ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി ചേർക്കണോ എന്നതിൽ തീരുമാനമെടുക്കും.
അതേസമയം, മണ്ണിടിച്ചിലിന് കാരണം കണ്ടെത്താനുള്ള പരിശോധനകൾ ഇന്ന് തുടങ്ങും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് തയാറാക്കും. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുക.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ഇക്കാര്യത്തിലെ വസ്തുതകൾ അന്വേഷിക്കലാണ് പ്രത്യേക സംഘത്തിന്റെ പ്രധാന ദൗത്യം. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസം കൊണ്ട് സമഗ്ര റിപ്പോർട്ടും സമർപ്പിക്കാനാണ് കളക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്പള്ളിക്കുടിയിൽ ബിജു മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവിൽ ഇവർ ഐസിയുവിൽ തുടരുകയാണ്.
Tags : Adimaly Landslide Death