പേരൂർക്കട: കനത്ത മഴയിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള വീട് ഏറെക്കുറെ പൂർണമായി ഇടിഞ്ഞു വീണതോടെ വയോധിക കാത്തിരിക്കുന്നത് അധികൃതരുടെ കാരുണ്യത്തിന് വേണ്ടി.
വട്ടിയൂർക്കാവ് കാഞ്ഞിരംപാറ തൊഴുവൻകോട് കൊഴക്കാട്ടുകോണം പുത്തൻവീട്ടിൽ സാവിത്രി (84) യാണ് വീട് പുനർനിർമാണത്തിനും സഹായത്തിനുമായി പരാതി നൽകി കാത്തിരിക്കുന്നത്. കട്ടകൊണ്ട് കെട്ടിയതും ആസ്ബസ്റ്റോസ് ഷീറ്റ് പാകിയതുമായിരുന്നു സാവിത്രിയുടെ വീട്.
ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചു. ഏക മകൻ വീടുവിട്ടുപോയി. ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല. മതിലിനോട് ചേർന്ന ഭാഗത്തെ മുറിയിലാണ് സാവിത്രി അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കട്ടകൾ ഇടിഞ്ഞു വീണപ്പോൾ സാവിത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ തകർന്ന മേൽക്കൂര ഒരുവിധം പുനസ്ഥാപിച്ചു.
തന്റെ ദുരവസ്ഥ വ്യക്തമാക്കി കൊണ്ട് സാവിത്രി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. കുറച്ചുനാൾ മുമ്പ് സ്ട്രോക്ക് വന്നതോടെ പരസഹായം കൂടാതെ നടക്കാൻ സാവിത്രിക്ക് വളരെ ബുദ്ധിമുട്ടാണ്. വീട് പരിപൂർണമായി തകർന്നു വീഴുന്നതിനു മുമ്പ് അധികൃതരിൽ നിന്നും അടിയന്തര സഹായം ആശിക്കുകയാണ് ഈ വയോധിക.
Tags : Rain