കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്ത് ഇടമലക്കുടിയിൽ പ്രവർത്തനം തുടങ്ങിയത് 2010 നവംബർ ഒന്നിനാണ്. 13 വർഷം പിന്നിടുന്പോഴും പഞ്ചായത്തിന് പരിമിതികൾ മാത്രം. തനതു ഫണ്ടില്ല, നയാപൈസ വരുമാനമില്ല, അടിസ്ഥാനസൗകര്യങ്ങളില്ല. പഞ്ചായത്തിന് ചെറിയൊരു കെട്ടിടവും പ്രൈമറി സ്കൂളും ഹെൽത്ത് സെന്ററും റേഷൻകടയും വനംഓഫീസും ഒഴികെ മറ്റൊരു സ്ഥാപനവുമില്ല.
ഗ്രാമം എന്നൊന്ന് ഇല്ലാത്ത ഈ വനം പഞ്ചായത്തിനെ ഗ്രാമപഞ്ചായത്ത് എന്നു വിശേഷിപ്പിക്കാനേ സാധിക്കില്ല. വനം പഞ്ചായത്തിലെ എല്ലാം മെംബർമാരും ഗോത്രവാസികൾ. ജനപ്രതിനിധികളിൽ പലർക്കും എഴുത്തും വായനയും അറിയില്ല. നിരക്ഷരയായ വനിതകൾ പഞ്ചായത്ത് പ്രസിഡന്റായതും ഇവിടെത്തന്നെ. സ്വന്തമായി ഒപ്പില്ലാത്തതിനാൽ വിരലടയാളം പതിപ്പിക്കുന്ന മെംബർമാർ പലരാണ്. ഒപ്പുവയ്ക്കാൻ മാത്രം പടംവര പഠിച്ചവരും ഇതിൽപ്പെടും.
പഞ്ചായത്തിന്റെ തുടക്കം മുതൽ ഭരണ ആസ്ഥാനം 40 കിലോമീറ്റർ അകലെ ദേവികുളത്താണ്. ഇവിടെനിന്നും ഉദ്യോഗസ്ഥരെത്തിയാണ് പഞ്ചായത്ത് സമിതി യോഗം ചേരുക. ഒരു ജീവനക്കാരൻപോലും ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനത്തിൽ താമസിക്കുന്നില്ല. താമസിക്കാൻ താൽപര്യവുമില്ല, സൗകര്യവുമില്ല.
500 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീടുകൾ ഒരാൾക്കിമില്ല. കൽഭിത്തിയിൽ മഞ്ഞുതേച്ച ഒരു മുറിയും അടുക്കളയും തിണ്ണയും. ഈ മണ്കൂരകൾ നിന്ന് വീട്ടുകരം പോലും ലഭിക്കാനില്ല. പഞ്ചായത്തിന് വാടക വരുമാനം ലഭിക്കാൻ ഒരു സ്വകാര്യ കെട്ടിടവുമില്ലാത്തതിനാൽ സർക്കാർ ഫണ്ടും ബജറ്റ് വിഹിതവും മാത്രമാണ് ഇടമലക്കുടി പഞ്ചായത്തിന്റെ കരുതൽ. കമ്മിറ്റി കൂടാൻ മാത്രം തുറക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടം കഴിഞ്ഞ ഏപ്രിലിൽ കാട്ടാന തകർക്കുകയും ചെയ്തു.
മൂന്നാറിൽനിന്ന് 36 കിലോമീറ്റർ വടക്കുമാറിയുള്ള ഈ ഗിരിവർഗ മേഖല മുൻപ് മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം വാർഡായിരുന്നു. ഒരു വാർഡ് പിൽക്കാലത്ത് മുതുവാൻമാർക്കു മാത്രമായുള്ള പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടു. മൂന്നറാൽ നിന്നും രാജമല, പുല്ലുമേട് എന്നിവിടങ്ങളിലൂടെ 15 കിലോമീറ്റർ കയറ്റം ജീപ്പ് യാത്ര ചെയ്തു പെട്ടിമുടിയിൽ വരെയെത്താം.
പിന്നീട് ചെങ്കുത്തായ, കയറ്റവും ഇറക്കവുമുള്ള ദുർഘട വനപാതകളിലൂടെ, ചോലകളും വിഴുക്കലുള്ള പാറകളിൽ ചവിട്ടി, ആനത്താരകൾ പിന്നിട്ടു കാൽനടയായി എട്ട്, പത്തു മണിക്കൂർ നടന്നുവേണം സൊസൈറ്റിക്കുടിയിലെത്താൻ. മിക്കപ്പോഴും വന്യമൃഗങ്ങൾ വഴിത്താരകളിലോ സമീപത്തോ ഉണ്ടാകും. മനുഷ്യരക്തം ഊറ്റിവലിക്കുന്ന അട്ടശല്യം രൂക്ഷം.
പഞ്ചായത്തിലെ 13 വാർഡുകളിലായി 656 വീടുകൾ. വോട്ടർമാർ 1412. പൊതുസാക്ഷരത 20 ശതമാനം. റോഡും വാഹനവും വൈദ്യുതിയും ലാൻഡ് ഫോണും അന്യമായ ഇടം. കാട്ടുചോലകളിലെ സമൃദ്ധി മിക്ക ഊരുകളിലും എട്ടു മാസമേയുണ്ടാകൂ. വേനലിൽ കുടിനീർക്ഷാമം രൂക്ഷമാണ്. മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കുന്ന പ്രദേശങ്ങൾ ഊരുകളിൽ നന്നേ കുറവാണ്. ചില മലഞ്ചരുവുകളിൽ തമിഴ്നാട്ടിലെ മൊബൈൽ ടവർവഴി പുറംലോകവുമായി ബന്ധപ്പെടാമെന്നു മാത്രം.