ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നു പ്രഖ്യാപിച്ചേക്കും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഇന്നു വൈകുന്നേരം 4.15ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ എസ്ഐആർ സമയക്രമം പ്രഖ്യാപിക്കുമെന്നാണ് സൂചന.
രാജ്യവ്യാപക എസ്ഐആർ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കിയതായാണു വിവരം. എന്നാൽ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് എസ്ഐആർ നടപ്പാക്കിയേക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷന് കത്തയച്ചിരുന്നു.
എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കിയേക്കും. കേരളത്തിനുപുറമെ ആസാം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബർ ഒന്നുമുതൽ എസ്ഐആർ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Tags : SIR Election Commission Voters List