മലപ്പുറം : ഗാർഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കുന്ന സർക്കാർ സംരംഭമായ ഷെൽട്ടർ ഹോമിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വേതന വർധനവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഷെൽട്ടർ ഹോം ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് നടപടി. സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. ശന്പളവും വേതനവും ജീവനക്കാരുടെ അവകാശമാണെന്ന് ഉത്തരവിൽ പറഞ്ഞു. അത് നിഷേധിക്കുന്നതും വൈകിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. ഷെൽട്ടർ ഹോമിലെ ജീവനക്കാർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ രണ്ടുമാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം.
2022 ഏപ്രിൽ മുതൽ സംസ്ഥാന വനിത-ശിശുവികസന വകുപ്പ് നേരിട്ടാണ് ഷെൽട്ടർ ഹോമുകൾ നടത്തുന്നത്. വിവിധ ജില്ലകളിൽ ഷെൽട്ടർ ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്. അന്തേവാസികൾക്ക് സൗജന്യ ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, വൊക്കേഷണൽ ട്രെയിനിംഗ്, കൗണ്‍സലിംഗ്, കുട്ടികൾക്കുള്ള വിദ്യാഭ്യാസം എന്നിവ ഷെൽട്ടർ ഹോമിൽ നിന്ന് നൽകിവരുന്നുണ്ട്.
സൂപ്രണ്ട്, മാനേജർ, കൗണ്‍സിലർ, ഓഫീസ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പ്യൂണ്‍, കുക്ക്, വാച്ച് വുമണ്‍ എന്നീ തസ്തികകൾ നിലവിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനമാണ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. ശന്പളം നൽകിയിട്ട് ഒന്‍പത് മാസമായി.
മലപ്പുറം ജില്ലാ വനിതാ-ശിശു വികസന ഓഫീസറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022-23 ലെ ഒരു ക്വാർട്ടറിലുള്ള വർക്കിംഗ് ഫണ്ടും ഹോണറേറിയവും നൽകിയിട്ടുണ്ടെന്നും ബാക്കി മൂന്ന് ക്വാർട്ടറിലെ അലോട്ട്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് 2024 മാർച്ച് 22 നാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2024 - 25 ലെ പുതിയ അലോട്ട്മെന്റ് ലഭിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ തങ്ങൾക്ക് ലഭിക്കുന്ന വേതനം ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെക്കാൾ കുറവാണെന്ന് പരാതിക്കാർ അറിയിച്ചു. ഷെൽറ്റർ ഹോം ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് നടപടി.