ചാത്തന്നൂർ: വനമേഖലയിൽ നിന്നും വിദൂരമായ ചാത്തന്നൂരിൽ പുലിയെ കണ്ടതായി വാർത്ത പരന്നു.അഞ്ചലിൽ നിന്നും വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വൈകുന്നേരം ചാത്തന്നൂരിൽ എത്തി തെരച്ചിൽ നടത്തി.
കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഒരു കുപ്പിവെള്ള സ്ഥാപനത്തിലെ ജീവനക്കാരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ചാത്തന്നൂർ താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിന് സമീപവും പിന്നെ പോളച്ചിറ ഭാഗത്തും ഇതിനെ കണ്ടതായി പറയുന്നു. വിവരമറിഞ്ഞ് ഇന്നലെ അഞ്ചലിൽ നിന്നും വനം -വന്യജീവി സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ എത്തുകയായിരുന്നു.
പുലിയെ കണ്ടു എന്ന് പറയുന്ന ഭാഗത്തെ കാൽപ്പാടുകൾ പരിശോധിച്ച സംഘം വിളപ്പുറം, പോളച്ചിറ, നെടുങ്ങോലം കോട്ടേക്കുന്നിൽ ഭാഗത്ത് പരിശോധന നടത്തി. കാൽപ്പാദത്തിന്റെ അടയാളത്തിൽ പുലിയല്ല കാട്ടുപൂച്ചയാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് വനം വകുപ്പ്.
ചാത്തന്നൂർ പ്രദേശത്ത് മുമ്പും വന്യജീവികളെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു.
അന്നും വനം വകുപ്പ് പരിശോധന നടത്തി ഇവയെ പിടികൂടാൻ ശ്രമിച്ചിരുന്നു. വന്യമൃഗങ്ങൾ ഇത്തിക്കരയാറ്റിലൂടെ ഒഴുകി എത്തി കരയ്ക്ക് കയറുന്നതായാണ് നിഗമനം. നാട്ടുകാർ ഭീതിയിലാണ്.
Tags : Leopard