കൊല്ലം: പാർട്ടിയിൽ നിന്ന് ആരും പോയിട്ടില്ലെന്ന് സിപിഐ ജില്ലാസെക്രട്ടറി പറഞ്ഞത് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ച് കുണ്ടറയിൽ നിന്ന് രാജിവച്ചവർ സിപിഎമ്മിൽ ചേർന്നു. സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പത്രസമ്മേളനം നടത്തിയാണ് സി പി ഐ വിട്ടവർ സി പി എമ്മിൽ ചേർന്നതായി അറിയിച്ചത്.
ഉപരി കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും പറയുന്നത് കേൾക്കാൻ ജില്ലാ കമ്മിറ്റി തയാറാകുന്നില്ലെന്നാണ് മുൻ കുണ്ടറ മണ്ഡലം സെക്രട്ടറി റ്റി. സുരേഷ് കുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചത്.
പാർട്ടി ജില്ലാ സെക്രട്ടറിക്ക് ജനാധിപത്യ വിരുദ്ധ നിലാപാടാണ് ഉള്ളത്. ജില്ലാ സെക്രട്ടറി നടത്തുന്നത് കൂട്ട് കച്ചവടമാണ്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി കൂട്ടാക്കുന്നില്ല. സംസ്ഥാന നേതൃത്വം പറയുന്നത് പോലും കേൾക്കാൻ തയാറാവുന്നില്ലെന്നും ടി. സുരേഷ് കുമാർ പറഞ്ഞു.
എക്കാലവും ഭൂരിപക്ഷ തീരുമാന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമായി മണ്ഡലം കമ്മിറ്റി സ്രെകട്ടറിയെ തെരഞ്ഞെടുക്കാന്‍ യോഗം ചേർന്നപ്പോൾ 18 വര്‍ഷം മണ്ഡലം സെക്രട്ടറിയായിരുന്ന ആര്. സേതുനാഥിനെ വീണ്ടും സ്രെകട്ടറിയാക്കാന് ജില്ലാനേതൃത്വം വാശിപിടിച്ചെന്നാണ് രാജിവച്ചവർ ആരോപിക്കുന്നത്.
മൊത്തം 325 പേർ കുണ്ടറയിൽ പാർട്ടി വിട്ടെന്നാണ് ടി.സുരേഷ് കുമാർ പറഞ്ഞത്. സുരേഷ് കുമാറിനെ കൂടാതെ ജലജ ഗോപന്, സോണി വി. പള്ളം, ആര്.ശിവശങ്കരപിള്ള തുടങ്ങിയ നേതാക്കളാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.