District News
കോട്ടയം: നഗരത്തില്‍ നടപ്പാക്കിയ ഗതാഗതപരിഷ്കാരം പാളിയതായും കുരുക്ക് രൂക്ഷമായതായും ആക്ഷേപം. കുരുക്ക് ഒഴിവാക്കുന്നതിനായി കുമരകം ഭാഗത്തുനിന്നു സിഎംഎസ് കോളജ് റോഡില്കൂടിയെത്തുന്ന സ്വകാര്യബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ കടന്ന് ശാസ്ത്രിറോഡില്‍ നിര്‍ത്തി ആളെയിറക്കി, കുര്യന് ഉതുപ്പ് റോഡുവഴി നാഗമ്പടത്ത് എത്തുന്ന രീതിയിലാണു പരിഷ്കാരം നടപ്പാക്കിയത്. പോലീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്കാരം ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുന്നതെന്ന് ഒരു വിഭാഗം ബസുടമകളും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
കോളജ് റോഡില്‍ കൂടിയെത്തുന്ന ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലില്‍ കാത്തുകിടക്കേണ്ടി വന്നതോടെ കുരുക്ക് വര്‍ധിച്ചു. ബസുകള്‍ ട്രാഫിക് സിഗ്നല്കടന്ന് ആകാശപാതയ്ക്കു മുന്നിലെത്തി ശാസ്ത്രി റോഡിലേ ഇറക്കം ഇറങ്ങുന്നതോടെ ഇവിടെയും കുരുക്കായി. ഈ സമയത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു വന്നു ശാസ്ത്രി റോഡിലൂടെ പോകേണ്ട വാഹനങ്ങളും സുഗമമായി കടന്നുപോകാന്‍ സാധിക്കാതെ കുരുക്കിലാകും. ബേക്കര്‍ ജംഗ്ഷന് ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കുരുക്കിലാകും.
ശാസ്ത്രി റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിലവില്‍ നല്ല തിരക്കാണ്. ഇപ്പോള്‍ കുമരകം ബസുകള്‍കൂടി എത്തിയതോടെ തിരക്ക് കൂടി. ബസുകള്‍ നിര്‍ത്താന്‍പോലും സ്ഥലമില്ലാതായി. ബസുകള്‍ ശാസ്ത്രി റോഡില്‍നിന്നും കുര്യന് ഉതുപ്പ് റോഡിലേക്ക് തിരിയുന്നിടത്തും നാഗമ്പടത്തെത്തി ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്നിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി.
പുതിയ പരിഷ്കാരത്തില്‍ ബസുകള്‍ നാഗമ്പടം സ്റ്റാന്ഡിലെത്തുമ്പോള് ഇരട്ടിയിലധികം സമയമാണ് എടുക്കുന്നത്. ഇപ്പോള്‍ കുമരകം, ചേര്‍ത്തല ഭാഗത്തുനിന്നു വരുന്ന രോഗികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്.
പുതിയ പരിഷ്കാരം ഗതാഗതക്കുരുക്കു വര്‍ധിപ്പിച്ചെന്നും ഇതു നടപ്പാക്കിയവരുടെ അജ്ഞതയാണിതിനു കാരണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാനപ്രസിഡന്റ് ജോയി ചെട്ടിശേരി ആരോപിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നാഗമ്പടം സ്റ്റാന്‍ഡില്‍ അപകടമരണങ്ങള്‍ സംഭവിക്കുകയും ഗതാഗതം താറുമാറാകുകയും ചെയ്ത അവസരത്തില്‍ ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് ആര്‍ടിഎ ബോര്‍ഡ് നിലവിലുള്ള സംവിധാനം നടപ്പിലാക്കിയത്. ഗതാഗത പരിഷ്കാരം ഉടന്‍ പിന്‍വലിച്ച്, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് ആവശ്യപ്പെട്ടു.
District News
കണ്ണൂർ നഗരത്തിലെ തിരക്കേറിയ മേഖലകളിൽ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്കരണം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നു. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളും വൺവേ സംവിധാനങ്ങളും കർശനമാക്കിയതോടെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ സുഗമമായതായി വാഹനയാത്രികരും കാൽനടയാത്രക്കാരും അഭിപ്രായപ്പെടുന്നു.
ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നഗരഹൃദയത്തിൽ നേരത്തെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പതിവായിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൂടുതൽ ട്രാഫിക് പോലീസിനെയും ഹോം ഗാർഡുകളെയും വിന്യസിക്കുകയും, തിരക്ക് നിയന്ത്രിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഈ മാറ്റത്തിന് പ്രധാന കാരണമായി.
ഈ ഗതാഗത പരിഷ്കരണം വിജയകരമാക്കാൻ എല്ലാ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.