്ചും പെണ്‍കുട്ടികളെ വലയിലാക്കി കൊണ്ടുപോകുന്ന സംഭവങ്ങളും പലതുണ്ടായി. ഈവിധം കാണാതായ ഒട്ടനവധി പെണ്‍കുട്ടികളെക്കുറിച്ച് ഇന്നും ഒരറിവുമില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒടുവില്‍ കണ്ടെത്താന്‍ കഴിഞ്ഞ കുരുന്നുകള്‍ക്കെല്ലാം കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്നു തെളിഞ്ഞിരുന്നു. പലരും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. സംസ്ഥാനത്തിന്റെ പുറത്തേക്ക് കടത്തപ്പെട്ട പെണ്‍കുട്ടികളില്‍ 85 ശതമാനം പേര്‍ക്കും പിന്നീടു വേശ്യാവൃത്തി തൊഴിലാക്കേണ്ടി വന്നിട്ടുണ്ടെന്നു ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ വക്താവ് പറയുന്നു.
ദാരിദ്ര്യം, അനാഥത്വം, പ്രണയപരാജയം, പരീക്ഷാതോല്‍വി, പരീക്ഷാഭയം തുടങ്ങിയവ കാരണം ഒളിച്ചോടുന്ന കുട്ടികൾ ഇതിനു പുറമെയാണ്. അതിപ്പോഴും തുടരുന്നു.
പ്രദീപ് ഗോപി