വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ ഉദ്ഘാടന തീയതിക്ക് ഔദ്യോഗിക തീരുമാനമായില്ല. സുരക്ഷാ ഭിത്തിയായ പുലിമുട്ട് നിർമാണത്തിനുള്ള കരിങ്കല്ല് നിക്ഷേപം കടലിൽ ആരംഭിച്ചു. അടുത്ത മാസം അഞ്ചിന് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടുള്ള ഉദ്ഘാടനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനെക്കുറിച്ചുള്ള യാതൊരറിയിപ്പും തുറമുഖ അധികൃതർക്ക് ലഭിച്ചില്ലെന്നാണറിവ്. സർക്കാരിന്റെ പ്രഖ്യാപനമുണ്ടാകുന്ന മുറക്ക് പുലിമുട്ട് നിർമാണം ലക്ഷ്യം വച്ച് പതിനായിരക്കണക്കിന് ടൺ കല്ല് ശേഖരിച്ച അധികൃതർ മൂന്ന് ബാർജുകളെയും സജ്ജമാക്കിയിരരുന്നു.
ഒന്നാം ഘട്ടം പൂർത്തിയാക്കി ഒരു വർഷം കഴിയുന്നതിനിടയിൽ നൂറ് കണക്കിന് ചരക്ക് കപ്പലുകൾ തുറമുഖത്ത് വന്ന് പോയെങ്കിലും രണ്ടാം ഘട്ടത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇതിനിടയിൽ പല പ്രാവശ്യം വകുപ്പ് മന്ത്രി തുറമുഖത്ത് എത്തി അവ ലോകനയോഗം നടത്തി മടങ്ങിയിരുന്നു. ഉദ്ഘാടനം അനന്തമായി നീളുന്നത് രണ്ടും മൂന്നും ഘട്ട നിർമ്മാണ പൂർത്തീകരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് പുലിമുട്ട് നിർമാണം ആരംഭിച്ചത്.
2015 ഡിസംബറിൽ തുടക്കം കുറിച്ച പദ്ധതിയാണ് പത്ത് വർഷം പൂർത്തിയാകുന്ന വേളയിലും ഒന്നാം ഘട്ടത്തിൽ തുടരുന്നത്. ഇനിയുള്ള ഒരു കിലോമീറ്റർ ദൂരം ഇരുപത് മീറ്റർ വരെ ആഴമുള്ള ഉൾക്കടൽ നികത്തി പുലിമുട്ട് നിർമ്മിക്കാൻ അൻപത് ലക്ഷത്തോളം ടൺ കരിങ്കല്ല് വേണമെന്നാണ് വിലയിരുത്തൽ. ഇത് പൂർത്തിയാക്കാനും വർഷങ്ങൾ വേണ്ടിവരും.
പുതിയതായി നിർമിക്കുന്നസുരക്ഷാ കവചമായ കടൽ ഭിത്തിയും വാർഫും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതോടെ പ്രതിവർഷം 40 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്ന വിലയിരുത്തലിലാണ് സർക്കാർ. അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ തുറമുഖത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം നടത്തണമെങ്കിൽ ഈ വർഷം അവസാനംവരെയോ അടുത്ത മാസം ആദ്യം വരെയോ കാത്തിരിക്കണം. നിലവിലെ സാഹചര്യത്തിൽ ഉദ്ഘാടനം നീണ്ടുപോയാലും നിർമാണത്തെ ബാധിക്കില്ലന്നും അധികൃതർ പറയുന്നു.
Tags : Vizhinjam Port Trivandrum