കൊച്ചി: രാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഗതാഗത നിയന്ത്രണവും, ഡ്രോണ്‍ നിയന്ത്രണവും ഉണ്ടായിരിക്കും. വാഹനങ്ങള്‍ താഴെ പറയുന്ന രീതിയില്‍ വഴിതിരിഞ്ഞു പോകേണ്ടതാണ്:
ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നര്‍ റോഡ്, ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തു തിരിഞ്ഞ് അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍, വൈറ്റില, കടവന്ത്ര ജംഗ്ഷനുകൾ പിന്നിട്ട് കെകെ റോഡിലൂടെ കലൂര്‍ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോര്‍ട്ട്-കണ്ടെയ്നര്‍ റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജംങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം.
തേവര ഫെറി ഭാഗത്തുനിന്നും കലൂര്‍ ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന് റോഡിലൂടെ മട്ടമ്മല്‍ ജംഗ്ഷൻ, പനമ്പിള്ളി നഗര്‍ വഴി മനോരമ ജംഗ്ഷനില്‍ നിന്നും വലത്തു തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂര്‍ ജംഗഷനിലേക്ക് പോകേണ്ടതാണ്.
വൈപ്പിന്‍ ഭാഗത്തുനിന്നും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കലൂര്‍ ജംഗ്ഷനിലെത്തി കെ.കെ. റോഡിലൂടെ കടവന്ത്ര ജംഗ്ഷനും സഹോദരന് അയ്യപ്പന് റോഡിലൂടെ വൈറ്റിലയും പിന്നിട്ട് കുണ്ടന്നൂര്‍ പാലം വഴി പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജംങ്കാര്‍ സര്‍വീസ് ഉപയോഗിക്കേണ്ടതാണ്.
വിവിഐപി വാഹന വ്യൂഹം കടന്നു പോകുന്ന വഴിയില്‍ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും വിവിഐപി സന്ദര്‍ശനം ഉളളതിനാല്‍ കൊച്ചി സിറ്റി പരിധിയില്‍ ഇന്ന് സമ്പൂര്‍ണ ഡ്രോണ്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
Tags : Kerala Police Traffic