കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിൽ 2020-2021ൽ നടന്ന അനധികൃത ഈട്ടിമുറിയിൽ ആദിവാസികളും ചെറുകിട കർഷകരും അടക്കം റവന്യു പട്ടയം ഉടമകൾക്കെതിരായ കെഎൽസി(കേരള ലാൻഡ് കണ്സർവൻസി) നടപടി ഒഴിവാകില്ല. കെഎൽസി നടപടിയിൽ അപാകത പരിഹരിച്ച് അപ്പീൽ സമർപ്പിക്കുന്നതിന് മാനന്തവാടി ആർഡിഒ 29 ഭൂവുടമകൾക്ക് നോട്ടീസ് അയച്ചു. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് ആദിവാസികൾക്കും കർഷകർക്കുമെതിരേ കെഎൽസി നടപടികൾ ഉണ്ടാകില്ലെന്ന് ഭരണപക്ഷത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. എന്നിരിക്കേ ആർഡിഒയുടെ നോട്ടീസ് ലഭിച്ചവർ അങ്കലാപ്പിലാണ്.
കെഎൽസി നടപടികൾ ഒഴിവാക്കുന്നതിന് പട്ടയം ഉടമകൾ ആർഡിഒയുടെ കാര്യാലയത്തിൽ വെവ്വേറെ അപ്പീൽ സമർപ്പിച്ചിരുന്നു. ഈ അപ്പീലുകൾ അപാകതകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കുന്നതിന് ആർഡിഒ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ മുഖേന കക്ഷികൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ നടപടികൾ ഒഴിവാകുമെന്ന വിശ്വാസത്തിൽ പട്ടയം ഉടമകൾ കുറ്റം തീർത്ത് അപ്പീൽ സമർപ്പിച്ചിരുന്നില്ല.
അപാകത പരിഹരിച്ച അപ്പീൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് ഭൂവുടമകൾക്ക് ലഭിച്ച നോട്ടീസിൽ. അല്ലാത്തപക്ഷം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. അപ്പീൽ സമർപ്പണത്തിന് ഇനി അവസരം ഉണ്ടാകില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബർ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃത ഈട്ടിമുറി നടന്നത്.
മുറിക്കാൻ സർക്കാർ അനുമതിയുണ്ടെന്നു തെറ്റിധരിപ്പിച്ചാണ് കച്ചവടക്കാർ കർഷകരിൽനിന്നു ഈട്ടികൾ വിലയ്ക്കുവാങ്ങിയത്. കച്ചവടക്കാരുടെ വാക്ക് വിശ്വസിച്ച് മരങ്ങൾ നിസാര വിലയ്ക്ക് വിറ്റവരാണ് കെണിയിലായത്. പലരും ദൈനംദിന ജീവിതത്തിനു ബുദ്ധിമുട്ടുന്നതിനിടെയാണ് കെഎൽസി നടപടികൾ നേരിടേണ്ട സാഹചര്യം.
നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെഎൽസി നടപടിക്കു വിട്ടത്. ഇതിൽ 37 എണ്ണത്തിൽ 8.29 കോടി രൂപ പിഴ കണക്കാക്കിയിരുന്നു. ഈ കേസുകളിൽ ഉൾപ്പെട്ടവരാണ് ഇപ്പോൾ നോട്ടീസ് ലഭിച്ച പട്ടയം ഉടമകൾ. 2021 ഫെബ്രുവരിയിൽ ആരംഭിച്ചതാണ് കെഎൽസി നടപടികൾ. മന്ത്രിസഭാ തീരുമാനത്തിനു വിധേയമായി ലാൻഡ് റവന്യു കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ കെഎൽസി നടപടികൾ ഒഴിവാകൂവെന്നാണ് നിയമരംഗത്തുള്ളവരുടെ അഭിപ്രായം.
സർക്കാർ നീക്കം അനുവദിക്കില്ല: എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് റവന്യു പട്ടയം ഉടമകളിൽനിന്നു വലിയ തുക പിഴ ഇടാക്കാനുള്ള സർക്കാർ നീക്കം കോണ്ഗ്രസ് അനുവദിക്കില്ലെന്ന് എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു. ഭൂവുടമകളെ തെറ്റിധരിപ്പിച്ച് നിസാരവിലയ്ക്ക് ഈട്ടികൾ വിലയ്ക്കുവാങ്ങി മുറിച്ചവർക്കാണ് പിഴ ചുമത്തേണ്ടത്.
സർക്കാർ പുറത്തിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിയമവിരുദ്ധ ഈട്ടിമുറി നടന്നത്. 1964ൽ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം അനുവദിച്ചതാണ് റവന്യു പട്ടയങ്ങൾ. ഭൂമിയിലെ ഈട്ടി, ചന്ദനം, തേക്ക്, കരിമരം എന്നിവയുടെ സംരക്ഷണച്ചുമതല കൈവശക്കാരനിൽ നിക്ഷിപ്തമാക്കിയാണ് പട്ടയം നൽകിയത്.
സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് ഉണ്ടായ വീഴ്ച മുതലാക്കി ചിലർ നടത്തിയ കൊള്ളയാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത്. ആദിവാസികൾക്കും കർഷകർക്കും എതിരായ കെഎൽസി നടപടികൾക്കു നീതീകരണമില്ലെന്നും അപ്പച്ചൻ പറഞ്ഞു.