പാലക്കാട്: ഒമ്പതുവയസുകാരിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. ജൂനിയര്‍ റസിഡന്റ് ഡോക്ടർ മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടർ സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഡിഎംഒ നല്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി.
കൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായതു ജില്ലാ ആശുപത്രിയിൽനിന്നു പ്ലാസ്റ്റർ ഇട്ടതുകൊണ്ടല്ലെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. അപൂർവമായി സംഭവിക്കാവുന്ന കോംപ്ലിക്കേഷൻ മൂലമാണു കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നാണു വിശദീകരണം. ആശുപത്രിരേഖകൾ പ്രകാരം, നൽകാവുന്ന എല്ലാ ചികിത്സയും കുട്ടിക്കു നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ അറിയിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24നു കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് -പ്രസീത ദമ്പതികളുടെ മകളായ നാലാം ക്ലാസ് വിദ്യാര്‍ഥിനി വിനോദിനിയുടെ കൈയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്.
പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് കൈക്ക് പ്ലാസ്റ്റര്‍ ഇട്ട് പറഞ്ഞയച്ചു. ദിവസങ്ങള്‍ കഴിഞ്ഞതും പരിക്ക് പഴുത്ത് ദുര്‍ഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇവിടെവച്ച് കുട്ടിയുടെ കൈയുടെ ഭാഗം ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റുകയായിരുന്നു.
Tags : kozhikodemedicalcollege handamputation doctors kerala keralagovernment